1 രാജാക്കന്മാർ 3:1-9
1 രാജാക്കന്മാർ 3:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം ശലോമോൻ മിസ്രയീംരാജാവായ ഫറവോനോടു സംബന്ധംകൂടി, ഫറവോന്റെ മകളെ വിവാഹം ചെയ്തു; തന്റെ അരമനയും യഹോവയുടെ ആലയവും യെരൂശലേമിനു ചുറ്റും മതിലും പണിതു തീരുവോളം അവളെ ദാവീദിന്റെ നഗരത്തിൽ കൊണ്ടുവന്നു പാർപ്പിച്ചു. എന്നാൽ ആ കാലംവരെ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയാതെ ഇരുന്നതുകൊണ്ട് ജനം പൂജാഗിരികളിൽവച്ചു യാഗം കഴിച്ചുപോന്നു. ശലോമോൻ യഹോവയെ സ്നേഹിച്ചു, തന്റെ അപ്പനായ ദാവീദിന്റെ ചട്ടങ്ങളെ അനുസരിച്ചു നടന്നു എങ്കിലും അവൻ പൂജാഗിരികളിൽവച്ചു യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തു. രാജാവ് ഗിബെയോനിൽ യാഗം കഴിപ്പാൻ പോയി; അതു പ്രധാന പൂജാഗിരിയായിരുന്നു; അവിടത്തെ യാഗപീഠത്തിന്മേൽ ശലോമോൻ ആയിരം ഹോമയാഗം അർപ്പിച്ചു. ഗിബെയോനിൽവച്ചു യഹോവ രാത്രിയിൽ ശലോമോനു സ്വപ്നത്തിൽ പ്രത്യക്ഷനായി; നിനക്കു വേണ്ടുന്ന വരം ചോദിച്ചുകൊൾക എന്നു ദൈവം അരുളിച്ചെയ്തു. അതിനു ശലോമോൻ പറഞ്ഞത് എന്തെന്നാൽ: എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസൻ സത്യത്തോടും നീതിയോടും ഹൃദയപരമാർഥതയോടുംകൂടെ നിന്റെ മുമ്പാകെ നടന്നതിന് ഒത്തവണ്ണം നീ അവനു വലിയ കൃപ ചെയ്ത് ഈ വലിയ കൃപ അവനായി പാലിക്കയും ഇന്നുള്ളതുപോലെ അവന്റെ സിംഹാസനത്തിൽ ഇരിപ്പാൻ അവന് ഒരു മകനെ നല്കയും ചെയ്തിരിക്കുന്നു. എന്റെ ദൈവമായ യഹോവേ, നീ അടിയനെ ഇപ്പോൾ എന്റെ അപ്പനായ ദാവീദിനു പകരം രാജാവാക്കിയിരിക്കുന്നു. ഞാനോ ഒരു ബാലനത്രേ; കാര്യാദികൾ നടത്തുവാൻ എനിക്കറിവില്ല. നീ തിരഞ്ഞെടുത്തതും പെരുപ്പം നിമിത്തം എണ്ണവും കണക്കും ഇല്ലാത്തതുമായി വലിയൊരു മഹാജാതിയായ നിന്റെ ജനത്തിന്റെ മധ്യേ അടിയൻ ഇരിക്കുന്നു. ആകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞ് നിന്റെ ജനത്തിനു ന്യായപാലനം ചെയ്വാൻ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ; അതുകൂടാതെ നിന്റെ ഈ വലിയ ജനത്തിന് ന്യായപാലനം ചെയ്വാൻ ആർക്കു കഴിയും.
