2 ശമൂവേൽ 6:1-11

2 ശമൂവേൽ 6:1-11 MALOVBSI

അനന്തരം ദാവീദ് യിസ്രായേലിൽനിന്നു സകല വിരുതന്മാരുമായി മുപ്പതിനായിരം പേരെ കൂട്ടിവരുത്തി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവ എന്ന നാമത്താൽ വിളിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ പെട്ടകം ബാലേ-യെഹൂദായിൽനിന്നു കൊണ്ടുവരേണ്ടതിനു ദാവീദും കൂടെയുള്ള സകല ജനവും അവിടേക്കു പുറപ്പെട്ടുപോയി. അവർ ദൈവത്തിന്റെ പെട്ടകം ഒരു പുതിയ വണ്ടിയിൽ കയറ്റി, കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടിൽനിന്നു കൊണ്ടുവന്നു; അബീനാദാബിന്റെ പുത്രന്മാരായ ഉസ്സയും അഹ്യോവും ആ പുതിയ വണ്ടി തെളിച്ചു. കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടിൽനിന്ന് അവർ അതിനെ ദൈവത്തിന്റെ പെട്ടകവുമായി കൊണ്ടുപോരുമ്പോൾ അഹ്യോ പെട്ടകത്തിനു മുമ്പായി നടന്നു. ദാവീദും യിസ്രായേൽഗൃഹമൊക്കെയും സരളമരംകൊണ്ടുള്ള സകലവിധ വാദിത്രങ്ങളോടും കിന്നരം, വീണ, തപ്പ്, മുരജം, കൈത്താളം എന്നിവയോടുംകൂടെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തു. അവർ നാഖോന്റെ കളത്തിങ്കൽ എത്തിയപ്പോൾ കാള വിരണ്ടതുകൊണ്ട് ഉസ്സ കൈ നീട്ടി ദൈവത്തിന്റെ പെട്ടകം പിടിച്ചു. അപ്പോൾ യഹോവയുടെ കോപം ഉസ്സയുടെ നേരേ ജ്വലിച്ചു; അവന്റെ അവിവേകം നിമിത്തം ദൈവം അവിടെവച്ച് അവനെ സംഹരിച്ചു; അവൻ അവിടെ ദൈവത്തിന്റെ പെട്ടകത്തിന്റെ അടുക്കൽവച്ചു മരിച്ചു. യഹോവ ഉസ്സയെ ഛേദിച്ച ഛേദംനിമിത്തം ദാവീദിനു വ്യസനമായി അവൻ ആ സ്ഥലത്തിനു പേരെസ്-ഉസ്സ എന്നു പേർ വിളിച്ചു. അത് ഇന്നുവരെയും പറഞ്ഞുവരുന്നു. അന്നു ദാവീദ് യഹോവയെ ഭയപ്പെട്ടുപോയി. യഹോവയുടെ പെട്ടകം എന്റെ അടുക്കൽ എങ്ങനെ കൊണ്ടുവരേണ്ടൂ എന്ന് അവൻ പറഞ്ഞു. ഇങ്ങനെ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ തന്റെ അടുക്കൽ വരുത്തുവാൻ മനസ്സില്ലാതെ ദാവീദ് അതിനെ ഗിത്യനായ ഓബേദ്-എദോമിന്റെ വീട്ടിൽ കൊണ്ടുപോയി വച്ചു. യഹോവയുടെ പെട്ടകം ഗിത്യനായ ഓബേദ്-എദോമിന്റെ വീട്ടിൽ മൂന്നു മാസം ഇരുന്നു; യഹോവ ഓബേദ്-എദോമിനെയും അവന്റെ കുടുംബത്തെയൊക്കെയും അനുഗ്രഹിച്ചു.