2 ശമൂവേൽ 4
4
1അബ്നേർ ഹെബ്രോനിൽവച്ചു മരിച്ചുപോയത് ശൗലിന്റെ മകൻ കേട്ടപ്പോൾ അവന്റെ ധൈര്യം ക്ഷയിച്ചു യിസ്രായേല്യരൊക്കെയും ഭ്രമിച്ചുപോയി. 2എന്നാൽ ശൗലിന്റെ മകനു പടനായകന്മാരായ രണ്ടു പുരുഷന്മാരുണ്ടായിരുന്നു; ഒരുത്തനു ബാനാ എന്നും മറ്റവനു രേഖാബ് എന്നും പേർ. അവർ ബെന്യാമീന്യരിൽ ബെരോത്യനായ രിമ്മോന്റെ പുത്രന്മാർ ആയിരുന്നു; ബെരോത്ത് ബെന്യാമീനിൽ ഉൾപ്പെട്ടതായി വിചാരിച്ചുവരുന്നു. 3ബെരോത്യർ ഗിത്ഥയീമിലേക്ക് ഓടിപ്പോയി, ഇന്നുവരെയും അവിടെ പരദേശികളായി പാർക്കുന്നു.
4ശൗലിന്റെ മകനായ യോനാഥാനു രണ്ടു കാലും മുടന്തായിട്ട് ഒരു മകൻ ഉണ്ടായിരുന്നു; യിസ്രെയേലിൽനിന്നു ശൗലിന്റെയും യോനാഥാന്റെയും വർത്തമാനം എത്തിയ സമയം അവന് അഞ്ചു വയസ്സായിരുന്നു. അപ്പോൾ അവന്റെ ധാത്രി അവനെ എടുത്തുകൊണ്ട് ഓടി; അവൾ ബദ്ധപ്പെട്ട് ഓടുമ്പോൾ അവൻ വീണു മുടന്തനായിപ്പോയി. അവനു മെഫീബോശെത്ത് എന്നു പേർ.
5ബെരോത്യൻ രിമ്മോന്റെ പുത്രന്മാരായ രേഖാബും ബാനായും വെയിൽ മൂത്തപ്പോഴേക്ക് ഈശ്-ബോശെത്തിന്റെ വീട്ടിൽ ചെന്നെത്തി; അവൻ ഉച്ചസമയത്ത് ആശ്വസിച്ചു കിടക്കുകയായിരുന്നു. 6അവർ കോതമ്പ് എടുപ്പാൻ വരുന്ന ഭാവത്തിൽ വീട്ടിന്റെ നടുവിൽ കടന്ന് അവനെ വയറ്റത്തു കുത്തി; രേഖാബും സഹോദരനായ ബാനായും ഓടിപ്പൊയ്ക്കളഞ്ഞു. 7അവർ അകത്തു കടന്നപ്പോൾ അവൻ ശയനഗൃഹത്തിൽ കട്ടിലിന്മേൽ കിടക്കുകയായിരുന്നു; ഇങ്ങനെ അവർ അവനെ കുത്തിക്കൊന്നു തല വെട്ടിക്കളഞ്ഞു തലയും എടുത്തു രാത്രി മുഴുവനും അരാബായിൽക്കൂടി നടന്നു 8ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ഈശ്-ബോശെത്തിന്റെ തല കൊണ്ടുവന്ന് രാജാവിനോട്: നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കിയ നിന്റെ ശത്രുവായ ശൗലിന്റെ മകൻ ഈശ്-ബോശെത്തിന്റെ തല ഇതാ; ഇന്ന് യജമാനനായ രാജാവിനുവേണ്ടി ശൗലിനോടും അവന്റെ സന്തതിയോടും യഹോവ പ്രതികാരം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. 9എന്നാറെ ദാവീദ് ബെരോത്യനായ രിമ്മോന്റെ പുത്രന്മാരായ രേഖാബിനോടും അവന്റെ സഹോദരൻ ബാനായോടും ഉത്തരം പറഞ്ഞത്: എന്റെ പ്രാണനെ സകല ആപത്തിൽനിന്നും വീണ്ടെടുത്ത യഹോവയാണ, 10ശൗൽ മരിച്ചുപോയി എന്ന് ഒരുത്തൻ എന്നെ അറിയിച്ച് താൻ ശുഭവർത്തമാനം കൊണ്ടുവന്നു എന്നു വിചാരിച്ചിരിക്കുമ്പോൾ ഞാൻ അവനെ പിടിച്ച് സിക്ലാഗിൽവച്ചു കൊന്നു. ഇതായിരുന്നു ഞാൻ അവന്റെ വർത്തമാനത്തിനുവേണ്ടി അവനു കൊടുത്ത പ്രതിഫലം. 11എന്നാൽ ദുഷ്ടന്മാർ ഒരു നീതിമാനെ അവന്റെ വീട്ടിൽ മെത്തയിൽവച്ചു കൊലചെയ്താൽ എത്ര അധികം? ഞാൻ അവന്റെ രക്തം നിങ്ങളോടു ചോദിച്ചു നിങ്ങളെ ഭൂമിയിൽനിന്നു ഛേദിച്ചുകളയാതിരിക്കുമോ? 12പിന്നെ ദാവീദ് തന്റെ ബാല്യക്കാർക്കു കല്പന കൊടുത്തു; അവർ അവരെ കൊന്ന് അവരുടെ കൈകാലുകൾ വെട്ടി അവരെ ഹെബ്രോനിലെ കുളത്തിനരികെ തൂക്കിക്കളഞ്ഞു. ഈശ്-ബോശെത്തിന്റെ തല അവർ എടുത്ത് ഹെബ്രോനിൽ അബ്നേരിന്റെ ശവക്കുഴിയിൽ അടക്കംചെയ്തു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 ശമൂവേൽ 4: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.