2 ശമൂവേൽ 12

12
1അനന്തരം യഹോവ നാഥാനെ ദാവീദിന്റെ അടുക്കൽ അയച്ചു. അവൻ അവന്റെ അടുക്കൽ ചെന്ന് അവനോടു പറഞ്ഞത്: ഒരു പട്ടണത്തിൽ രണ്ടു പുരുഷന്മാർ ഉണ്ടായിരുന്നു; ഒരുത്തൻ ധനവാൻ, മറ്റവൻ ദരിദ്രൻ. 2ധനവാന് ആടുമാടുകൾ അനവധി ഉണ്ടായിരുന്നു. 3ദരിദ്രനോ താൻ വിലയ്ക്കു വാങ്ങി വളർത്തിയ ഒരു പെൺകുഞ്ഞാടല്ലാതെ ഒന്നും ഇല്ലായിരുന്നു; അത് അവന്റെ അടുക്കലും അവന്റെ മക്കളുടെ അടുക്കലും വളർന്നുവന്നു; അത് അവൻ തിന്നുന്നതിൽ ഓഹരി തിന്നുകയും അവൻ കുടിക്കുന്നതിൽ ഓഹരി കുടിക്കയും അവന്റെ മടിയിൽ കിടക്കയും ചെയ്തു; അവന് ഒരു മകളെപ്പോലെയും ആയിരുന്നു. 4ധനവാന്റെ അടുക്കൽ ഒരു വഴിയാത്രക്കാരൻ വന്നു; തന്റെ അടുക്കൽ വന്ന വഴിപോക്കനുവേണ്ടി പാകം ചെയ്‍വാൻ സ്വന്തആടുമാടുകളിൽ ഒന്നിനെ എടുപ്പാൻ മനസ്സാകാതെ, അവൻ ആ ദരിദ്രന്റെ കുഞ്ഞാടിനെ പിടിച്ചു തന്റെ അടുക്കൽ വന്ന ആൾക്കുവേണ്ടി പാകം ചെയ്തു. 5അപ്പോൾ ദാവീദിന്റെ കോപം ആ മനുഷ്യന്റെ നേരേ ഏറ്റവും ജ്വലിച്ചു; അവൻ നാഥാനോട്: യഹോവയാണ, ഇതു ചെയ്തവൻ മരണയോഗ്യൻ. 6അവൻ കനിവില്ലാതെ ഈ കാര്യം പ്രവർത്തിച്ചതുകൊണ്ട് ആ ആടിനുവേണ്ടി നാലിരട്ടി പകരം കൊടുക്കേണം എന്നു പറഞ്ഞു.
7നാഥാൻ ദാവീദിനോടു പറഞ്ഞത്: ആ മനുഷ്യൻ നീ തന്നെ, യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ യിസ്രായേലിനു രാജാവായിട്ട് അഭിഷേകം ചെയ്തു, നിന്നെ ശൗലിന്റെ കൈയിൽനിന്നു വിടുവിച്ചു. 8ഞാൻ നിനക്കു നിന്റെ യജമാനന്റെ ഗൃഹത്തെയും നിന്റെ മാർവിടത്തിലേക്കു നിന്റെ യജമാനന്റെ ഭാര്യമാരെയും തന്നു; യിസ്രായേൽഗൃഹത്തെയും യെഹൂദാഗൃഹത്തെയും നിനക്കു തന്നു; പോരായെങ്കിൽ ഇന്നിന്നതുംകൂടെ ഞാൻ നിനക്കു തരുമായിരുന്നു. 9നീ യഹോവയുടെ കല്പന നിരസിച്ച് അവന് അനിഷ്ടമായുള്ളതു ചെയ്തത് എന്തിന്? ഹിത്യനായ ഊരീയാവെ വാൾകൊണ്ടു വെട്ടി അവന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ട് എടുത്തു. അവനെ അമ്മോന്യരുടെ വാൾകൊണ്ടു കൊല്ലിച്ചു. 