1 ശമൂവേൽ 23:13-29

1 ശമൂവേൽ 23:13-29 MALOVBSI

അപ്പോൾ ദാവീദും അറുനൂറു പേരോളം ഉള്ള അവന്റെ ആളുകളും കെയീലയെ വിട്ടു പുറപ്പെട്ട് തരം കണ്ടേടത്തു സഞ്ചരിച്ചു. ദാവീദ് കെയീല വിട്ട് ഓടിപ്പോയി എന്ന് ശൗൽ അറിഞ്ഞപ്പോൾ അവൻ യാത്ര നിർത്തിവച്ചു. ദാവീദ് മരുഭൂമിയിലെ ദുർഗങ്ങളിൽ താമസിച്ചു. സീഫ്മരുഭൂമിയിലെ മലനാട്ടിൽ പാർത്തു; ഇക്കാലത്തൊക്കെയും ശൗൽ അവനെ തിരഞ്ഞുകൊണ്ടിരുന്നു; എങ്കിലും ദൈവം അവനെ അവന്റെ കൈയിൽ ഏല്പിച്ചില്ല. തന്റെ ജീവനെ തേടി ശൗൽ പുറപ്പെട്ടിരിക്കുന്നു എന്നു ദാവീദ് കണ്ടു; അന്നു ദാവീദ് സീഫ്മരുഭൂമിയിലെ ഒരു കാട്ടിൽ ആയിരുന്നു. അനന്തരം ശൗലിന്റെ മകനായ യോനാഥാൻ പുറപ്പെട്ട് ആ കാട്ടിൽ ദാവീദിന്റെ അടുക്കൽ ചെന്ന് അവനെ ദൈവത്തിൽ ധൈര്യപ്പെടുത്തി അവനോട്: ഭയപ്പെടേണ്ടാ, എന്റെ അപ്പനായ ശൗലിന് നിന്നെ പിടികിട്ടുകയില്ല; നീ യിസ്രായേലിനു രാജാവാകും; അന്നു ഞാൻ നിനക്കു രണ്ടാമനും ആയിരിക്കും; അത് എന്റെ അപ്പനായ ശൗലും അറിയുന്നു എന്നു പറഞ്ഞു. ഇങ്ങനെ അവർ തമ്മിൽ യഹോവയുടെ സന്നിധിയിൽ ഉടമ്പടി ചെയ്തു; ദാവീദ് കാട്ടിൽ താമസിക്കയും യോനാഥാൻ വീട്ടിലേക്കു പോകയും ചെയ്തു. അനന്തരം സീഫ്യർ ഗിബെയയിൽ ശൗലിന്റെ അടുക്കൽ വന്നു: ദാവീദ് ഞങ്ങളുടെ സമീപം മരുഭൂമിക്ക് തെക്കുള്ള ഹഖീലമലയിലെ വനദുർഗങ്ങളിൽ ഒളിച്ചിരിക്കുന്നു. ആകയാൽ രാജാവേ, തിരുമനസ്സിലെ ആഗ്രഹംപോലെ വന്നുകൊള്ളേണം; അവനെ രാജാവിന്റെ കൈയിൽ ഏല്പിച്ചുതരുന്ന കാര്യം ഞങ്ങൾ ഏറ്റിരിക്കുന്നു എന്നു പറഞ്ഞു. അതിന് ശൗൽ പറഞ്ഞത്: നിങ്ങൾക്ക് എന്നോടു മനസ്സലിവ് തോന്നിയിരിക്കകൊണ്ടു നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ. നിങ്ങൾ പോയി ഇനിയും സൂക്ഷ്മമായി അന്വേഷിച്ച് അവന്റെ സഞ്ചാരം എവിടെയൊക്കെ ആകുന്നു എന്നും അവിടങ്ങളിൽ അവനെ കണ്ടവർ ആരെല്ലാമെന്നും അറിഞ്ഞുകൊൾവിൻ; അവൻ വലിയ ഉപായി ആകുന്നു എന്നു ഞാൻ കേട്ടിരിക്കുന്നു. ആകയാൽ അവൻ ഒളിച്ചിരിക്കുന്ന ഒളിവിടങ്ങളെല്ലാം കണ്ടറിഞ്ഞുവന്ന് സൂക്ഷ്മവിവരം എന്നെ അറിയിപ്പിൻ; ഞാൻ നിങ്ങളോടുകൂടെ പോരും; അവൻ ദേശത്ത് എങ്ങാനും ഉണ്ടെന്നുവരികിൽ ഞാൻ അവനെ യെഹൂദാ സഹസ്രങ്ങളിലൊക്കെയും അന്വേഷിച്ചു പിടിക്കും. അങ്ങനെ അവർ പുറപ്പെട്ട് ശൗലിനു മുമ്പേ സീഫിലേക്കു പോയി; എന്നാൽ ദാവീദും അവന്റെ ആളുകളും മരുഭൂമിയുടെ തെക്ക് അരാബായിലെ മാവോൻമരുവിൽ ആയിരുന്നു. ശൗലും അവന്റെ പടജ്ജനവും അവനെ തിരയുവാൻ പുറപ്പെട്ടു. അത് ദാവീദിന് അറിവു കിട്ടിയപ്പോൾ അവൻ മാവോൻമരുവിലെ സേലയിൽ ചെന്നു താമസിച്ചു. ശൗൽ അതു കേട്ടപ്പോൾ മാവോൻമരുവിൽ ദാവീദിനെ പിന്തുടർന്നു. ശൗൽ പർവതത്തിന്റെ ഇപ്പുറത്തും ദാവീദും ആളുകളും പർവതത്തിന്റെ അപ്പുറത്തുംകൂടി നടന്നു; ശൗലിനെ ഒഴിഞ്ഞുപോകുവാൻ ദാവീദ് ബദ്ധപ്പെട്ടു; ശൗലും പടജ്ജനവും ദാവീദിനെയും അവന്റെ ആളുകളെയും വളഞ്ഞുപിടിപ്പാൻ അടുത്തു. അപ്പോൾ ശൗലിന്റെ അടുക്കൽ ഒരു ദൂതൻ വന്നു: ക്ഷണം വരേണം; ഫെലിസ്ത്യർ ദേശത്തെ ആക്രമിച്ചിരിക്കുന്നു എന്നു പറഞ്ഞു. ഉടനെ ശൗൽ ദാവീദിനെ പിന്തുടരുന്നതു വിട്ട് ഫെലിസ്ത്യരുടെ നേരേ പോയി; ആകയാൽ ആ സ്ഥലത്തിനു സേല-ഹമ്മാഹ്ലെക്കോത്ത് എന്നു പേരായി. ദാവീദോ അവിടം വിട്ട് കയറിപ്പോയി ഏൻ-ഗെദിയിലെ ദുർഗങ്ങളിൽ ചെന്നു പാർത്തു.