1 രാജാക്കന്മാർ 3:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശലോമോൻ ഈജിപ്തിലെ രാജാവായ ഫറവോയുടെ പുത്രിയെ വിവാഹം ചെയ്ത് അയാളുമായി ബന്ധുത്വം സ്ഥാപിച്ചു. തനിക്ക് കൊട്ടാരവും സർവേശ്വരന് ആലയവും യെരൂശലേമിനു ചുറ്റുമതിലും പണിതു തീരുന്നതുവരെ ശലോമോൻ അവളെ ദാവീദിന്റെ നഗരത്തിൽ പാർപ്പിച്ചു. അതുവരെയും സർവേശ്വരന് ഒരു ആലയം നിർമ്മിച്ചിരുന്നില്ല. അതുകൊണ്ട് പൂജാഗിരികളിലാണു യാഗം കഴിച്ചുപോന്നത്. ശലോമോൻ സർവേശ്വരനെ സ്നേഹിച്ചു; പിതാവായ ദാവീദിന്റെ കല്പന കളെല്ലാം അനുസരിക്കുകയും ചെയ്തു. ശലോമോനും പൂജാഗിരികളിലാണ് യാഗം കഴിക്കുകയും ധൂപം അർപ്പിക്കുകയും ചെയ്തുപോന്നത്. ഒരിക്കൽ രാജാവ് യാഗംകഴിക്കാൻ ഗിബെയോനിലുള്ള പ്രധാന പൂജാഗിരിയിലേക്കു പോയി; അവിടെ അദ്ദേഹം ആയിരം ഹോമയാഗങ്ങൾ അർപ്പിച്ചിട്ടുണ്ടായിരുന്നു. ഗിബെയോനിൽ വച്ചു സർവേശ്വരൻ രാത്രിയിൽ ശാലോമോനു സ്വപ്നത്തിൽ പ്രത്യക്ഷനായി ചോദിച്ചു: “ഞാൻ എന്തു വരം നല്‌കണമെന്നാണ് നീ ആഗ്രഹിക്കുന്നത്.” ശലോമോൻ പറഞ്ഞു: “അവിടുത്തെ ദാസനും എന്റെ പിതാവുമായ ദാവീദ് തിരുമുമ്പിൽ വിശ്വസ്തതയും നീതിബോധവും സത്യസന്ധതയും പുലർത്തി. അവിടുന്ന് അദ്ദേഹത്തെ അത്യന്തം സ്നേഹിച്ചു; അവിടുത്തെ സ്നേഹം സുസ്ഥിരമായിരുന്നു; അദ്ദേഹത്തിന്റെ പിൻഗാമിയായി രാജ്യഭരണം നടത്താൻ ഒരു പുത്രനെ നല്‌കുകയും ചെയ്തു. എന്റെ ദൈവമായ സർവേശ്വരാ, അങ്ങ് അടിയനെ എന്റെ പിതാവായ ദാവീദിനു പകരം രാജാവാക്കിയിരിക്കുന്നുവല്ലോ; ഞാൻ ആകട്ടെ ഭരണപരിചയമില്ലാത്ത വെറും ഒരു ബാലൻ മാത്രം. അങ്ങ് തിരഞ്ഞെടുത്തതും ഗണനാതീതവും ആയ ഒരു വലിയ ജനതയുടെ മധ്യത്തിലാണു ഞാൻ ഇപ്പോൾ. ഈ വലിയ ജനതയെ ഭരിക്കാൻ ആർക്കു കഴിയും? നന്മയും തിന്മയും വിവേചിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ യഥായോഗ്യം ഭരിക്കുന്നതിനാവശ്യമായ ജ്ഞാനം ഈ ദാസനു നല്‌കണമേ.”
1 രാജാക്കന്മാർ 3:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അനന്തരം ശലോമോൻ മിസ്രയീമിലെ രാജാവായ ഫറവോനുമായി സംബന്ധം കൂടി, അദ്ദേഹത്തിന്‍റെ മകളെ വിവാഹംചെയ്തു; തന്‍റെ അരമനയും യഹോവയുടെ ആലയവും യെരൂശലേമിന്‍റെ ചുറ്റുമുള്ള മതിലും പണിതുതീരുവോളം അവളെ ദാവീദിന്റെ നഗരത്തിൽ പാർപ്പിച്ചു. എന്നാൽ ആ കാലം വരെ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയപ്പെട്ടിരുന്നില്ല; അതുകൊണ്ട് ജനം പൂജാഗിരികളിൽവച്ച് യാഗം കഴിച്ചുപോന്നു. ശലോമോൻ യഹോവയെ സ്നേഹിച്ച്, തന്‍റെ അപ്പനായ ദാവീദിന്റെ ചട്ടങ്ങളെ അനുസരിച്ചുനടന്നു; എങ്കിലും അവൻ പൂജാഗിരികളിൽവച്ച് യാഗം കഴിക്കുകയും ധൂപം കാട്ടുകയും ചെയ്തു. രാജാവ് പ്രധാനപൂജാഗിരിയായ ഗിബെയോനിൽ യാഗം കഴിക്കുവാൻ പോയി; അവിടെയുള്ള യാഗപീഠത്തിന്മേൽ ശലോമോൻ ആയിരം ഹോമയാഗം അർപ്പിച്ചു. ഗിബെയോനിൽവച്ചു യഹോവ രാത്രിയിൽ ശലോമോനു സ്വപ്നത്തിൽ പ്രത്യക്ഷനായി; “നിനക്കു എന്തു വേണമെന്നു ചോദിച്ചു കൊൾക” എന്നു ദൈവം അരുളിച്ചെയ്തു. അതിന് ശലോമോൻ മറുപടി പറഞ്ഞത്: “എന്‍റെ അപ്പനായ ദാവീദ് എന്ന അവിടുത്തെ ദാസൻ സത്യത്തോടും നീതിയോടും ഹൃദയപരമാർത്ഥതയോടും കൂടെ അങ്ങേയുടെ മുമ്പാകെ നടന്നതിന് ഒത്തവണ്ണം അങ്ങ് അവന് വലിയ കൃപ ചെയ്തു; ഈ വലിയ കൃപ തുടരുകയും, ഇന്നുള്ളതുപോലെ അവന്റെ സിംഹാസനത്തിൽ ഇരിപ്പാൻ അവന് ഒരു മകനെ നല്കുകയും ചെയ്തിരിക്കുന്നു. എന്റെ ദൈവമായ യഹോവേ, അങ്ങ് അടിയനെ ഇപ്പോൾ എന്റെ അപ്പനായ ദാവീദിനു പകരം രാജാവാക്കിയിരിക്കുന്നു. ഞാനോ ഒരു ബാലനത്രേ; ചുമതലകൾ നിറവേറ്റുവാൻ എനിക്ക് അറിവില്ല. അങ്ങ് തിരഞ്ഞെടുത്തതും എണ്ണിക്കൂടാതവണ്ണം വലിപ്പവും ഉള്ള മഹാജാതിയായ ഒരു ജനത്തിന്‍റെ മദ്ധ്യേ അടിയൻ ഇരിക്കുന്നു. ആകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞ് അങ്ങേയുടെ ജനത്തിന് ന്യായപാലനം ചെയ്വാൻ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ; അതില്ലാതെ ഈ വലിയ ജനത്തിന് ന്യായപാലനം ചെയ്വാൻ ആർക്കു കഴിയും?”
1 രാജാക്കന്മാർ 3:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം ശലോമോൻ മിസ്രയീംരാജാവായ ഫറവോനോടു സംബന്ധംകൂടി, ഫറവോന്റെ മകളെ വിവാഹം ചെയ്തു; തന്റെ അരമനയും യഹോവയുടെ ആലയവും യെരൂശലേമിന്നു ചുറ്റും മതിലും പണിതു തീരുവോളം അവളെ ദാവീദിന്റെ നഗരത്തിൽ കൊണ്ടുവന്നു പാർപ്പിച്ചു. എന്നാൽ ആ കാലംവരെ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിയാതെ ഇരുന്നതുകൊണ്ടു ജനം പൂജാഗിരികളിൽവെച്ചു യാഗം കഴിച്ചുപോന്നു. ശലോമോൻ യഹോവയെ സ്നേഹിച്ചു, തന്റെ അപ്പനായ ദാവീദിന്റെ ചട്ടങ്ങളെ അനുസരിച്ചുനടന്നു എങ്കിലും അവൻ പൂജാഗിരികളിൽവെച്ചു യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തു. രാജാവു ഗിബെയോനിൽ യാഗം കഴിപ്പാൻ പോയി; അതു പ്രധാനപൂജാഗിരിയായിരുന്നു; അവിടത്തെ യാഗപീഠത്തിന്മേൽ ശലോമോൻ ആയിരം ഹോമയാഗം അർപ്പിച്ചു. ഗിബെയോനിൽവെച്ചു യഹോവ രാത്രിയിൽ ശലോമോന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി; നിനക്കു വേണ്ടുന്ന വരം ചോദിച്ചുകൊൾക എന്നു ദൈവം അരുളിച്ചെയ്തു. അതിന്നു ശലോമോൻ പറഞ്ഞതു എന്തെന്നാൽ: എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസൻ സത്യത്തോടും നീതിയോടും ഹൃദയപരമാർത്ഥതയോടും കൂടെ നിന്റെ മുമ്പാകെ നടന്നതിന്നു ഒത്തവണ്ണം നീ അവന്നു വലിയ കൃപ ചെയ്തു ഈ വലിയ കൃപ അവന്നായി പാലിക്കയും ഇന്നുള്ളതുപോലെ അവന്റെ സിംഹാസനത്തിൽ ഇരിപ്പാൻ അവന്നു ഒരു മകനെ നല്കുകയും ചെയ്തിരിക്കുന്നു. എന്റെ ദൈവമായ യഹോവേ, നീ അടിയനെ ഇപ്പോൾ എന്റെ അപ്പനായ ദാവീദിന്നു പകരം രാജാവാക്കിയിരിക്കുന്നു. ഞാനോ ഒരു ബാലനത്രേ; കാര്യാദികൾ നടത്തുവാൻ എനിക്കു അറിവില്ല. നീ തിരഞ്ഞെടുത്തതും പെരുപ്പംനിമിത്തം എണ്ണവും കണക്കും ഇല്ലാത്തതുമായി വലിയോരു മഹാജാതിയായ നിന്റെ ജനത്തിന്റെ മദ്ധ്യേ അടിയൻ ഇരിക്കുന്നു. ആകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞു നിന്റെ ജനത്തിന്നു ന്യായപാലനം ചെയ്വാൻ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ; അതുകൂടാതെ നിന്റെ ഈ വലിയ ജനത്തിന്നു ന്യായപാലനം ചെയ്വാൻ ആർക്കു കഴിയും.
