1 രാജാക്കന്മാർ 12
12
1രെഹബെയാമിനെ രാജാവാക്കേണ്ടതിന് എല്ലാ യിസ്രായേലും ശെഖേമിൽ വന്നിരുന്നതുകൊണ്ട് അവനും ശെഖേമിൽ ചെന്നു. 2നെബാത്തിന്റെ മകനായ യൊരോബെയാം മിസ്രയീമിൽ അതു കേട്ടാറെ-ശലോമോൻരാജാവിന്റെ സന്നിധിയിൽനിന്നു യൊരോബെയാം മിസ്രയീമിൽ ഓടിപ്പോയി 3അവിടെ പാർത്തിരിക്കുമ്പോൾ അവർ ആളയച്ച് അവനെ വിളിപ്പിച്ചിരുന്നു- യൊരോബെയാമും യിസ്രായേൽസഭയൊക്കെയും വന്നു രെഹബെയാമിനോടു സംസാരിച്ചു: 4നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വച്ചു; നിന്റെ അപ്പന്റെ കഠിനവേലയും അവൻ ഞങ്ങളുടെമേൽ വച്ചിരിക്കുന്ന ഭാരമുള്ള നുകവും നീ ഭാരം കുറച്ചുതരേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം എന്നു പറഞ്ഞു. 5അവൻ അവരോട്: നിങ്ങൾ പോയി മൂന്നു ദിവസം കഴിഞ്ഞിട്ടു വീണ്ടും എന്റെ അടുക്കൽ വരുവിൻ എന്നു പറഞ്ഞു. അങ്ങനെ ജനം പോയി. 6രെഹബെയാംരാജാവ് തന്റെ അപ്പനായ ശലോമോന്റെ ജീവകാലത്ത് അവന്റെ സന്നിധിയിൽ നിന്നിരുന്ന വൃദ്ധന്മാരോട് ആലോചിച്ചു: ഈ ജനത്തോട് ഉത്തരം പറയേണ്ടതിനു നിങ്ങൾ എന്താലോചന പറയുന്നു എന്നു ചോദിച്ചു. 7അതിന് അവർ അവനോട്: നീ ഇന്ന് ഈ ജനത്തിന് വഴിപ്പെട്ട് അവരെ സേവിച്ച് അവരോട് നല്ലവാക്കു പറഞ്ഞാൽ അവർ എന്നും നിനക്കു ദാസന്മാരായിരിക്കും എന്നു പറഞ്ഞു. 8എന്നാൽ വൃദ്ധന്മാർ തന്നോടു പറഞ്ഞ ആലോചന അവൻ ത്യജിച്ചു, തന്നോടുകൂടെ വളർന്നവരായി തന്റെ മുമ്പിൽ നില്ക്കുന്ന യൗവനക്കാരോട് ആലോചിച്ചു: 9നിന്റെ അപ്പൻ ഞങ്ങളുടെമേൽ വച്ചിരിക്കുന്ന നുകം ഭാരം കുറച്ചുതരേണം എന്നിങ്ങനെ എന്നോടു സംസാരിച്ചിട്ടുള്ള ഈ ജനത്തോട് നാം ഉത്തരം പറയേണ്ടതിനു നിങ്ങൾ എന്താലോചന പറയുന്നു എന്ന് അവരോട് ചോദിച്ചു. 10അവനോടുകൂടെ വളർന്നിരുന്ന യൗവനക്കാർ അവനോട്: നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വച്ചു; നീ അതു ഞങ്ങൾക്കു ഭാരം കുറച്ചുതരേണമെന്നു നിന്നോടു പറഞ്ഞ ഈ ജനത്തോട്: എന്റെ ചെറുവിരൽ എന്റെ അപ്പന്റെ അരയെക്കാൾ വണ്ണമുള്ളതായിരിക്കും. 11എന്റെ അപ്പൻ നിങ്ങളുടെമേൽ ഭാരമുള്ള നുകംവച്ചിരിക്കെ ഞാൻ നിങ്ങളുടെ നുകത്തിന് ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചമ്മട്ടിക്കൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളുകളെകൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്നിങ്ങനെ നീ ഉത്തരം പറയേണം എന്നു പറഞ്ഞു. 12മൂന്നാം ദിവസം എന്റെ അടുക്കൽ വീണ്ടും വരുവിൻ എന്നു രാജാവു പറഞ്ഞതുപോലെ യൊരോബെയാമും സകല ജനവും മൂന്നാം ദിവസം രെഹബെയാമിന്റെ അടുക്കൽ ചെന്നു. 13എന്നാൽ രാജാവ് ജനത്തോടു കഠിനമായി ഉത്തരം പറഞ്ഞു; വൃദ്ധന്മാർ തന്നോടു പറഞ്ഞ ആലോചനയെ അവൻ ത്യജിച്ചു. 14യൗവനക്കാരുടെ ആലോചനപോലെ അവരോട്: എന്റെ അപ്പൻ ഭാരമുള്ള നുകം നിങ്ങളുടെമേൽ വച്ചു; ഞാനോ നിങ്ങളുടെ നുകത്തിന് ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളുകളെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്ന് ഉത്തരം പറഞ്ഞു. 15ഇങ്ങനെ രാജാവ് ജനത്തിന്റെ അപേക്ഷ കേട്ടില്ല; യഹോവ ശീലോന്യനായ അഹീയാവ് മുഖാന്തരം നെബാത്തിന്റെ മകനായ യൊരോബെയാമിനോട് അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന് ഈ കാര്യം യഹോവയുടെ ഹിതത്താൽ സംഭവിച്ചു. 16രാജാവ് തങ്ങളുടെ അപേക്ഷ കേൾക്കയില്ലെന്ന് എല്ലാ യിസ്രായേലും കണ്ടപ്പോൾ ജനം രാജാവിനോട്: ദാവീദിങ്കൽ ഞങ്ങൾക്ക് എന്ത് ഓഹരി ഉള്ളൂ? യിശ്ശായിയുടെ മകങ്കൽ ഞങ്ങൾക്ക് അവകാശമില്ലല്ലോ; യിസ്രായേലേ, നിങ്ങളുടെ കൂടാരങ്ങളിലേക്കു പൊയ്ക്കൊൾവിൻ; ദാവീദേ, നിന്റെ ഗൃഹം നോക്കിക്കൊൾക എന്നുത്തരം പറഞ്ഞു, യിസ്രായേൽ തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി. 17യെഹൂദാനഗരങ്ങളിൽ പാർത്തിരുന്ന യിസ്രായേല്യർക്കോ രെഹബെയാം രാജാവായിത്തീർന്നു. 18പിന്നെ രെഹബെയാംരാജാവ് ഊഴിയവേലയ്ക്കു മേൽവിചാരകനായ അദോരാമിനെ അയച്ചു; എന്നാൽ യിസ്രായേലൊക്കെയും അവനെ കല്ലെറിഞ്ഞു കൊന്നുകളഞ്ഞു; രെഹബെയാംരാജാവോ വേഗത്തിൽ രഥം കയറി യെരൂശലേമിലേക്ക് ഓടിപ്പോന്നു. 19ഇങ്ങനെ യിസ്രായേൽ ഇന്നുവരെ ദാവീദ്ഗൃഹത്തോടു മത്സരിച്ചു നില്ക്കുന്നു. 20യൊരോബെയാം മടങ്ങിവന്നു എന്ന് യിസ്രായേലൊക്കെയും കേട്ടപ്പോൾ അവർ ആളയച്ച് അവനെ സഭയിലേക്കു വിളിപ്പിച്ച് അവനെ എല്ലാ യിസ്രായേലിനും രാജാവാക്കി; യെഹൂദാഗോത്രം മാത്രം അല്ലാതെ മറ്റാരും ദാവീദ്ഗൃഹത്തിന്റെ പക്ഷം ചേർന്നില്ല.
