അപ്പൊ. പ്രവൃത്തികൾ 1:1-11

അപ്പൊ. പ്രവൃത്തികൾ 1:1-11 MALOVBSI

തെയോഫിലൊസേ, ഞാൻ എഴുതിയ ഒന്നാമത്തെ ചരിത്രം യേശു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാർക്കു പരിശുദ്ധാത്മാവിനാൽ കല്പന കൊടുത്തിട്ട് ആരോഹണം ചെയ്ത നാൾവരെ അവൻ ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയുംകുറിച്ച് ആയിരുന്നുവല്ലോ. അവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊണ്ട് താൻ ജീവിച്ചിരിക്കുന്നു എന്ന് അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്കു കാണിച്ചുകൊടുത്തു. അങ്ങനെ അവൻ അവരുമായി കൂടിയിരിക്കുമ്പോൾ അവരോട്: നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം; യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പേ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു. ഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോട്: കർത്താവേ, നീ യിസ്രായേലിന് ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നത് എന്നു ചോദിച്ചു. അവൻ അവരോട്: പിതാവ് തന്റെ സ്വന്ത അധികാരത്തിൽ വച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളെയോ അറിയുന്നത് നിങ്ങൾക്കുള്ളതല്ല. എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു. ഇതു പറഞ്ഞശേഷം അവർ കാൺകെ അവൻ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടിയിട്ട് അവൻ അവരുടെ കാഴ്ചയ്ക്കു മറഞ്ഞു. അവൻ പോകുന്നേരം അവർ ആകാശത്തിലേക്ക് ഉറ്റുനോക്കുമ്പോൾ വെള്ളവസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അവരുടെ അടുക്കൽ നിന്നു: ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനില്ക്കുന്നത് എന്ത്? നിങ്ങളെ വിട്ടു സ്വർഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെതന്നെ അവൻ വീണ്ടും വരും എന്നു പറഞ്ഞു.