2 ശമൂവേൽ 12:1-10

2 ശമൂവേൽ 12:1-10 MALOVBSI

അനന്തരം യഹോവ നാഥാനെ ദാവീദിന്റെ അടുക്കൽ അയച്ചു. അവൻ അവന്റെ അടുക്കൽ ചെന്ന് അവനോടു പറഞ്ഞത്: ഒരു പട്ടണത്തിൽ രണ്ടു പുരുഷന്മാർ ഉണ്ടായിരുന്നു; ഒരുത്തൻ ധനവാൻ, മറ്റവൻ ദരിദ്രൻ. ധനവാന് ആടുമാടുകൾ അനവധി ഉണ്ടായിരുന്നു. ദരിദ്രനോ താൻ വിലയ്ക്കു വാങ്ങി വളർത്തിയ ഒരു പെൺകുഞ്ഞാടല്ലാതെ ഒന്നും ഇല്ലായിരുന്നു; അത് അവന്റെ അടുക്കലും അവന്റെ മക്കളുടെ അടുക്കലും വളർന്നുവന്നു; അത് അവൻ തിന്നുന്നതിൽ ഓഹരി തിന്നുകയും അവൻ കുടിക്കുന്നതിൽ ഓഹരി കുടിക്കയും അവന്റെ മടിയിൽ കിടക്കയും ചെയ്തു; അവന് ഒരു മകളെപ്പോലെയും ആയിരുന്നു. ധനവാന്റെ അടുക്കൽ ഒരു വഴിയാത്രക്കാരൻ വന്നു; തന്റെ അടുക്കൽ വന്ന വഴിപോക്കനുവേണ്ടി പാകം ചെയ്‍വാൻ സ്വന്തആടുമാടുകളിൽ ഒന്നിനെ എടുപ്പാൻ മനസ്സാകാതെ, അവൻ ആ ദരിദ്രന്റെ കുഞ്ഞാടിനെ പിടിച്ചു തന്റെ അടുക്കൽ വന്ന ആൾക്കുവേണ്ടി പാകം ചെയ്തു. അപ്പോൾ ദാവീദിന്റെ കോപം ആ മനുഷ്യന്റെ നേരേ ഏറ്റവും ജ്വലിച്ചു; അവൻ നാഥാനോട്: യഹോവയാണ, ഇതു ചെയ്തവൻ മരണയോഗ്യൻ. അവൻ കനിവില്ലാതെ ഈ കാര്യം പ്രവർത്തിച്ചതുകൊണ്ട് ആ ആടിനുവേണ്ടി നാലിരട്ടി പകരം കൊടുക്കേണം എന്നു പറഞ്ഞു. നാഥാൻ ദാവീദിനോടു പറഞ്ഞത്: ആ മനുഷ്യൻ നീ തന്നെ, യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ യിസ്രായേലിനു രാജാവായിട്ട് അഭിഷേകം ചെയ്തു, നിന്നെ ശൗലിന്റെ കൈയിൽനിന്നു വിടുവിച്ചു. ഞാൻ നിനക്കു നിന്റെ യജമാനന്റെ ഗൃഹത്തെയും നിന്റെ മാർവിടത്തിലേക്കു നിന്റെ യജമാനന്റെ ഭാര്യമാരെയും തന്നു; യിസ്രായേൽഗൃഹത്തെയും യെഹൂദാഗൃഹത്തെയും നിനക്കു തന്നു; പോരായെങ്കിൽ ഇന്നിന്നതുംകൂടെ ഞാൻ നിനക്കു തരുമായിരുന്നു. നീ യഹോവയുടെ കല്പന നിരസിച്ച് അവന് അനിഷ്ടമായുള്ളതു ചെയ്തത് എന്തിന്? ഹിത്യനായ ഊരീയാവെ വാൾകൊണ്ടു വെട്ടി അവന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ട് എടുത്തു. അവനെ അമ്മോന്യരുടെ വാൾകൊണ്ടു കൊല്ലിച്ചു. നീ എന്നെ നിരസിച്ചു ഹിത്യനായ ഊരീയാവിന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ട് എടുത്തതുകൊണ്ടു വാൾ നിന്റെ ഗൃഹത്തെ ഒരിക്കലും വിട്ടുമാറുകയില്ല.