1 രാജാക്കന്മാർ 8:1-11

1 രാജാക്കന്മാർ 8:1-11 MALOVBSI

പിന്നെ യഹോവയുടെ നിയമപെട്ടകം സീയോൻ എന്ന ദാവീദിന്റെ നഗരത്തിൽ നിന്നു കൊണ്ടുവരേണ്ടതിനു ശലോമോൻ യിസ്രായേൽമൂപ്പന്മാരെയും യിസ്രായേൽമക്കളുടെ പിതൃഭവനങ്ങളിലെ പ്രഭുക്കന്മാരായ സകല ഗോത്രപ്രധാനികളെയും യെരൂശലേമിൽ ശലോമോൻരാജാവിന്റെ അടുക്കൽ കൂട്ടിവരുത്തി. യിസ്രായേൽപുരുഷന്മാരൊക്കെയും ഏഴാം മാസമായ ഏഥാനീംമാസത്തിലെ ഉത്സവത്തിൽ ശലോമോൻരാജാവിന്റെ അടുക്കൽ വന്നുകൂടി. യിസ്രായേൽമൂപ്പന്മാരൊക്കെയും വന്നപ്പോൾ പുരോഹിതന്മാർ യഹോവയുടെ പെട്ടകം എടുത്തു. അവർ യഹോവയുടെ പെട്ടകവും സമാഗമനകൂടാരവും കൂടാരത്തിലെ വിശുദ്ധഉപകരണങ്ങളൊക്കെയും കൊണ്ടുവന്നു; പുരോഹിതന്മാരും ലേവ്യരുമത്രേ അവയെ കൊണ്ടുവന്നത്. ശലോമോൻരാജാവും അവന്റെ അടുക്കൽ വന്നുകൂടിയ യിസ്രായേൽസഭയൊക്കെയും അവനോടുകൂടെ പെട്ടകത്തിനു മുമ്പിൽ എണ്ണവും കണക്കുമില്ലാതെ അനവധി ആടുകളെയും കാളകളെയും യാഗം കഴിച്ചു. പുരോഹിതന്മാർ യഹോവയുടെ നിയമപെട്ടകം അതിന്റെ സ്ഥലത്ത്, ആലയത്തിലെ അന്തർമന്ദിരത്തിൽ അതിവിശുദ്ധസ്ഥലത്ത്, കെരൂബുകളുടെ ചിറകിൻകീഴെ കൊണ്ടുചെന്നു വച്ചു. കെരൂബുകൾ പെട്ടകത്തിന്റെ സ്ഥലത്തിനു മീതെ ചിറകു വിരിച്ച് പെട്ടകത്തെയും അതിന്റെ തണ്ടുകളെയും മൂടി നിന്നു. തണ്ടുകൾ നീണ്ടിരിക്കയാൽ തണ്ടുകളുടെ അറ്റങ്ങൾ അന്തർമന്ദിരത്തിന്റെ മുമ്പിലുള്ള വിശുദ്ധമന്ദിരത്തിൽനിന്നു കാണും; എങ്കിലും പുറത്തുനിന്നു കാണുകയില്ല; അവ ഇന്നുവരെയും അവിടെ ഇരിക്കുന്നു. യിസ്രായേൽമക്കൾ മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം യഹോവ അവരോടു നിയമം ചെയ്തപ്പോൾ മോശെ ഹോറേബിൽവച്ച് അതിൽ വച്ചിരുന്ന രണ്ടു കല്പലകയല്ലാതെ പെട്ടകത്തിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല; പുരോഹിതന്മാർ വിശുദ്ധമന്ദിരത്തിൽനിന്നു പുറപ്പെട്ടപ്പോൾ മേഘം യഹോവയുടെ ആലയത്തിൽ നിറഞ്ഞു. യഹോവയുടെ തേജസ്സ് യഹോവയുടെ ആലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ട് മേഘം നിമിത്തം ശുശ്രൂഷ ചെയ്യേണ്ടതിനു നില്പാൻ പുരോഹിതന്മാർക്കു കഴിഞ്ഞില്ല.