1 രാജാക്കന്മാർ 15:25-34

1 രാജാക്കന്മാർ 15:25-34 MALOVBSI

യെഹൂദാരാജാവായ ആസായുടെ രണ്ടാം ആണ്ടിൽ യൊരോബെയാമിന്റെ മകനായ നാദാബ് യിസ്രായേലിൽ രാജാവായി; അവൻ രണ്ടു സംവത്സരം യിസ്രായേലിൽ വാണു. അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; തന്റെ അപ്പന്റെ വഴിയിലും അവൻ യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു. എന്നാൽ യിസ്സാഖാർഗോത്രക്കാരനായ അഹീയാവിന്റെ മകനായ ബയെശ അവനു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി; ഫെലിസ്ത്യർക്കുള്ള ഗിബ്ബെഥോനിൽവച്ച് അവനെ കൊന്നു; നാദാബും എല്ലാ യിസ്രായേലും ഗിബ്ബെഥോനെ വളഞ്ഞിരിക്കയായിരുന്നു. ബയെശ അവനെ യെഹൂദാരാജാവായ ആസായുടെ മൂന്നാം ആണ്ടിൽ കൊന്നു; അവനു പകരം രാജാവായി. അവൻ രാജാവായ ഉടനെ യൊരോബെയാം ഗൃഹത്തെ മുഴുവനും നിഗ്രഹിച്ചു; യഹോവ ശീലോന്യനായ അഹീയാവ് എന്ന തന്റെ ദാസൻ മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവൻ യൊരോബെയാമിനു ശ്വാസമുള്ള ഒന്നിനെയും ശേഷിപ്പിക്കാതെ അശേഷം മുടിച്ചുകളഞ്ഞു. യൊരോബെയാം ചെയ്തതും യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ പാപങ്ങൾ നിമിത്തവും അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചതു നിമിത്തവുംതന്നെ. നാദാബിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. ആസായും യിസ്രായേൽരാജാവായ ബയെശയും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു. യെഹൂദാരാജാവായ ആസായുടെ മൂന്നാം ആണ്ടിൽ അഹീയാവിന്റെ മകനായ ബയെശ എല്ലാ യിസ്രായേലിനും രാജാവായി തിർസ്സായിൽ ഇരുപത്തിനാല് സംവത്സരം വാണു. അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു. യൊരോബെയാമിന്റെ വഴിയിലും അവൻ യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു.