1 ശമൂവേൽ 8
8
1ശമൂവേൽ വൃദ്ധനായപ്പോൾ തന്റെ പുത്രന്മാരെ യിസ്രായേലിനു ന്യായാധിപന്മാരാക്കി. 2അവന്റെ ആദ്യജാതനു യോവേൽ എന്നും രണ്ടാമത്തവന് അബീയാവ് എന്നും പേർ. അവർ ബേർ-ശേബയിൽ ന്യായപാലനം ചെയ്തുപോന്നു. 3അവന്റെ പുത്രന്മാർ അവന്റെ വഴിയിൽ നടക്കാതെ ദുരാഗ്രഹികളായി കൈക്കൂലി വാങ്ങി ന്യായം മറിച്ചുവന്നു.
4ആകയാൽ യിസ്രായേൽമൂപ്പന്മാർ എല്ലാവരും ഒന്നിച്ചുകൂടി, രാമായിൽ ശമൂവേലിന്റെ അടുക്കൽ വന്ന്, 5അവനോട്: നീ വൃദ്ധനായിരിക്കുന്നു; നിന്റെ പുത്രന്മാർ നിന്റെ വഴിയിൽ നടക്കുന്നില്ല; ആകയാൽ സകല ജാതികൾക്കുമുള്ളതുപോലെ ഞങ്ങളെ ഭരിക്കേണ്ടതിന് ഞങ്ങൾക്ക് ഒരു രാജാവിനെ നിയമിച്ചുതരേണമെന്നു പറഞ്ഞു. 6ഞങ്ങളെ ഭരിക്കേണ്ടതിന് രാജാവിനെ തരേണമെന്ന് അവർ പറഞ്ഞ കാര്യം ശമൂവേലിന് അനിഷ്ടമായി. ശമൂവേൽ യഹോവയോടു പ്രാർഥിച്ചു. 7യഹോവ ശമൂവേലിനോട് അരുളിച്ചെയ്തതെന്തെന്നാൽ: ജനം നിന്നോടു പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേൾക്ക; അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതവണ്ണം എന്നെയാകുന്നു ത്യജിച്ചിരിക്കുന്നത്. 8ഞാൻ അവരെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ച നാൾമുതൽ ഇന്നുവരെ അവർ എന്നെ ഉപേക്ഷിച്ചും അന്യദൈവങ്ങളെ സേവിച്ചുംകൊണ്ട് എന്നോടു ചെയ്തതുപോലെ നിന്നോടും ചെയ്യുന്നു. 9ആകയാൽ അവരുടെ അപേക്ഷ കേൾക്ക; എങ്കിലും അവരോടു ഘനമായി സാക്ഷീകരിച്ച് അവരെ വാഴുവാനിരിക്കുന്ന രാജാവിന്റെ ന്യായം അവരോട് അറിയിക്കേണം.
10അങ്ങനെ രാജാവിനായി അപേക്ഷിച്ച ജനത്തോട് ശമൂവേൽ യഹോവയുടെ വചനങ്ങളെ എല്ലാം അറിയിച്ച് പറഞ്ഞതെന്തെന്നാൽ: 11നിങ്ങളെ വാഴുവാനിരിക്കുന്ന രാജാവിന്റെ ന്യായം ഇതായിരിക്കും: അവൻ നിങ്ങളുടെ പുത്രന്മാരെ തനിക്കു തേരാളികളും കുതിരച്ചേവകരും ആക്കും; അവന്റെ രഥങ്ങൾക്കു മുമ്പേ അവർ ഓടേണ്ടിയും വരും. 12അവൻ അവരെ ആയിരത്തിനും അമ്പതിനും അധിപന്മാരാക്കും; തന്റെ നിലം കൃഷി ചെയ്‍വാനും തന്റെ വിള കൊയ്‍വാനും തന്റെ പടക്കോപ്പും തേർക്കോപ്പും ഉണ്ടാക്കുവാനും അവരെ നിയമിക്കും. 13അവൻ നിങ്ങളുടെ പുത്രിമാരെ തൈലക്കാരത്തികളും വെപ്പുകാരത്തികളും അപ്പക്കാരത്തികളും ആയിട്ടെടുക്കും. 14അവൻ നിങ്ങളുടെ വിശേഷമായ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും എടുത്ത് തന്റെ ഭൃത്യന്മാർക്കു കൊടുക്കും. 15അവൻ നിങ്ങളുടെ വിളവുകളിലും മുന്തിരിത്തോട്ടങ്ങളിലും ദശാംശം എടുത്ത് തന്റെ ഷണ്ഡന്മാർക്കും ഭൃത്യന്മാർക്കും കൊടുക്കും. 16അവൻ നിങ്ങളുടെ ദാസന്മാരെയും ദാസിമാരെയും നിങ്ങളുടെ കോമളയുവാക്കളെയും നിങ്ങളുടെ കഴുതകളെയും പിടിച്ച് തന്റെ വേലയ്ക്ക് ആക്കും. 17അവൻ നിങ്ങളുടെ ആടുകളിൽ പത്തിലൊന്ന് എടുക്കും; നിങ്ങൾ അവനു ദാസന്മാരായിത്തീരും. 18നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന രാജാവിന്റെ നിമിത്തം നിങ്ങൾ അന്നു നിലവിളിക്കും; എന്നാൽ യഹോവ അന്ന് ഉത്തരമരുളുകയില്ല. 19എന്നാൽ ശമൂവേലിന്റെ വാക്കു കൈക്കൊൾവാൻ ജനത്തിനു മനസ്സില്ലാതെ: അല്ല, ഞങ്ങൾക്ക് ഒരു രാജാവ് വേണം. 20മറ്റു സകല ജാതികളെയുംപോലെ ഞങ്ങളും ആകേണ്ടതിന് ഞങ്ങളുടെ രാജാവ് ഞങ്ങളെ ഭരിക്കയും ഞങ്ങൾക്കു നായകനായി പുറപ്പെടുകയും ഞങ്ങളുടെ യുദ്ധങ്ങളെ നടത്തുകയും വേണം എന്ന് അവർ പറഞ്ഞു. 21ശമൂവേൽ ജനത്തിന്റെ വാക്കെല്ലാം കേട്ട് യഹോവയോട് അറിയിച്ചു. 22യഹോവ ശമൂവേലിനോട്: അവരുടെ വാക്കു കേട്ട് അവർക്ക് ഒരു രാജാവിനെ വാഴിച്ചുകൊടുക്ക എന്നു കല്പിച്ചു. ശമൂവേൽ യിസ്രായേല്യരോട്: നിങ്ങൾ ഓരോരുത്തൻ താന്താന്റെ പട്ടണത്തിലേക്കു പൊയ്ക്കൊൾവിൻ എന്നു പറഞ്ഞു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 ശമൂവേൽ 8: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.