ശലോമോൻ പ്രാർഥിച്ചു കഴിഞ്ഞപ്പോൾ ആകാശത്തുനിന്നു തീ ഇറങ്ങി ഹോമയാഗവും ഹനനയാഗവും ദഹിപ്പിച്ചു; യഹോവയുടെ തേജസ്സും ആലയത്തിൽ നിറഞ്ഞു. യഹോവയുടെ തേജസ്സ് യഹോവയുടെ ആലയത്തിൽ നിറഞ്ഞിരിക്കകൊണ്ട് പുരോഹിതന്മാർക്ക് യഹോവയുടെ ആലയത്തിൽ കടപ്പാൻ കഴിഞ്ഞില്ല. തീ ഇറങ്ങിയതും ആലയത്തിൽ യഹോവയുടെ തേജസ്സും യിസ്രായേൽമക്കളൊക്കെയും കണ്ടപ്പോൾ അവർ കൽക്കളത്തിൽ സാഷ്ടാംഗം വീണു യഹോവയെ നമസ്കരിച്ചു: അവൻ നല്ലവൻ അല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളത് എന്നു ചൊല്ലി സ്തുതിച്ചു. പിന്നെ രാജാവും സർവജനവും യഹോവയുടെ സന്നിധിയിൽ യാഗം കഴിച്ചു. ശലോമോൻരാജാവ് ഇരുപത്തീരായിരം കാളയെയും ഒരുലക്ഷത്തി ഇരുപതിനായിരം ആടിനെയും യാഗം കഴിച്ചു; ഇങ്ങനെ രാജാവും സർവജനവും ദൈവാലയത്തെ പ്രതിഷ്ഠിച്ചു. പുരോഹിതന്മാർ തങ്ങളുടെ ഉദ്യോഗം അനുസരിച്ചും ലേവ്യർ: അവന്റെ ദയ എന്നേക്കും ഉള്ളത് എന്നിങ്ങനെ അവർ മുഖാന്തരം ദാവീദ് സ്തോത്രം ചെയ്ത സമയത്ത് യഹോവയെ സ്തുതിപ്പാൻ ദാവീദ്‍രാജാവ് ഉണ്ടാക്കിയ യഹോവയുടെ വാദ്യങ്ങളോടുകൂടെയും നിന്നു; യിസ്രായേലൊക്കെയും നില്ക്കെ പുരോഹിതന്മാർ അവരുടെ മുമ്പിൽ കാഹളം ഊതി. ശലോമോൻ ഉണ്ടാക്കിയിരുന്ന താമ്രയാഗപീഠത്തിന്മേൽ ഹോമയാഗം, ഭോജനയാഗം, മേദസ്സ് എന്നിവ കൊള്ളാതിരുന്നതുകൊണ്ടു ശലോമോൻ യഹോവയുടെ ആലയത്തിനു മുമ്പിലുള്ള പ്രാകാരത്തിന്റെ മധ്യഭാഗം ശുദ്ധീകരിച്ച്, അവിടെ ഹോമയാഗങ്ങളും സമാധാനയാഗങ്ങളുടെ മേദസ്സും അർപ്പിച്ചു. ശലോമോനും ഹമാത്തിന്റെ അതിർമുതൽ മിസ്രയീംതോടുവരെയുള്ള എല്ലാ യിസ്രായേലും ഏറ്റവും വലിയ സഭയായി ആ സമയത്ത് ഏഴു ദിവസം ഉത്സവം ആചരിച്ചു. എട്ടാം ദിവസം അവർ വിശുദ്ധസഭായോഗം കൂടി; ഏഴു ദിവസം അവർ യാഗപീഠപ്രതിഷ്ഠ കൊണ്ടാടി, ഏഴു ദിവസം ഉത്സവവും ആചരിച്ചു. ഏഴാം മാസം ഇരുപത്തിമൂന്നാം തീയതി അവൻ ജനത്തെ യഹോവ ദാവീദിനും ശലോമോനും തന്റെ ജനമായ യിസ്രായേലിനും ചെയ്ത നന്മയെക്കുറിച്ചു സന്തോഷവും ആനന്ദവും ഉള്ളവരായി അവരുടെ കൂടാരങ്ങളിലേക്കു പറഞ്ഞയച്ചു.
2 ദിനവൃത്താന്തം 7 വായിക്കുക
കേൾക്കുക 2 ദിനവൃത്താന്തം 7
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 ദിനവൃത്താന്തം 7:1-10
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