1 രാജാക്കന്മാർ 3:1-9

1 രാജാക്കന്മാർ 3:1-9 MALOVBSI

അനന്തരം ശലോമോൻ മിസ്രയീംരാജാവായ ഫറവോനോടു സംബന്ധംകൂടി, ഫറവോന്റെ മകളെ വിവാഹം ചെയ്തു; തന്റെ അരമനയും യഹോവയുടെ ആലയവും യെരൂശലേമിനു ചുറ്റും മതിലും പണിതു തീരുവോളം അവളെ ദാവീദിന്റെ നഗരത്തിൽ കൊണ്ടുവന്നു പാർപ്പിച്ചു. എന്നാൽ ആ കാലംവരെ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയാതെ ഇരുന്നതുകൊണ്ട് ജനം പൂജാഗിരികളിൽവച്ചു യാഗം കഴിച്ചുപോന്നു. ശലോമോൻ യഹോവയെ സ്നേഹിച്ചു, തന്റെ അപ്പനായ ദാവീദിന്റെ ചട്ടങ്ങളെ അനുസരിച്ചു നടന്നു എങ്കിലും അവൻ പൂജാഗിരികളിൽവച്ചു യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തു. രാജാവ് ഗിബെയോനിൽ യാഗം കഴിപ്പാൻ പോയി; അതു പ്രധാന പൂജാഗിരിയായിരുന്നു; അവിടത്തെ യാഗപീഠത്തിന്മേൽ ശലോമോൻ ആയിരം ഹോമയാഗം അർപ്പിച്ചു. ഗിബെയോനിൽവച്ചു യഹോവ രാത്രിയിൽ ശലോമോനു സ്വപ്നത്തിൽ പ്രത്യക്ഷനായി; നിനക്കു വേണ്ടുന്ന വരം ചോദിച്ചുകൊൾക എന്നു ദൈവം അരുളിച്ചെയ്തു. അതിനു ശലോമോൻ പറഞ്ഞത് എന്തെന്നാൽ: എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസൻ സത്യത്തോടും നീതിയോടും ഹൃദയപരമാർഥതയോടുംകൂടെ നിന്റെ മുമ്പാകെ നടന്നതിന് ഒത്തവണ്ണം നീ അവനു വലിയ കൃപ ചെയ്ത് ഈ വലിയ കൃപ അവനായി പാലിക്കയും ഇന്നുള്ളതുപോലെ അവന്റെ സിംഹാസനത്തിൽ ഇരിപ്പാൻ അവന് ഒരു മകനെ നല്കയും ചെയ്തിരിക്കുന്നു. എന്റെ ദൈവമായ യഹോവേ, നീ അടിയനെ ഇപ്പോൾ എന്റെ അപ്പനായ ദാവീദിനു പകരം രാജാവാക്കിയിരിക്കുന്നു. ഞാനോ ഒരു ബാലനത്രേ; കാര്യാദികൾ നടത്തുവാൻ എനിക്കറിവില്ല. നീ തിരഞ്ഞെടുത്തതും പെരുപ്പം നിമിത്തം എണ്ണവും കണക്കും ഇല്ലാത്തതുമായി വലിയൊരു മഹാജാതിയായ നിന്റെ ജനത്തിന്റെ മധ്യേ അടിയൻ ഇരിക്കുന്നു. ആകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞ് നിന്റെ ജനത്തിനു ന്യായപാലനം ചെയ്‍വാൻ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ; അതുകൂടാതെ നിന്റെ ഈ വലിയ ജനത്തിന് ന്യായപാലനം ചെയ്‍വാൻ ആർക്കു കഴിയും.

1 രാജാക്കന്മാർ 3:1-9 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും