എന്നാൽ ശമൂവേൽ മരിച്ചുപോയിരുന്നു; യിസ്രായേലെല്ലാം അവനെക്കുറിച്ചു വിലപിച്ച് അവന്റെ സ്വന്തപട്ടണമായ രാമായിൽ അവനെ അടക്കം ചെയ്തിരുന്നു. ശൗലോ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്നു നീക്കിക്കളഞ്ഞിരുന്നു. എന്നാൽ ഫെലിസ്ത്യർ ഒന്നിച്ചുകൂടി ശൂനേമിൽ പാളയമിറങ്ങി; ശൗലും എല്ലാ യിസ്രായേലിനെയും ഒന്നിച്ചുകൂട്ടി ഗിൽബോവയിൽ പാളയമിറങ്ങി. ശൗൽ ഫെലിസ്ത്യരുടെ സൈന്യത്തെ കണ്ടു ഭയപ്പെട്ട് അവന്റെ ഹൃദയം ഏറ്റവും വിറച്ചു. ശൗൽ യഹോവയോടു ചോദിച്ചാറെ യഹോവ അവനോടു സ്വപ്നംകൊണ്ടോ ഊറീംകൊണ്ടോ പ്രവാചകന്മാരെക്കൊണ്ടോ ഉത്തരം അരുളിയില്ല. അപ്പോൾ ശൗൽ തന്റെ ഭൃത്യന്മാരോട്: എനിക്ക് ഒരു വെളിച്ചപ്പാടത്തിയെ അന്വേഷിപ്പിൻ; ഞാൻ അവളുടെ അടുക്കൽ ചെന്നു ചോദിക്കും എന്നു പറഞ്ഞു. അവന്റെ ഭൃത്യന്മാർ അവനോട്: ഏൻ-ദോരിൽ ഒരു വെളിച്ചപ്പാടത്തി ഉണ്ട് എന്നു പറഞ്ഞു. ശൗൽ വേഷം മാറി വേറേ വസ്ത്രം ധരിച്ച് രണ്ടാളെയും കൂട്ടി പോയി രാത്രിയിൽ ആ സ്ത്രീയുടെ അടുക്കൽ എത്തി: വെളിച്ചപ്പാടാത്മാവുകൊണ്ട് നീ എനിക്കായി പ്രശ്നം നോക്കുകയും ഞാൻ പറയുന്നവനെ വരുത്തിത്തരികയും ചെയ്യേണം എന്നു പറഞ്ഞു. സ്ത്രീ അവനോട്: ശൗൽ ചെയ്തിട്ടുള്ളത്, അവൻ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്നു ഛേദിച്ചുകളഞ്ഞതുതന്നെ നീ അറിയുന്നുവല്ലോ; എന്നെ കൊല്ലിപ്പാൻ നീ എന്റെ ജീവനു കെണി വയ്ക്കുന്നത് എന്തിന് എന്നു പറഞ്ഞു. യഹോവയാണ ഈ കാര്യംകൊണ്ട് നിനക്ക് ഒരു ദോഷവും ഭവിക്കയില്ല എന്നു ശൗൽ യഹോവയുടെ നാമത്തിൽ അവളോടു സത്യംചെയ്തു പറഞ്ഞു. ഞാൻ ആരെ വരുത്തിത്തരേണ്ടൂ എന്നു സ്ത്രീ ചോദിച്ചതിന്: ശമൂവേലിനെ വരുത്തിത്തരേണം എന്ന് അവൻ പറഞ്ഞു. സ്ത്രീ ശമൂവേലിനെ കണ്ടപ്പോൾ ഉച്ചത്തിൽ നിലവിളിച്ചു, ശൗലിനോട്: നീ എന്നെ ചതിച്ചത് എന്ത്? നീ ശൗൽ ആകുന്നുവല്ലോ എന്നു പറഞ്ഞു. രാജാവ് അവളോട്: ഭയപ്പെടേണ്ടാ, നീ കാണുന്നത് എന്ത് എന്നു ചോദിച്ചതിന്: ഒരു ദേവൻ ഭൂമിയിൽനിന്നു കയറിവരുന്നതു ഞാൻ കാണുന്നു എന്നു സ്ത്രീ ശൗലിനോടു പറഞ്ഞു. അവൻ അവളോട്: അവന്റെ രൂപം എന്ത് എന്നു ചോദിച്ചതിന് അവൾ: ഒരു വൃദ്ധൻ കയറിവരുന്നു; അവൻ ഒരു അങ്കിയും ധരിച്ചിരിക്കുന്നു എന്നു പറഞ്ഞു. എന്നാറെ അതു ശമൂവേൽ എന്നറിഞ്ഞു ശൗൽ സാഷ്ടാംഗം വീണു നമസ്കരിച്ചു. ശമൂവേൽ ശൗലിനോട്: നീ എന്നെ വിളിച്ചതിനാൽ എന്റെ സ്വസ്ഥതയ്ക്കു ഭംഗം വരുത്തിയത് എന്ത് എന്നു ചോദിച്ചു; അതിന് ശൗൽ: ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; ഫെലിസ്ത്യർ എന്നോടു യുദ്ധം ചെയ്യുന്നു; ദൈവം എന്നെ വിട്ടുമാറിയിരിക്കുന്നു; പ്രവാചകന്മാരെക്കൊണ്ടാകട്ടെ സ്വപ്നം കൊണ്ടാകട്ടെ എന്നോട് ഉത്തരമരുളുന്നില്ല; അതുകൊണ്ട് ഞാൻ എന്തു ചെയ്യേണമെന്ന് എനിക്കു പറഞ്ഞുതരേണ്ടതിന് ഞാൻ നിന്നെ വിളിപ്പിച്ചു എന്ന് ഉത്തരം പറഞ്ഞു. അതിന് ശമൂവേൽ പറഞ്ഞത്: ദൈവം നിന്നെ വിട്ടുമാറി നിനക്കു ശത്രുവായിത്തീർന്നിരിക്കെ നീ എന്തിന് എന്നോടു ചോദിക്കുന്നു? യഹോവ എന്നെക്കൊണ്ടു പറയിച്ചതുപോലെ അവൻ നിന്നോടു ചെയ്തിരിക്കുന്നു; രാജത്വം യഹോവ നിന്റെ കൈയിൽനിന്നു പറിച്ചെടുത്ത് നിന്റെ കൂട്ടുകാരനായ ദാവീദിനു കൊടുത്തിരിക്കുന്നു. നീ യഹോവയുടെ കല്പന കേട്ടില്ല; അമാലേക്കിന്റെമേൽ അവന്റെ ഉഗ്രകോപം നടത്തിയതുമില്ല; അതുകൊണ്ട് യഹോവ ഈ കാര്യം ഇന്ന് നിന്നോടു ചെയ്തിരിക്കുന്നു. യഹോവ നിന്നെയും യിസ്രായേലിനെയും ഫെലിസ്ത്യരുടെ കൈയിൽ ഏല്പിക്കും; നാളെ നീയും നിന്റെ പുത്രന്മാരും എന്നോടുകൂടെ ആകും; യിസ്രായേൽപാളയത്തെ യഹോവ ഫെലിസ്ത്യരുടെ കൈയിൽ ഏല്പിക്കും. പെട്ടെന്നു ശൗൽ നെടുനീളത്തിൽ നിലത്തു വീണു ശമൂവേലിന്റെ വാക്കുകൾ നിമിത്തം ഏറ്റവും ഭയപ്പെട്ടുപോയി; അവനിൽ ഒട്ടും ബലം ഇല്ലാതെയായി; അന്നു രാവും പകലും മുഴുവൻ അവൻ ഒന്നും ഭക്ഷിച്ചിട്ടില്ലായിരുന്നു. അപ്പോൾ ആ സ്ത്രീ ശൗലിന്റെ അടുക്കൽ വന്നു, അവൻ ഏറ്റവും പരിഭ്രമിച്ചിരിക്കുന്നതു കണ്ട് അവനോട്: അടിയൻ നിന്റെ വാക്കു കേട്ട് ജീവനെ ഉപേക്ഷിച്ചുംകൊണ്ട്, നീ എന്നോടു പറഞ്ഞ വാക്ക് അനുസരിച്ചിരിക്കുന്നുവല്ലോ. ആകയാൽ അടിയന്റെ വാക്ക് നീയും കേൾക്കേണമേ. ഞാൻ ഒരു കഷണം അപ്പം നിന്റെ മുമ്പിൽ വയ്ക്കട്ടെ; നീ തിന്നേണം; എന്നാൽ നിന്റെ വഴിക്കു പോകുവാൻ നിനക്കു ബലം ഉണ്ടാകും എന്നു പറഞ്ഞു. അതിന് അവൻ: വേണ്ടാ, ഞാൻ തിന്നുകയില്ല എന്നു പറഞ്ഞു; എങ്കിലും അവന്റെ ഭൃത്യന്മാരും ആ സ്ത്രീയും അവനെ നിർബന്ധിച്ചു; അവൻ അവരുടെ വാക്കു കേട്ടു നിലത്തുനിന്ന് എഴുന്നേറ്റ് മെത്തമേൽ ഇരുന്നു. സ്ത്രീയുടെ വീട്ടിൽ ഒരു തടിച്ച പശുക്കിടാവ് ഉണ്ടായിരുന്നു; അവൾ ക്ഷണത്തിൽ അതിനെ അറുത്ത് മാവും എടുത്തു കുഴച്ച് പുളിപ്പില്ലാത്ത അപ്പം ചുട്ടു. അവൾ അതു ശൗലിന്റെയും ഭൃത്യന്മാരുടെയും മുമ്പിൽ വച്ചു. അവർ തിന്ന് എഴുന്നേറ്റ് രാത്രിയിൽതന്നെ പോയി.
1 ശമൂവേൽ 28 വായിക്കുക
കേൾക്കുക 1 ശമൂവേൽ 28
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 ശമൂവേൽ 28:3-25
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