2 ദിനവൃത്താന്തം 28:1-15

2 ദിനവൃത്താന്തം 28:1-15 MALOVBSI

ആഹാസ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപതു വയസ്സായിരുന്നു; അവൻ പതിനാറു സംവത്സരം യെരൂശലേമിൽ വാണു; എന്നാൽ തന്റെ പിതാവായ ദാവീദ് ചെയ്തതുപോലെ യഹോവയ്ക്ക് പ്രസാദമായുള്ളതു ചെയ്തില്ല. അവൻ യിസ്രായേൽരാജാക്കന്മാരുടെ വഴികളിൽ നടന്നു ബാൽവിഗ്രഹങ്ങളെ വാർത്തുണ്ടാക്കി. അവൻ ബെൻ-ഹിന്നോം താഴ്‌വരയിൽ ധൂപം കാട്ടുകയും യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു യഹോവ നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛാചാരപ്രകാരം തന്റെ പുത്രന്മാരെ അഗ്നിപ്രവേശം ചെയ്യിക്കയും ചെയ്തു. അവൻ പൂജാഗിരികളിലും ഓരോ പച്ചവൃക്ഷത്തിൻകീഴിലും ബലികഴിച്ചും ധൂപംകാട്ടിയും പോന്നു. ആകയാൽ അവന്റെ ദൈവമായ യഹോവ അവനെ അരാംരാജാവിന്റെ കൈയിൽ ഏല്പിച്ചു; അവർ അവനെ തോല്പിച്ച് അവരിൽ അസംഖ്യം പേരെ പിടിച്ച് ദമ്മേശെക്കിലേക്കു കൊണ്ടുപോയി. അവൻ യിസ്രായേൽരാജാവിന്റെ കൈയിലും ഏല്പിക്കപ്പെട്ടു; അവനും അവനെ അതികഠിനമായി തോല്പിച്ചു. അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ട് രെമല്യാവിന്റെ മകനായ പെക്കഹ് യെഹൂദായിൽ ഒരു ലക്ഷത്തി ഇരുപതിനായിരം പേരെ ഒരേ ദിവസം സംഹരിച്ചു; അവരെല്ലാവരും പരാക്രമശാലികൾ ആയിരുന്നു. എഫ്രയീമ്യവീരനായ സിക്രിരാജകുമാരനായ മയശേയാവെയും രാജധാനിവിചാരകനായ അസ്രീക്കാമിനെയും രാജാവിനു രണ്ടാമനായിരുന്ന എല്ക്കാനയെയും കൊന്നുകളഞ്ഞു. യിസ്രായേല്യർ തങ്ങളുടെ സഹോദരജനത്തിൽ സ്ത്രീകളും പുത്രന്മാരും പുത്രിമാരുമായി രണ്ടുലക്ഷം പേരെ പിടിച്ചു കൊണ്ടുപോയി, വളരെ കൊള്ളയിട്ടു കൊള്ളയും ശമര്യയിലേക്കു കൊണ്ടുപോയി. എന്നാൽ ഓദേദ് എന്ന പേരോടെ യഹോവയുടെ ഒരു പ്രവാചകൻ അവിടെ ഉണ്ടായിരുന്നു; അവൻ ശമര്യയിലേക്കു വന്ന സൈന്യത്തെ എതിരേറ്റുചെന്ന് അവരോടു പറഞ്ഞത്: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ യെഹൂദായോടു കോപിച്ചിരിക്കകൊണ്ട് അവരെ നിങ്ങളുടെ കൈയിൽ ഏല്പിച്ചു; നിങ്ങൾ അവരെ ആകാശപര്യന്തം എത്തുന്ന ക്രോധത്തോടെ സംഹരിച്ചിരിക്കുന്നു. ഇപ്പോഴോ നിങ്ങൾ യെഹൂദ്യരെയും യെരൂശലേമ്യരെയും ദാസീദാസന്മാരായി കീഴടക്കുവാൻ ഭാവിക്കുന്നു; നിങ്ങളുടെ പക്കലും നിങ്ങളുടെ ദൈവമായ യഹോവയോടുള്ള അകൃത്യങ്ങൾ ഇല്ലയോ? ആകയാൽ ഞാൻ പറയുന്നതു കേൾപ്പിൻ; നിങ്ങളുടെ സഹോദരന്മാരിൽനിന്നു നിങ്ങൾ പിടിച്ചുകൊണ്ടുവന്ന ബദ്ധന്മാരെ വിട്ടയയ്പിൻ; അല്ലെങ്കിൽ യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേൽ ഇരിക്കും. അപ്പോൾ യോഹാനാന്റെ മകൻ അസര്യാവ്, മെശില്ലേമോത്തിന്റെ മകൻ ബേരെഖ്യാവ്, ശല്ലൂമിന്റെ മകൻ യെഹിസ്കീയാവ്, ഹദ്ളായിയുടെ മകൻ അമാസാ എന്നിങ്ങനെ എഫ്രയീമ്യതലവന്മാരിൽ ചിലർ യുദ്ധത്തിൽനിന്നു വന്നവരോട് എതിർത്തുനിന്ന് അവരോട്: നിങ്ങൾ ബദ്ധന്മാരെ ഇവിടെ കൊണ്ടുവരരുത്; നാം തന്നെ യഹോവയോട് അകൃത്യം ചെയ്തിരിക്കെ നമ്മുടെ പാപങ്ങളോടും അകൃത്യത്തോടും ഇനിയും കൂട്ടുവാൻ നിങ്ങൾ ഭാവിക്കുന്നു; നമുക്കു വലിയൊരു അകൃത്യം ഉണ്ട്; ഉഗ്രകോപം യിസ്രായേലിന്മേൽ ഇരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അപ്പോൾ പ്രഭുക്കന്മാരും സർവസഭയും കാൺകെ ആയുധപാണികൾ ബദ്ധന്മാരെയും കൊള്ളയെയും വിട്ടയച്ചു. പേർ ചൊല്ലി വിളിക്കപ്പെട്ട ആളുകൾ എഴുന്നേറ്റു ബദ്ധന്മാരെ കൂട്ടി അവരിൽ നഗ്നന്മാരായവരെയൊക്കെയും കൊള്ളയിലെ വസ്ത്രം ധരിപ്പിച്ചു; അവരെ ഉടുപ്പിച്ചു ചെരിപ്പും ഇടുവിച്ചശേഷം അവർക്കു തിന്മാനും കുടിപ്പാനും കൊടുത്ത് എണ്ണയും തേപ്പിച്ചു; ക്ഷീണിച്ചുപോയവരെയൊക്കെയും കഴുതപ്പുറത്തു കയറ്റി, ഈന്തപ്പട്ടണമായ യെരീഹോവിൽ അവരുടെ സഹോദരന്മാരുടെ അടുക്കൽ കൊണ്ടുചെന്നാക്കി ശമര്യക്കു മടങ്ങിപ്പോയി.