അപ്പൊ. പ്രവൃത്തികൾ 15:22-35

അപ്പൊ. പ്രവൃത്തികൾ 15:22-35 MALOVBSI

അപ്പോൾ തങ്ങളിൽ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു പൗലൊസിനോടും ബർന്നബാസിനോടുംകൂടെ അന്ത്യൊക്യയിലേക്ക് അയയ്ക്കേണം എന്ന് അപ്പൊസ്തലന്മാരും മൂപ്പന്മാരും സർവസഭയും നിർണയിച്ചു, സഹോദരന്മാരിൽ പ്രമാണപ്പെട്ട പുരുഷന്മാരായ ബർശബാസ് എന്ന യൂദായെയും ശീലാസിനെയും നിയോഗിച്ചു. അവരുടെ കൈവശം എഴുതി അയച്ചതെന്തെന്നാൽ: അപ്പൊസ്തലന്മാരും മൂപ്പന്മാരായ സഹോദരന്മാരും, അന്ത്യൊക്യയിലും സുറിയയിലും കിലിക്യയിലും ജാതികളിൽനിന്നു ചേർന്ന സഹോദരന്മാർക്കു വന്ദനം. ഞങ്ങൾ കല്പന കൊടുക്കാതെ ചിലർ ഞങ്ങളുടെ ഇടയിൽനിന്നു പുറപ്പെട്ടു നിങ്ങളെ വാക്കുകളാൽ ഭ്രമിപ്പിച്ചു നിങ്ങളുടെ ഹൃദയങ്ങളെ കലക്കിക്കളഞ്ഞു എന്നു കേൾക്കകൊണ്ടു ഞങ്ങൾ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിനുവേണ്ടി പ്രാണത്യാഗം ചെയ്തവരായ നമ്മുടെ പ്രിയ ബർന്നബാസോടും പൗലൊസോടും കൂടെ നിങ്ങളുടെ അടുക്കൽ അയയ്ക്കേണം എന്ന് ഞങ്ങൾ ഒരുമനപ്പെട്ടു നിശ്ചയിച്ചു. ആകയാൽ ഞങ്ങൾ യൂദായെയും ശീലാസിനെയും അയച്ചിരിക്കുന്നു; അവർ വാമൊഴിയായും ഇതുതന്നെ അറിയിക്കും. വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തത്, പരസംഗം എന്നിവ വർജിക്കുന്നത് ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെമേൽ ചുമത്തരുത് എന്ന് പരിശുദ്ധാത്മാവിനും ഞങ്ങൾക്കും തോന്നിയിരിക്കുന്നു. ഇവ വർജിച്ചു സൂക്ഷിച്ചുകൊണ്ടാൽ നന്ന്; ശുഭമായിരിപ്പിൻ. അങ്ങനെ അവർ വിടവാങ്ങി അന്ത്യൊക്യയിൽ ചെന്നു ജനസമൂഹത്തെ കൂട്ടിവരുത്തി ലേഖനം കൊടുത്തു. അവർ ഈ ആശ്വാസവചനം വായിച്ചു സന്തോഷിച്ചു. യൂദായും ശീലാസും പ്രവാചകന്മാർ ആകകൊണ്ട് പല വചനങ്ങളാലും സഹോദരന്മാരെ പ്രബോധിപ്പിച്ച് ഉറപ്പിച്ചു. കുറെനാൾ താമസിച്ചശേഷം സഹോദരന്മാർ അവരെ അയച്ചവരുടെ അടുക്കലേക്കു സമാധാനത്തോടെ പറഞ്ഞയച്ചു. എന്നാൽ പൗലൊസും ബർന്നബാസും അന്ത്യൊക്യയിൽ പാർത്തു മറ്റു പലരോടും കൂടി കർത്താവിന്റെ വചനം ഉപദേശിച്ചും സുവിശേഷിച്ചുംകൊണ്ടിരുന്നു. കുറെനാൾ കഴിഞ്ഞിട്ടു പൗലൊസ് ബർന്നബാസിനോട്: നാം കർത്താവിന്റെ വചനം അറിയിച്ച പട്ടണംതോറും പിന്നെയും ചെന്നു സഹോദരന്മാർ എങ്ങനെയിരിക്കുന്നു എന്ന് നോക്കുക എന്നു പറഞ്ഞു.