2 പത്രൊസ് 3
3
1പ്രിയമുള്ളവരേ, ഞാൻ ഇപ്പോൾ നിങ്ങൾക്ക് എഴുതുന്നതു രണ്ടാം ലേഖനമല്ലോ. 2വിശുദ്ധപ്രവാചകന്മാർ മുൻപറഞ്ഞ വചനങ്ങളും നിങ്ങളുടെ അപ്പൊസ്തലന്മാർ മുഖാന്തരം കർത്താവും രക്ഷിതാവുമായവൻ തന്ന കല്പനയും ഓർത്തുകൊള്ളേണമെന്ന് ഈ ലേഖനം രണ്ടിനാലും ഞാൻ നിങ്ങളെ ഓർമപ്പെടുത്തി നിങ്ങളുടെ പരമാർഥ മനസ്സ് ഉണർത്തുന്നു. 3അവന്റെ പ്രത്യക്ഷതയുടെ വാഗ്ദത്തം എവിടെ? 4പിതാക്കന്മാർ നിദ്രകൊണ്ടശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെതന്നെ ഇരിക്കുന്നു എന്നു പറഞ്ഞു സ്വന്തമോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്തു വരുമെന്നു വിശേഷാൽ അറിഞ്ഞുകൊൾവിൻ. 5ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്റെ വചനത്താൽ ഉണ്ടായി എന്നും 6അതിനാൽ അന്നുള്ള ലോകം ജലപ്രളയത്തിൽ മുങ്ങി നശിച്ചു എന്നും 7ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു എന്നും അവർ മനസ്സോടെ മറന്നുകളയുന്നു.
8എന്നാൽ പ്രിയമുള്ളവരേ, കർത്താവിന് ഒരു ദിവസം ആയിരം സംവത്സരംപോലെയും ആയിരം സംവത്സരം ഒരു ദിവസംപോലെയും ഇരിക്കുന്നു എന്നീ കാര്യം നിങ്ങൾ മറക്കരുത്. 9ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവ് തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളൂ. 10കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്ന് ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞുപോകും; മൂലപദാർഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും. 11ഇങ്ങനെ ഇവയൊക്കെയും അഴിവാനുള്ളതായിരിക്കയാൽ ആകാശം ചുട്ടഴിവാനും മൂലപദാർഥങ്ങൾ വെന്തുരുകുവാനും ഉള്ള ദൈവദിവസത്തിന്റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു 12നിങ്ങൾ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം. 13എന്നാൽ നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.
14അതുകൊണ്ടു പ്രിയമുള്ളവരേ, നിങ്ങൾ ഇവയ്ക്കായി കാത്തിരിക്കയാൽ അവൻ നിങ്ങളെ കറയും കളങ്കവും ഇല്ലാത്തവരായി സമാധാനത്തോടെ കാൺമാൻ ഉത്സാഹിച്ചുകൊണ്ടു നമ്മുടെ കർത്താവിന്റെ ദീർഘക്ഷമയെ രക്ഷ എന്നു വിചാരിപ്പിൻ. 15അങ്ങനെതന്നെ നമ്മുടെ പ്രിയസഹോദരനായ പൗലൊസും തനിക്കു ലഭിച്ച ജ്ഞാനത്തിനു തക്കവണ്ണം നിങ്ങൾക്കും 16ഇതിനെക്കുറിച്ചു സംസാരിക്കുന്ന സകല ലേഖനങ്ങളിലും എഴുതീട്ടുണ്ടല്ലോ. അവയിൽ ഗ്രഹിപ്പാൻ പ്രയാസമുള്ളതു ചിലതുണ്ട്. അറിവില്ലാത്തവരും അസ്ഥിരന്മാരുമായവർ ശേഷം തിരുവെഴുത്തുകളെപ്പോലെ അതും തങ്ങളുടെ നാശത്തിനായി കോട്ടിക്കളയുന്നു. 17എന്നാൽ പ്രിയമുള്ളവരേ, നിങ്ങൾ മുമ്പുകൂട്ടി അറിഞ്ഞിരിക്കകൊണ്ട് അധർമികളുടെ വഞ്ചനയിൽ കുടുങ്ങി സ്വന്തസ്ഥിരത വിട്ടു വീണുപോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ, 18കൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവിൻ. അവന് ഇപ്പോഴും എന്നെന്നേക്കും മഹത്ത്വം. ആമേൻ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 പത്രൊസ് 3: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.