ആകയാൽ നിങ്ങളുടെ മനസ്സ് ഉറപ്പിച്ചു നിർമദരായി യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിങ്കൽ നിങ്ങൾക്കു വരുവാനുള്ള കൃപയിൽ പൂർണപ്രത്യാശ വച്ചുകൊൾവിൻ. പണ്ടു നിങ്ങളുടെ അജ്ഞാനകാലത്ത് ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കാതെ നിങ്ങളെ വിളിച്ച വിശുദ്ധന് ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാ നടപ്പിലും വിശുദ്ധരാകുവിൻ. “ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ” എന്ന് എഴുതിയിരിക്കുന്നുവല്ലോ. മുഖപക്ഷം കൂടാതെ ഓരോരുത്തന്റെ പ്രവൃത്തിക്കു തക്കവണ്ണം ന്യായം വിധിക്കുന്നവനെ നിങ്ങൾ പിതാവ് എന്നു വിളിക്കുന്നു എങ്കിൽ നിങ്ങളുടെ പ്രവാസകാലം ഭയത്തോടെ കഴിപ്പിൻ. വ്യർഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്ന്, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല, ക്രിസ്തു എന്ന നിർദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തം കൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ. അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു. നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ വച്ചുകൊള്ളേണ്ടതിനു ദൈവം അവനെ മരിച്ചവരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച്, അവനു തേജസ്സു കൊടുത്തുമിരിക്കുന്നു. എന്നാൽ സത്യം അനുസരിക്കയാൽ നിങ്ങളുടെ ആത്മാക്കളെ നിർവ്യാജമായ സഹോദരപ്രീതിക്കായി നിർമ്മലീകരിച്ചിരിക്കകൊണ്ടു ഹൃദയപൂർവം അന്യോന്യം ഉറ്റുസ്നേഹിപ്പിൻ. കെടുന്ന ബീജത്താലല്ല, കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽതന്നെ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു. “സകല ജഡവും പുല്ലുപോലെയും അതിന്റെ ഭംഗി എല്ലാം പുല്ലിന്റെ പൂപോലെയും ആകുന്നു; പുല്ലു വാടി, പൂവുതിർന്നുപോയി; കർത്താവിന്റെ വചനമോ എന്നേക്കും നിലനില്ക്കുന്നു.” അത് ആകുന്നു നിങ്ങളോടു പ്രസംഗിച്ച വചനം.
1 പത്രൊസ് 1 വായിക്കുക
കേൾക്കുക 1 പത്രൊസ് 1
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 പത്രൊസ് 1:13-25
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