10നീ എന്നെ നിരസിച്ചു ഹിത്യനായ ഊരീയാവിന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ട് എടുത്തതുകൊണ്ടു വാൾ നിന്റെ ഗൃഹത്തെ ഒരിക്കലും വിട്ടുമാറുകയില്ല. 11യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തഗൃഹത്തിൽനിന്നു ഞാൻ നിനക്ക് അനർഥം വരുത്തും; നീ കാൺകെ ഞാൻ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരനു കൊടുക്കും; അവൻ ഈ സൂര്യന്റെ വെട്ടത്തുതന്നെ നിന്റെ ഭാര്യമാരോടു കൂടെ ശയിക്കും. 12നീ അതു രഹസ്യത്തിൽ ചെയ്തു; ഞാനോ ഈ കാര്യം യിസ്രായേലൊക്കെയും കാൺകെ സൂര്യന്റെ വെട്ടത്തുതന്നെ നടത്തും. 13ദാവീദ് നാഥാനോട്: ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിനു നാഥാൻ ദാവീദിനോട്: യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല. 14എങ്കിലും നീ ഈ പ്രവൃത്തിയിൽ യഹോവയുടെ ശത്രുക്കൾ ദൂഷണം പറവാൻ ഹേതു ഉണ്ടാക്കിയതുകൊണ്ടു നിനക്കു ജനിച്ചിട്ടുള്ള കുഞ്ഞു മരിച്ചുപോകും എന്നു പറഞ്ഞ് നാഥാൻ തന്റെ വീട്ടിലേക്കു പോയി. 15ഊരീയാവിന്റെ ഭാര്യ ദാവീദിനു പ്രസവിച്ച കുഞ്ഞിനെ യഹോവ ബാധിച്ചു, അതിനു കഠിനരോഗം പിടിച്ചു. 16ദാവീദ് കുഞ്ഞിനുവേണ്ടി ദൈവത്തോട് അപേക്ഷിച്ചു; ദാവീദ് ഉപവസിക്കയും അകത്തു കടന്നു രാത്രി മുഴുവനും നിലത്തു കിടക്കയും ചെയ്തു. 17അവന്റെ ഗൃഹപ്രമാണികൾ അവനെ നിലത്തുനിന്ന് എഴുന്നേല്പിപ്പാൻ ഉത്സാഹിച്ചുകൊണ്ട് അരികെ നിന്നു; എന്നാൽ അവനു മനസ്സായില്ല. അവരോടു കൂടെ ഭക്ഷണം കഴിച്ചതുമില്ല. 18എന്നാൽ ഏഴാം ദിവസം കുഞ്ഞു മരിച്ചുപോയി. കുഞ്ഞു മരിച്ചു എന്ന് ദാവീദിനെ അറിയിപ്പാൻ ഭൃത്യന്മാർ ഭയപ്പെട്ടു. കുഞ്ഞു ജീവനോടിരുന്ന സമയം നാം സംസാരിച്ചിട്ട് അവൻ നമ്മുടെ വാക്കു കേൾക്കാതിരിക്കെ കുഞ്ഞു മരിച്ചുപോയി എന്നു നാം അവനോട് എങ്ങനെ പറയും? അവൻ തനിക്കുതന്നെ വല്ല കേടും വരുത്തും എന്ന് അവർ പറഞ്ഞു. 19ഭൃത്യന്മാർ തമ്മിൽ മന്ത്രിക്കുന്നതു കണ്ടപ്പോൾ കുഞ്ഞു മരിച്ചുപോയി എന്നു ദാവീദ് ഗ്രഹിച്ചു, തന്റെ ഭൃത്യന്മാരോട്: കുഞ്ഞു മരിച്ചുപോയോ എന്നു ചോദിച്ചു; മരിച്ചുപോയി എന്ന് അവർ പറഞ്ഞു. 20ഉടനെ ദാവീദ് നിലത്തുനിന്ന് എഴുന്നേറ്റു കുളിച്ചു തൈലം പൂശി വസ്ത്രം മാറി യഹോവയുടെ ആലയത്തിൽ ചെന്നു നമസ്കരിച്ചു; അരമനയിൽ വന്നു; അവന്റെ കല്പനപ്രകാരം അവർ ഭക്ഷണം അവന്റെ മുമ്പിൽവച്ചു അവൻ ഭക്ഷിച്ചു. 21അവന്റെ ഭൃത്യന്മാർ അവനോട്: നീ ഈ ചെയ്തിരിക്കുന്നതെന്ത്? കുഞ്ഞു ജീവനോടിരുന്ന സമയം നീ അവനുവേണ്ടി ഉപവസിച്ചു കരഞ്ഞു; കുഞ്ഞു മരിച്ചശേഷം നീ എഴുന്നേറ്റു ഭക്ഷണം കഴിച്ചുവല്ലോ എന്നു ചോദിച്ചു. 22അതിന് അവൻ: കുഞ്ഞു ജീവനോടിരുന്ന സമയം ഞാൻ ഉപവസിച്ചു കരഞ്ഞു; കുഞ്ഞു ജീവിച്ചിരിക്കേണ്ടതിനു ദൈവം എന്നോടു ദയ ചെയ്യുമോ ഇല്ലയോ? ആർക്കറിയാം എന്നു ഞാൻ വിചാരിച്ചു. 23ഇപ്പോഴോ അവൻ മരിച്ചുപോയി; ഇനി ഞാൻ ഉപവസിക്കുന്നത് എന്തിന്? അവനെ മടക്കി വരുത്തുവാൻ എനിക്കു കഴിയുമോ? ഞാൻ അവന്റെ അടുക്കലേക്കു പോകയല്ലാതെ അവൻ എന്റെ അടുക്കലേക്കു മടങ്ങിവരികയില്ലല്ലോ എന്നു പറഞ്ഞു. 24പിന്നെ ദാവീദ് തന്റെ ഭാര്യയായ ബത്ത്-ശേബയെ ആശ്വസിപ്പിച്ച് അവളുടെ അടുക്കൽ ചെന്ന് അവളോടുകൂടെ ശയിച്ചു; അവൾ ഒരു മകനെ പ്രസവിച്ചു; അവൻ അവനു ശലോമോൻ എന്നു പേരിട്ടു. യഹോവ അവനെ സ്നേഹിച്ചു. 25അവൻ നാഥാൻപ്രവാചകനെ നിയോഗിച്ചു; അവൻ യഹോവയുടെ പ്രീതിനിമിത്തം അവനു യെദീദ്യാവ് എന്നു പേർ വിളിച്ചു.
26എന്നാൽ യോവാബ് അമ്മോന്യരുടെ രബ്ബായോടു പൊരുതി രാജനഗരം പിടിച്ചു. 27യോവാബ് ദാവീദിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാൻ രബ്ബായോടു പൊരുതി ജലനഗരം പിടിച്ചിരിക്കുന്നു. 28ആകയാൽ ഞാൻ നഗരം പിടിച്ചിട്ടു കീർത്തി എനിക്കാകാതിരിക്കേണ്ടതിനു നീ ശേഷം ജനത്തെ ഒരുമിച്ചുകൂട്ടി നഗരത്തിനു നേരേ പാളയം ഇറങ്ങി അതിനെ പിടിച്ചുകൊൾക എന്നു പറയിച്ചു. 29അങ്ങനെ ദാവീദ് ജനത്തെ ഒക്കെയും ഒന്നിച്ചുകൂട്ടി രബ്ബായിലേക്കു ചെന്നു പടവെട്ടി അതിനെ പിടിച്ചു. 30അവൻ അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയിൽനിന്ന് എടുത്തു; അതിന്റെ തൂക്കം ഒരു താലന്തു പൊന്ന്; അതിന്മേൽ രത്നം പതിച്ചിരുന്നു; അവർ അതു ദാവീദിന്റെ തലയിൽ വച്ചു; അവൻ നഗരത്തിൽനിന്ന് അനവധി കൊള്ളയും കൊണ്ടുപോന്നു. 31അവിടത്തെ ജനത്തെയും അവൻ പുറത്തു കൊണ്ടുവന്ന് അവരെ ഈർച്ചവാളിനും മെതിവണ്ടിക്കും കോടാലിക്കും ആക്കി; അവരെക്കൊണ്ട് ഇഷ്‍ടികച്ചൂളയിലും വേല ചെയ്യിച്ചു; അമ്മോന്യരുടെ എല്ലാ പട്ടണങ്ങളോടും അവൻ അങ്ങനെതന്നെ ചെയ്തു. പിന്നെ ദാവീദും സകല ജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 ശമൂവേൽ 12: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക