1 ശമൂവേൽ 25:26-34

1 ശമൂവേൽ 25:26-34 MALOVBSI

ആകയാൽ യജമാനനേ, യഹോവയാണ, നിന്നാണ, രക്തപാതകവും സ്വന്തകൈയാൽ പ്രതികാരവും ചെയ്യാതവണ്ണം യഹോവ നിന്നെ തടുത്തിരിക്കുന്നു; നിന്റെ ശത്രുക്കളും യജമാനനു ദോഷം വിചാരിക്കുന്നവരും നാബാലിനെപ്പോലെ ആകട്ടെ. ഇപ്പോൾ യജമാനന്റെ അടുക്കൽ അടിയൻ കൊണ്ടുവന്നിരിക്കുന്ന ഈ കാഴ്ച യജമാനന്റെ പരിചാരകരായ ബാല്യക്കാർക്ക് ഇരിക്കട്ടെ. അടിയന്റെ കുറ്റം ക്ഷമിക്കേണമേ; യഹോവ യജമാനന് സ്ഥിരമായൊരു ഭവനം പണിയും; യഹോവയുടെ യുദ്ധങ്ങളെയല്ലോ യജമാനൻ നടത്തുന്നത്. ആയുഷ്കാലത്തൊരിക്കലും നിന്നിൽ ദോഷം കാണുകയില്ല. മനുഷ്യൻ നിന്നെ പിന്തുടർന്ന് നിനക്കു ജീവഹാനി വരുത്തുവാൻ എഴുന്നേറ്റാലും യജമാനന്റെ പ്രാണൻ നിന്റെ ദൈവമായ യഹോവയുടെ പക്കൽ ജീവഭാണ്ഡത്തിൽ കെട്ടപ്പെട്ടിരിക്കും; നിന്റെ ശത്രുക്കളുടെ പ്രാണങ്ങളെയോ അവൻ കവിണയുടെ തടത്തിൽനിന്ന് എന്നപോലെ എറിഞ്ഞുകളയും. എന്നാൽ യഹോവ യജമാനന് വാഗ്ദാനം ചെയ്തിരിക്കുന്ന എല്ലാ നന്മയും നിവർത്തിച്ചുതന്ന് നിന്നെ യിസ്രായേലിനു പ്രഭുവാക്കി വയ്ക്കുമ്പോൾ അകാരണമായി രക്തം ചിന്നുകയും യജമാനൻ താൻ തന്നെ പ്രതികാരം നടത്തുകയും ചെയ്തുപോയി എന്നുള്ള ചഞ്ചലവും മനോവ്യഥയും യജമാനന് ഉണ്ടാകയില്ല; എന്നാൽ യഹോവ യജമാനനു നന്മ ചെയ്യുമ്പോൾ അടിയനെയും ഓർത്തുകൊള്ളേണമേ. ദാവീദ് അബീഗയിലിനോടു പറഞ്ഞത്: എന്നെ എതിരേല്പാൻ നിന്നെ ഇന്ന് അയച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു സ്തോത്രം. നിന്റെ വിവേകം സ്തുത്യം; രക്തപാതകവും സ്വന്തകൈയാൽ പ്രതികാരവും ചെയ്യാതവണ്ണം എന്നെ ഇന്നു തടുത്തിരിക്കുന്ന നീയും അനുഗ്രഹിക്കപ്പെട്ടവൾ. നിന്നോടു ദോഷം ചെയ്യാതവണ്ണം എന്നെ തടുത്തിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, നീ ബദ്ധപ്പെട്ട് എന്നെ എതിരേറ്റു വന്നിരുന്നില്ലെങ്കിൽ നേരം പുലരുമ്പോഴേക്കും പുരുഷപ്രജയൊന്നും നാബാലിനു ശേഷിക്കയില്ലായിരുന്നു.