2 രാജാക്കന്മാർ 8
8
1അനന്തരം എലീശാ താൻ മകനെ ജീവിപ്പിച്ചുകൊടുത്തിരുന്ന സ്ത്രീയോട്: നീയും നിന്റെ ഭവനവും പുറപ്പെട്ട് എവിടെയെങ്കിലും പരദേശവാസം ചെയ്തുകൊൾവിൻ; യഹോവ ഒരു ക്ഷാമം വരുത്തുവാൻ പോകുന്നു; അത് ഏഴുസംവത്സരം ദേശത്ത് ഉണ്ടായിരിക്കും എന്നു പറഞ്ഞു. 2ആ സ്ത്രീ എഴുന്നേറ്റ് ദൈവപുരുഷൻ പറഞ്ഞതുപോലെ ചെയ്തു; അവളും ഭവനവും ഫെലിസ്ത്യദേശത്തു പോയി ഏഴു സംവത്സരം പരദേശവാസം ചെയ്തു. 3ഏഴു സംവത്സരംകഴിഞ്ഞിട്ട് അവൾ ഫെലിസ്ത്യദേശത്തുനിന്നു മടങ്ങിവന്നു; പിന്നെ അവൾ തന്റെ വീടും നിലവും സംബന്ധിച്ച് രാജാവിനോടു സങ്കടം ബോധിപ്പിപ്പാൻ ചെന്നു. 4അന്നേരം രാജാവ് ദൈവപുരുഷന്റെ ബാല്യക്കാരനായ ഗേഹസിയോടു സംസാരിക്കയിൽ എലീശാ ചെയ്ത വൻകാര്യങ്ങളൊക്കെയും നീ എന്നോടു വിവരിച്ചു പറക എന്നുകല്പിച്ചു. 5മരിച്ചുപോയവനെ ജീവിപ്പിച്ച വിവരം അവൻ രാജാവിനെ കേൾപ്പിക്കുമ്പോൾതന്നെ അവൻ മകനെ ജീവിപ്പിച്ചു കൊടുത്തിരുന്ന സ്ത്രീവന്നു തന്റെ വീടും നിലവും സംബന്ധിച്ച് രാജാവിനോട് സങ്കടം ബോധിപ്പിച്ചു. അപ്പോൾ ഗേഹസി: യജമാനനായ രാജാവേ, ഇവൾതന്നെ ആ സ്ത്രീ; എലീശാ ജീവിപ്പിച്ചുകൊടുത്ത മകൻ ഇവൻതന്നെ എന്നു പറഞ്ഞു. 6രാജാവ് സ്ത്രീയോടു ചോദിച്ചപ്പോൾ അവളും അതു വിവരിച്ചു പറഞ്ഞു. രാജാവ് ഒരു ഉദ്യോഗസ്ഥനെ നിയമിച്ചു: അവൾക്കുണ്ടായിരുന്നതൊക്കെയും അവൾ ദേശം വിട്ടുപോയ നാൾമുതൽ ഇതുവരെയുള്ള നിലത്തിന്റെ ആദായവും അവൾക്കു കൊടുപ്പിക്കേണം എന്നു കല്പിച്ചു.
