2 ദിനവൃത്താന്തം 34:1-8

2 ദിനവൃത്താന്തം 34:1-8 MALOVBSI

യോശീയാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് എട്ടു വയസ്സായിരുന്നു; അവൻ മുപ്പത്തൊന്നു സംവത്സരം യെരൂശലേമിൽ വാണു. അവൻ യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴികളിൽ വലത്തോട്ടോ ഇടത്തോട്ടോ മാറാതെ നടന്നു. അവന്റെ വാഴ്ചയുടെ എട്ടാം ആണ്ടിൽ, അവന്റെ യൗവനത്തിൽതന്നെ, അവൻ തന്റെ പിതാവായ ദാവീദിന്റെ ദൈവത്തെ അന്വേഷിച്ചുതുടങ്ങി; പന്ത്രണ്ടാം ആണ്ടിൽ അവൻ പൂജാഗിരികളെയും അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും ബിംബങ്ങളെയും നീക്കി യെഹൂദായെയും യെരൂശലേമിനെയും വെടിപ്പാക്കുവാൻ തുടങ്ങി. അവൻ കാൺകെ അവർ ബാൽവിഗ്രഹങ്ങളുടെ ബലിപീഠങ്ങളെ ഇടിച്ചുകളഞ്ഞു. അവയ്ക്കു മീതെയുള്ള സൂര്യസ്തംഭങ്ങളെ അവൻ വെട്ടിക്കളഞ്ഞു; അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും ബിംബങ്ങളെയും തകർത്തു പൊടിയാക്കി, അവയ്ക്കു ബലികഴിച്ചവരുടെ കല്ലറകളിന്മേൽ വിതറിച്ചു. അവൻ പൂജാരികളുടെ അസ്ഥികളെ അവരുടെ ബലിപീഠങ്ങളിന്മേൽ ദഹിപ്പിക്കയും യെഹൂദായെയും യെരൂശലേമിനെയും വെടിപ്പാക്കുകയും ചെയ്തു. അങ്ങനെ തന്നെ അവൻ മനശ്ശെയുടെയും എഫ്രയീമിന്റെയും ശിമെയോന്റെയും പട്ടണങ്ങളിൽ നഫ്താലിവരെയും ചുറ്റിലും അവരുടെ ശൂന്യസ്ഥലങ്ങളിൽ ചെയ്തു. അവൻ ബലിപീഠങ്ങളെ ഇടിച്ച് അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയുമെല്ലാം തകർത്തു പൊടിയാക്കി, യിസ്രായേൽദേശത്ത് എല്ലാടവും സകല സൂര്യസ്തംഭങ്ങളെയും വെട്ടിക്കളഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു. അവന്റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടിൽ ദേശത്തെയും ആലയത്തെയും വെടിപ്പാക്കിയശേഷം അവൻ അസല്യാവിന്റെ മകനായ ശാഫാനെയും നഗരാധിപതിയായ മയശേയാവെയും യോവാശിന്റെ മകനായ രായസക്കാരൻ യോവാഹിനെയും തന്റെ ദൈവമായ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ നിയോഗിച്ചു.