1 രാജാക്കന്മാർ 10:14-29

1 രാജാക്കന്മാർ 10:14-29 MALOVBSI

ശലോമോനു സഞ്ചാരവ്യാപാരികളാലും വർത്തകന്മാരുടെ കച്ചവടത്താലും സമ്മിശ്രജാതികളുടെ സകല രാജാക്കന്മാരാലും ദേശാധിപതിമാരാലും വന്നതുകൂടാതെ ആണ്ടുതോറും വന്ന പൊന്നിന്റെ തൂക്കം അറുനൂറ്റി അറുപത്താറു താലന്തായിരുന്നു. ശലോമോൻ രാജാവ്, അടിച്ചുപരത്തിയ പൊന്നുകൊണ്ട് ഇരുനൂറ് വൻപരിച ഉണ്ടാക്കി; ഓരോ പരിചയ്ക്ക് അറുനൂറു ശേക്കെൽ പൊന്നു ചെലവായി. അടിച്ചുപരത്തിയ പൊന്നുകൊണ്ട് അവൻ മുന്നൂറു ചെറുപരിചയും ഉണ്ടാക്കി; ഓരോ ചെറുപരിചയ്ക്ക് മൂന്നു മാനേ പൊന്നു ചെലവായി; അവയെ രാജാവ് ലെബാനോൻ വനഗൃഹത്തിൽ വച്ചു. രാജാവ് ദന്തംകൊണ്ട് ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ടു പൊതിഞ്ഞു. സിംഹാസനത്തിന് ആറു പതനം ഉണ്ടായിരുന്നു. സിംഹാസനത്തിന്റെ തല പുറകോട്ടു വളഞ്ഞിരുന്നു; ഇരിപ്പിടത്തിന്റെ ഇരുഭാഗത്തും കൈത്താങ്ങലും കൈത്താങ്ങലിനരികെ നില്ക്കുന്ന രണ്ടു സിംഹവും ഉണ്ടായിരുന്നു. ആറു പതനത്തിൽ ഇപ്പുറത്തും അപ്പുറത്തുമായി പന്ത്രണ്ടു സിംഹം നിന്നിരുന്നു. ഒരു രാജ്യത്തും ഇങ്ങനെ ഉണ്ടാക്കിയിരുന്നില്ല. ശലോമോൻരാജാവിന്റെ സകല പാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോൻ വനഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; ഒന്നും വെള്ളികൊണ്ടല്ല; അതിനു ശലോമോന്റെ കാലത്തു വിലയില്ലായിരുന്നു. രാജാവിന് സമുദ്രത്തിൽ ഹീരാമിന്റെ കപ്പലുകളോടുകൂടെ തർശ്ശീശ് കപ്പലുകൾ ഉണ്ടായിരുന്നു; തർശ്ശീശ് കപ്പലുകൾ മൂന്നു സംവത്സരത്തിൽ ഒരിക്കൽ പൊന്ന്, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയിൽ എന്നിവ കൊണ്ടുവന്നു. ഇങ്ങനെ ശലോമോൻരാജാവ് ഭൂമിയിലെ സകല രാജാക്കന്മാരിലുംവച്ചു ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികച്ചവനായിരുന്നു. ദൈവം ശലോമോന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾക്കേണ്ടതിനു സകല ദേശക്കാരും അവന്റെ മുഖദർശനം അന്വേഷിച്ചുവന്നു. അവരിൽ ഓരോരുത്തനും ആണ്ടുതോറും താന്താന്റെ കാഴ്ചയായി വെള്ളിപ്പാത്രം, പൊൻപാത്രം, വസ്ത്രം, ആയുധം, സുഗന്ധവർഗം, കുതിര, കോവർകഴുത എന്നിവ കൊണ്ടുവന്നു. ശലോമോൻ രഥങ്ങളെയും കുതിരച്ചേവകരെയും ശേഖരിച്ചു: അവന് ആയിരത്തിനാനൂറു രഥങ്ങളും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു. അവരെ അവൻ രാജാവിന്റെ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാർപ്പിച്ചിരുന്നു. രാജാവ് യെരൂശലേമിൽ വെള്ളിയെ പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരുവിനെ താഴ്‌വീതിയിലെ കാട്ടത്തിമരംപോലെയുമാക്കി. ശലോമോന് കുതിരകളെ കൊണ്ടുവന്നതു മിസ്രയീമിൽനിന്നായിരുന്നു; രാജാവിന്റെ കച്ചവടക്കാർ അവയെ കൂട്ടമായിട്ടു വിലയ്ക്കു വാങ്ങിക്കൊണ്ടുവരും. അവർ മിസ്രയീമിൽനിന്നു രഥം ഒന്നിന് അറുനൂറും കുതിര ഒന്നിന് നൂറ്റമ്പതും വെള്ളിശേക്കെൽ വിലകൊടുത്തു വാങ്ങിക്കൊണ്ടുവരും; അങ്ങനെതന്നെ അവർ ഹിത്യരുടെ സകല രാജാക്കന്മാർക്കും അരാംരാജാക്കന്മാർക്കും കൊണ്ടുവന്നു കൊടുക്കും.