21രെഹബെയാം യെരൂശലേമിൽ വന്നശേഷം യിസ്രായേൽഗൃഹത്തോടു യുദ്ധം ചെയ്ത് രാജത്വം ശലോമോന്റെ മകനായ രെഹബെയാമിന് വീണ്ടുകൊള്ളേണ്ടതിന് അവൻ യെഹൂദാഗൃഹം മുഴുവനിലും ബെന്യാമീന്റെ ഗോത്രത്തിലുംനിന്ന് ശ്രേഷ്ഠയോദ്ധാക്കളായ ഒരു ലക്ഷത്തെൺപതിനായിരം പേരെ ശേഖരിച്ചു. 22എന്നാൽ ദൈവപുരുഷനായ ശെമയ്യാവിനു ദൈവത്തിന്റെ അരുളപ്പാടുണ്ടായതെന്തെന്നാൽ: 23നീ ശലോമോന്റെ മകനായി യെഹൂദാരാജാവായ രെഹബെയാമിനോടും യെഹൂദായുടെയും ബെന്യാമീന്റെയും സകല ഗൃഹത്തോടും ശേഷം ജനത്തോടും പറക: 24നിങ്ങൾ പുറപ്പെടരുത്; നിങ്ങളുടെ സഹോദരന്മാരായ യിസ്രായേൽമക്കളോടു യുദ്ധം ചെയ്കയുമരുത്; ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു മടങ്ങിപ്പോകുവിൻ; ഈ കാര്യം എന്റെ ഹിതത്താൽ ഉണ്ടായിരിക്കുന്നു എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു. അവർ യഹോവയുടെ അരുളപ്പാട് അനുസരിച്ച് യഹോവയുടെ കല്പനപ്രകാരം മടങ്ങിപ്പോയി. 25അനന്തരം യൊരോബെയാം എഫ്രയീം മലനാട്ടിൽ ശെഖേം പണിത് അവിടെ പാർത്തു. അവൻ അവിടെനിന്നു പുറപ്പെട്ടു പെനൂവേലും പണിതു. 26എന്നാൽ യൊരോബെയാം തന്റെ മനസ്സിൽ: രാജത്വം വീണ്ടും ദാവീദുഗൃഹത്തിന് ആയിപ്പോകും; 27ഈ ജനം യെരൂശലേമിൽ യഹോവയുടെ ആലയത്തിൽ യാഗം കഴിപ്പാൻ ചെന്നാൽ ഈ ജനത്തിന്റെ ഹൃദയം യെഹൂദാരാജാവായ രെഹബെയാം എന്ന തങ്ങളുടെ യജമാനങ്കലേക്കു തിരികയും അവർ എന്നെ കൊന്നു യെഹൂദാരാജാവായ രെഹബെയാമിന്റെ പക്ഷം ചേരുകയും ചെയ്യും എന്നു പറഞ്ഞു. 28ആകയാൽ രാജാവ് ആലോചിച്ചു പൊന്നുകൊണ്ട് രണ്ടു കാളക്കുട്ടിയെ ഉണ്ടാക്കി; നിങ്ങൾ യെരൂശലേമിൽ പോയതു മതി; യിസ്രായേലേ, ഇതാ നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം എന്ന് അവരോടു പറഞ്ഞു. 29അവൻ ഒന്നിനെ ബേഥേലിലും മറ്റേതിനെ ദാനിലും പ്രതിഷ്ഠിച്ചു. 30ഈ കാര്യം പാപഹേതുവായിത്തീർന്നു; ജനം ഒന്നിന്റെ മുമ്പിൽ നമസ്കരിപ്പാൻ ദാൻവരെ ചെന്നു. 31അവൻ പൂജാഗിരിക്ഷേത്രങ്ങളും ഉണ്ടാക്കി സർവജനത്തിൽനിന്നും ലേവ്യരല്ലാത്തവരെ പുരോഹിതന്മാരായി നിയമിച്ചു. 32യെഹൂദായിൽ ആചരിച്ചു വന്ന ഉത്സവംപോലെ യൊരോബെയാം എട്ടാം മാസം പതിനഞ്ചാം തീയതി ഒരു ഉത്സവം നിശ്ചയിച്ചു യാഗപീഠത്തിങ്കൽ ചെന്നു; താൻ ഉണ്ടാക്കിയ കാളക്കുട്ടികൾക്ക് യാഗം കഴിക്കേണ്ടതിന് അവൻ ബേഥേലിലും അങ്ങനെതന്നെ ചെയ്തു; താൻ നിയമിച്ച പൂജാഗിരിപുരോഹിതന്മാരെ അവൻ ബേഥേലിൽ ആക്കി. 33അവൻ സ്വമേധയായി നിശ്ചയിച്ച എട്ടാം മാസം പതിനഞ്ചാം തീയതി താൻ ബേഥേലിൽ ഉണ്ടാക്കിയ യാഗപീഠത്തിങ്കൽ ചെന്ന് യിസ്രായേൽമക്കൾക്ക് ഒരു ഉത്സവം നിയമിച്ചു, പീഠത്തിനരികെ ചെന്നു ധൂപം കാട്ടി.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 രാജാക്കന്മാർ 12: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.