2 രാജാക്കന്മാർ 16
16
1രെമല്യാവിന്റെ മകനായ പേക്കഹിന്റെ പതിനേഴാം ആണ്ടിൽ യെഹൂദാരാജാവായ യോഥാമിന്റെ മകൻ ആഹാസ് രാജാവായി. 2ആഹാസ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപതു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ പതിനാറു സംവത്സരം വാണു, തന്റെ പിതാവായ ദാവീദ് ചെയ്തതുപോലെ തന്റെ ദൈവമായ യഹോവയ്ക്കു പ്രസാദമായുള്ളത് ചെയ്തില്ല. 3അവൻ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛതകൾക്കൊത്തവണ്ണം തന്റെ മകനെ അഗ്നിപ്രവേശവും ചെയ്യിച്ചു. 4അവൻ പൂജാഗിരികളിലും കുന്നുകളിലും പച്ചവൃക്ഷത്തിൻകീഴിലൊക്കെയും ബലി കഴിച്ചും ധൂപം കാട്ടിയും പോന്നു. 5അക്കാലത്ത് അരാംരാജാവായ രെസീനും യിസ്രായേൽരാജാവായ രെമല്യാവിന്റെ മകൻ പേക്കഹും യെരൂശലേമിനു നേരേ യുദ്ധത്തിനു പുറപ്പെട്ടുവന്ന് ആഹാസിനെ നിരോധിച്ചു; എന്നാൽ അവനെ ജയിപ്പാൻ അവർക്കു കഴിഞ്ഞില്ല. 6അന്ന് അരാംരാജാവായ രെസീൻ ഏലത്ത് വീണ്ടെടുത്ത് അരാമിനോട് ചേർത്തു യെഹൂദന്മാരെ ഏലത്തിൽനിന്നു നീക്കിക്കളഞ്ഞു. അരാമ്യർ ഏലത്തിൽ വന്ന് ഇന്നുവരെയും അവിടെ പാർക്കുന്നു. 7ആഹാസ് അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസരിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാൻ നിന്റെ ദാസനും നിന്റെ പുത്രനും ആകുന്നു; നീ വന്ന് എന്നോട് എതിർത്തിരിക്കുന്ന അരാംരാജാവിന്റെ കൈയിൽനിന്നും യിസ്രായേൽരാജാവിന്റെ കൈയിൽനിന്നും എന്നെ രക്ഷിക്കേണമെന്നു പറയിച്ചു. 8അതിനായിട്ട് ആഹാസ് യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട വെള്ളിയും പൊന്നും എടുത്ത് അശ്ശൂർരാജാവിനു സമ്മാനമായി കൊടുത്തയച്ചു. 9അശ്ശൂർരാജാവ് അവന്റെ അപേക്ഷ കേട്ടു; അശ്ശൂർരാജാവ് ദമ്മേശെക്കിലേക്കു ചെന്ന് അതിനെ പിടിച്ച് അതിലെ നിവാസികളെ കീരിലേക്കു ബദ്ധരായി കൊണ്ടുപോയി രെസീനെ കൊന്നുകളഞ്ഞു. 10ആഹാസ്‍രാജാവ് അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസരിനെ എതിരേല്പാൻ ദമ്മേശെക്കിൽ ചെന്നു, ദമ്മേശെക്കിലെ ബലിപീഠം കണ്ടു; ആഹാസ്‍രാജാവ് ബലിപീഠത്തിന്റെ ഒരു പ്രതിമയും അതിന്റെ എല്ലാ പണിയോടുംകൂടിയുള്ള മാതൃകയും ഊരീയാപുരോഹിതനു കൊടുത്തയച്ചു. 11ഊരീയാപുരോഹിതൻ ഒരു യാഗപീഠം പണിതു; ആഹാസ്‍രാജാവ് ദമ്മേശെക്കിൽനിന്ന് അയച്ചപ്രകാരമൊക്കെയും ആഹാസ്‍രാജാവ് ദമ്മേശെക്കിൽനിന്നു വരുമ്പോഴേക്ക് ഊരീയാപുരോഹിതൻ അതു പണിതിരുന്നു. 12രാജാവ് ദമ്മേശെക്കിൽനിന്നു വന്നപ്പോൾ ആ യാഗപീഠം കണ്ടു; രാജാവ് യാഗപീഠത്തിങ്കൽ ചെന്ന് അതിന്മേൽ കയറി. 13ഹോമയാഗവും ഭോജനയാഗവും ദഹിപ്പിച്ചു പാനീയയാഗവും പകർന്നു സമാധാനയാഗങ്ങളുടെ രക്തവും യാഗപീഠത്തിന്മേൽ തളിച്ചു. 14യഹോവയുടെ സന്നിധിയിലെ താമ്രയാഗപീഠം അവൻ ആലയത്തിന്റെ മുൻവശത്തു തന്റെ യാഗപീഠത്തിനും യഹോവയുടെ ആലയത്തിനും മധ്യേ നിന്നു നീക്കി തന്റെ യാഗപീഠത്തിന്റെ വടക്കുവശത്തു കൊണ്ടുപോയി വച്ചു. 15ആഹാസ്‍രാജാവ് ഊരീയാപുരോഹിതനോടു കല്പിച്ചത്: മഹായാഗപീഠത്തിന്മേൽ നീ രാവിലത്തെ ഹോമയാഗവും വൈകുന്നേരത്തെ ഭോജനയാഗവും രാജാവിന്റെ ഹോമയാഗവും ഭോജനയാഗവും ദേശത്തെ സകല ജനത്തിന്റെയും ഹോമയാഗവും ഭോജനയാഗവും ദഹിപ്പിക്കയും അവരുടെ പാനീയയാഗങ്ങൾ കഴിക്കയും ഹോമയാഗങ്ങളുടെയും ഹനനയാഗങ്ങളുടെയും രക്തമൊക്കെയും തളിക്കയും ചെയ്യേണം; താമ്രയാഗപീഠത്തെപ്പറ്റിയോ ഞാൻ ആലോചിച്ചുകൊള്ളാം. 16ആഹാസ്‍രാജാവ് കല്പിച്ചതുപോലെയൊക്കെയും ഊരീയാപുരോഹിതൻ ചെയ്തു. 17ആഹാസ്‍രാജാവ് പീഠങ്ങളുടെ ചട്ടപ്പലക കണ്ടിച്ചു തൊട്ടിയെ അവയുടെമേൽനിന്നു നീക്കി; താമ്രക്കടലിനെയും അതിന്റെ കീഴെ നിന്ന താമ്രക്കാളപ്പുറത്തുനിന്ന് ഇറക്കി ഒരു കല്ത്തളത്തിന്മേൽ വച്ചു. 18ആലയത്തിങ്കൽ ഉണ്ടാക്കിയിരുന്ന ശബ്ബത്ത്താഴ്‌വാരവും രാജാവിനു പ്രവേശിപ്പാനുള്ള പുറത്തെ നടയും അശ്ശൂർരാജാവിനെ വിചാരിച്ച് യഹോവയുടെ ആലയത്തിങ്കൽനിന്നു മാറ്റിക്കളഞ്ഞു. 19ആഹാസ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങൾ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 20ആഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കംചെയ്തു; അവന്റെ മകൻ ഹിസ്കീയാവ് അവനു പകരം രാജാവായി.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 രാജാക്കന്മാർ 16: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.