7അനന്തരം എലീശാ ദമ്മേശെക്കിൽ ചെന്നു; അന്ന് അരാംരാജാവായ ബെൻ-ഹദദ് ദീനം പിടിച്ചു കിടക്കയായിരുന്നു; ദൈവപുരുഷൻ വന്നിട്ടുണ്ട് എന്ന് അവന് അറിവുകിട്ടി. 8രാജാവ് ഹസായേലിനോട്: ഒരു സമ്മാനം എടുത്തുകൊണ്ടു ദൈവപുരുഷനെ ചെന്നുകണ്ട്: ഈ ദീനം മാറി എനിക്കു സൗഖ്യം വരുമോ എന്ന് അവൻ മുഖാന്തരം യഹോവയോടു ചോദിക്ക എന്നു പറഞ്ഞു. 9അങ്ങനെ ഹസായേൽ ദമ്മേശെക്കിലെ വിശേഷവസ്തുക്കളിൽനിന്നൊക്കെയും എടുത്തു നാല്പത് ഒട്ടകച്ചുമടുമായി അവനെ ചെന്നുകണ്ട് അവന്റെ മുമ്പിൽ നിന്നു: നിന്റെ മകൻ അരാംരാജാവായ ബെൻ-ഹദദ് എന്നെ നിന്റെ അടുക്കൽ അയച്ചു: ഈ ദീനം മാറി എനിക്കു സൗഖ്യം വരുമോ എന്നു ചോദിക്കുന്നു എന്നു പറഞ്ഞു. 10അതിന് എലീശാ: നീ ചെന്ന് അവനോട്: നിനക്കു നിശ്ചയമായിട്ടു സൗഖ്യംവരും എന്നു പറക; എന്നാൽ അവൻ നിശ്ചയമായി മരിച്ചുപോകുമെന്ന് യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു എന്നു പറഞ്ഞു. 11പിന്നെ അവനു ലജ്ജ തോന്നുവോളം അവൻ കണ്ണുപറിക്കാതെ അവനെ ഉറ്റുനോക്കി ദൈവപുരുഷൻ കരഞ്ഞു. 12യജമാനൻ കരയുന്നത് എന്ത് എന്നു ഹസായേൽ ചോദിച്ചതിന് അവൻ: നീ യിസ്രായേൽമക്കളോടു ചെയ്‍വാനിരിക്കുന്ന ദോഷം ഞാൻ അറിയുന്നതുകൊണ്ടു തന്നെ; നീ അവരുടെ ദുർഗങ്ങളെ തീയിട്ടു ചുടുകയും അവരുടെ യൗവനക്കാരെ വാൾകൊണ്ടു കൊല്ലുകയും അവരുടെ കുഞ്ഞുങ്ങളെ അടിച്ചു തകർക്കയും അവരുടെ ഗർഭിണികളെ പിളർക്കയും ചെയ്യും എന്നു പറഞ്ഞു. 13ഈ മഹാകാര്യം ചെയ്‍വാൻ നായായിരിക്കുന്ന അടിയൻ എന്തു മാത്രമുള്ളൂ എന്നു ഹസായേൽ പറഞ്ഞതിന് എലീശാ: നീ അരാമിൽ രാജാവാകും എന്ന് യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു എന്നു പറഞ്ഞു. 14അവൻ എലീശായെ വിട്ടു പുറപ്പെട്ടു തന്റെ യജമാനന്റെ അടുക്കൽ വന്നപ്പോൾ: എലീശാ നിന്നോട് എന്തു പറഞ്ഞു എന്ന് അവൻ ചോദിച്ചു. നിനക്കു നിശ്ചയമായി സൗഖ്യം വരും എന്ന് അവൻ എന്നോടു പറഞ്ഞു എന്ന് അവൻ ഉത്തരം പറഞ്ഞു. 15പിറ്റന്നാൾ അവൻ ഒരു കമ്പിളി എടുത്തു വെള്ളത്തിൽ മുക്കി അവന്റെ മുഖത്തിട്ടു; അതിനാൽ അവൻ മരിച്ചുപോയി; ഹസായേൽ അവനു പകരം രാജാവായിത്തീർന്നു.