1 രാജാക്കന്മാർ 3:1-9 സമകാലിക മലയാളവിവർത്തനം (MCV)
ശലോമോൻ ഈജിപ്റ്റിലെ രാജാവായ ഫറവോന്റെ മകളെ വിവാഹംകഴിച്ച് അദ്ദേഹവുമായി ഒരു ബന്ധം സ്ഥാപിച്ചു. തന്റെ അരമനയും യഹോവയുടെ ആലയവും ജെറുശലേമിനു ചുറ്റുമുള്ള മതിലും പണിതുതീരുന്നതുവരെ ശലോമോൻ അവളെ കൊണ്ടുവന്ന് ദാവീദിന്റെ നഗരത്തിൽ പാർപ്പിച്ചു. യഹോവയുടെ നാമത്തിൽ ഒരു ആലയം അന്നുവരെയും പണിയപ്പെട്ടിരുന്നില്ല. അതുകൊണ്ട്, ഇസ്രായേൽജനം അപ്പോഴും മലകളിൽ യാഗമർപ്പിക്കുക പതിവായിരുന്നു. ശലോമോനും മലകളിൽ ബലികൾ അർപ്പിക്കുകയും ധൂപാർച്ചന നടത്തുകയും ചെയ്തിരുന്നു. അതൊഴികെ മറ്റെല്ലാ കാര്യത്തിലും അദ്ദേഹം തന്റെ പിതാവായ ദാവീദിന്റെ നിർദേശങ്ങൾ പാലിച്ച് യഹോവയോടുള്ള സ്നേഹം പ്രകടമാക്കി. ഒരിക്കൽ, ശലോമോൻരാജാവ് യാഗങ്ങൾ അർപ്പിക്കാനായി ഗിബെയോനിലേക്കു പോയി. ആ കാലത്ത് ജനം യാഗമർപ്പിച്ചിരുന്ന മലകളിൽ ഏറ്റവും പ്രാധാന്യമുള്ളത് അവിടെയായിരുന്നു. അവിടെയുള്ള യാഗപീഠത്തിന്മേൽ ശലോമോൻ ആയിരം ഹോമയാഗങ്ങൾ അർപ്പിച്ചു. ഗിബെയോനിൽവെച്ച് ആ രാത്രിയിൽ ഒരു സ്വപ്നത്തിൽ യഹോവ ശലോമോനു പ്രത്യക്ഷനായി. “നിനക്കുവേണ്ടത് എന്തായാലും ചോദിച്ചുകൊള്ളുക, ഞാൻ നിനക്കു തരും,” എന്നു ദൈവം അരുളിച്ചെയ്തു. ശലോമോൻ അതിനു മറുപടി പറഞ്ഞത്: “എന്റെ പിതാവും അവിടത്തെ ദാസനുമായ ദാവീദ് അങ്ങയുടെമുമ്പാകെ സത്യസന്ധതയോടും നീതിയോടും ഹൃദയപരമാർഥതയോടുംകൂടെ ജീവിച്ചു. അതുകൊണ്ട്, അവിടന്ന് അദ്ദേഹത്തോട് വലിയ ദയ കാണിക്കുകയും അവിടത്തെ ആ വലിയ ദയ ഇന്നുവരെ തുടരുകയും, ഇന്ന് അവന്റെ സിംഹാസനത്തിൽ ഇരിക്കാൻ അവന് ഒരു മകനെ നൽകുകയും ചെയ്തിരിക്കുന്നു. “എന്റെ ദൈവമായ യഹോവേ, അവിടന്ന് ഇപ്പോൾ ഈ ദാസനെ, അടിയന്റെ പിതാവായ ദാവീദിനു പകരം രാജാവാക്കിയിരിക്കുന്നു. എന്നാൽ, ഞാനോ ഒരു ബാലനത്രേ. കർത്തവ്യങ്ങൾ എങ്ങനെ നിർവഹിക്കേണം എന്നെനിക്കറിവില്ല. അങ്ങു തെരഞ്ഞെടുത്തതും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തവിധം അസംഖ്യവുമായ ഒരു മഹാജനതയുടെ മധ്യേ അവിടത്തെ ഈ ദാസൻ ആയിരിക്കുന്നു. അതുകൊണ്ട്, നന്മയും തിന്മയും തിരിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ ഭരിക്കാൻ വിവേകമുള്ള ഒരു ഹൃദയം അവിടത്തെ ഈ ദാസനു തരണമേ! അതില്ലാതെ അങ്ങയുടെ ഈ മഹാജനതയെ ഭരിക്കാൻ ആർക്കു കഴിയും?”