16യിസ്രായേൽരാജാവായ ആഹാബിന്റെ മകനായ യോരാമിന്റെ അഞ്ചാം ആണ്ടിൽ യെഹോശാഫാത്ത് യെഹൂദായിൽ രാജാവായിരിക്കുമ്പോൾത്തന്നെ യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകൻ യെഹോരാം രാജാവായി. 17അവൻ വാഴ്ച തുടങ്ങിയപ്പോൾ അവനു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവൻ എട്ടു സംവത്സരം യെരൂശലേമിൽ വാണു. 18ആഹാബിന്റെ മകൾ അവനു ഭാര്യയായിരുന്നതുകൊണ്ട് അവൻ ആഹാബിന്റെ ഗൃഹം ചെയ്തതുപോലെ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്ന് യഹോവയ്ക്ക് അനിഷ്ടമായുള്ളത് ചെയ്തു. 19എങ്കിലും യഹോവ തന്റെ ദാസനായ ദാവീദിനോട് അവനും അവന്റെ മക്കൾക്കും എന്നേക്കും ഒരു ദീപം നല്കും എന്നു വാഗ്ദാനം ചെയ്തിരുന്നതുകൊണ്ട് അവന്റെ നിമിത്തം യെഹൂദായെ നശിപ്പിപ്പാൻ തനിക്കു മനസ്സായില്ല. 20അവന്റെ കാലത്ത് എദോമ്യർ യെഹൂദായുടെ മേലധികാരത്തോടു മത്സരിച്ച് തങ്ങൾക്ക് ഒരു രാജാവിനെ വാഴിച്ചു. 21അപ്പോൾ യെഹോരാം സകല രഥങ്ങളുമായി സായിരിലേക്കു ചെന്നു; എന്നാൽ രാത്രിയിൽ അവൻ എഴുന്നേറ്റു തന്നെ വളഞ്ഞിരുന്ന എദോമ്യരെയും രഥനായകന്മാരെയും തോല്പിച്ചു; ജനം തങ്ങളുടെ കൂടാരങ്ങളിലേക്ക് ഓടിപ്പോയി. 22അങ്ങനെ എദോമ്യർ യെഹൂദായുടെ മേലധികാരത്തോട് ഇന്നുവരെ മത്സരിച്ചു നില്ക്കുന്നു; ആ കാലത്തുതന്നെ ലിബ്നയും മത്സരിച്ചു. 23യെഹോരാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 24യെഹോരാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു, അവന്റെ പിതാക്കന്മാരോടുകൂടെ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ അഹസ്യാവ് അവനു പകരം രാജാവായി.
25യിസ്രായേൽരാജാവായ ആഹാബിന്റെ മകൻ യോരാമിന്റെ പന്ത്രണ്ടാം ആണ്ടിൽ യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവ് രാജാവായി. 26അഹസ്യാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവൻ ഒരു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മയ്ക്ക് അഥല്യാ എന്നു പേർ; അവൾ യിസ്രായേൽരാജാവായ ഒമ്രിയുടെ പൗത്രി ആയിരുന്നു. 27അവൻ ആഹാബ്ഗൃഹത്തിന്റെ വഴിയിൽ നടന്ന് ആഹാബ്ഗൃഹം ചെയ്തതുപോലെ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; അവൻ ആഹാബിന്റെ ഗൃഹത്തോടു സംബന്ധമുള്ളവൻ ആയിരുന്നുവല്ലോ. 28അവൻ ആഹാബിന്റെ മകനായ യോരാമിനോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്ക് അരാംരാജാവായ ഹസായേലിനോടു യുദ്ധം ചെയ്‍വാൻ പോയി; എന്നാൽ അരാമ്യർ യോരാമിനെ മുറിവേല്പിച്ചു. 29അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ രാമായിൽ വച്ച് അരാമ്യർ തന്നെ വെട്ടിയ മുറിവുകൾക്ക് യിസ്രെയേലിൽവച്ചു ചികിത്സ ചെയ്യേണ്ടതിന് യോരാംരാജാവ് മടങ്ങിപ്പോയി; ആഹാബിന്റെ മകനായ യോരാം രോഗിയാകകൊണ്ട് യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവ് യിസ്രെയേലിൽ അവനെ കാൺമാൻ ചെന്നിരുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 രാജാക്കന്മാർ 8: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.