1 രാജാക്കന്മാർ 10:14-29
1 രാജാക്കന്മാർ 10:14-29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ശലോമോനു സഞ്ചാരവ്യാപാരികളാലും വർത്തകന്മാരുടെ കച്ചവടത്താലും സമ്മിശ്രജാതികളുടെ സകല രാജാക്കന്മാരാലും ദേശാധിപതിമാരാലും വന്നതുകൂടാതെ ആണ്ടുതോറും വന്ന പൊന്നിന്റെ തൂക്കം അറുനൂറ്റി അറുപത്താറു താലന്തായിരുന്നു. ശലോമോൻ രാജാവ്, അടിച്ചുപരത്തിയ പൊന്നുകൊണ്ട് ഇരുനൂറ് വൻപരിച ഉണ്ടാക്കി; ഓരോ പരിചയ്ക്ക് അറുനൂറു ശേക്കെൽ പൊന്നു ചെലവായി. അടിച്ചുപരത്തിയ പൊന്നുകൊണ്ട് അവൻ മുന്നൂറു ചെറുപരിചയും ഉണ്ടാക്കി; ഓരോ ചെറുപരിചയ്ക്ക് മൂന്നു മാനേ പൊന്നു ചെലവായി; അവയെ രാജാവ് ലെബാനോൻ വനഗൃഹത്തിൽ വച്ചു. രാജാവ് ദന്തംകൊണ്ട് ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ടു പൊതിഞ്ഞു. സിംഹാസനത്തിന് ആറു പതനം ഉണ്ടായിരുന്നു. സിംഹാസനത്തിന്റെ തല പുറകോട്ടു വളഞ്ഞിരുന്നു; ഇരിപ്പിടത്തിന്റെ ഇരുഭാഗത്തും കൈത്താങ്ങലും കൈത്താങ്ങലിനരികെ നില്ക്കുന്ന രണ്ടു സിംഹവും ഉണ്ടായിരുന്നു. ആറു പതനത്തിൽ ഇപ്പുറത്തും അപ്പുറത്തുമായി പന്ത്രണ്ടു സിംഹം നിന്നിരുന്നു. ഒരു രാജ്യത്തും ഇങ്ങനെ ഉണ്ടാക്കിയിരുന്നില്ല. ശലോമോൻരാജാവിന്റെ സകല പാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോൻ വനഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; ഒന്നും വെള്ളികൊണ്ടല്ല; അതിനു ശലോമോന്റെ കാലത്തു വിലയില്ലായിരുന്നു. രാജാവിന് സമുദ്രത്തിൽ ഹീരാമിന്റെ കപ്പലുകളോടുകൂടെ തർശ്ശീശ് കപ്പലുകൾ ഉണ്ടായിരുന്നു; തർശ്ശീശ് കപ്പലുകൾ മൂന്നു സംവത്സരത്തിൽ ഒരിക്കൽ പൊന്ന്, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയിൽ എന്നിവ കൊണ്ടുവന്നു. ഇങ്ങനെ ശലോമോൻരാജാവ് ഭൂമിയിലെ സകല രാജാക്കന്മാരിലുംവച്ചു ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികച്ചവനായിരുന്നു. ദൈവം ശലോമോന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾക്കേണ്ടതിനു സകല ദേശക്കാരും അവന്റെ മുഖദർശനം അന്വേഷിച്ചുവന്നു. അവരിൽ ഓരോരുത്തനും ആണ്ടുതോറും താന്താന്റെ കാഴ്ചയായി വെള്ളിപ്പാത്രം, പൊൻപാത്രം, വസ്ത്രം, ആയുധം, സുഗന്ധവർഗം, കുതിര, കോവർകഴുത എന്നിവ കൊണ്ടുവന്നു. ശലോമോൻ രഥങ്ങളെയും കുതിരച്ചേവകരെയും ശേഖരിച്ചു: അവന് ആയിരത്തിനാനൂറു രഥങ്ങളും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു. അവരെ അവൻ രാജാവിന്റെ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാർപ്പിച്ചിരുന്നു. രാജാവ് യെരൂശലേമിൽ വെള്ളിയെ പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരുവിനെ താഴ്‌വീതിയിലെ കാട്ടത്തിമരംപോലെയുമാക്കി. ശലോമോന് കുതിരകളെ കൊണ്ടുവന്നതു മിസ്രയീമിൽനിന്നായിരുന്നു; രാജാവിന്റെ കച്ചവടക്കാർ അവയെ കൂട്ടമായിട്ടു വിലയ്ക്കു വാങ്ങിക്കൊണ്ടുവരും. അവർ മിസ്രയീമിൽനിന്നു രഥം ഒന്നിന് അറുനൂറും കുതിര ഒന്നിന് നൂറ്റമ്പതും വെള്ളിശേക്കെൽ വിലകൊടുത്തു വാങ്ങിക്കൊണ്ടുവരും; അങ്ങനെതന്നെ അവർ ഹിത്യരുടെ സകല രാജാക്കന്മാർക്കും അരാംരാജാക്കന്മാർക്കും കൊണ്ടുവന്നു കൊടുക്കും.
1 രാജാക്കന്മാർ 10:14-29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഓരോ വർഷവും ശലോമോന് ഏകദേശം അറുനൂറ്റി അറുപത്താറു താലന്ത് സ്വർണം ലഭിച്ചിരുന്നു. കൂടാതെ വ്യാപാരികൾ, വിദേശരാജാക്കന്മാർ, ഇസ്രായേലിലെ ദേശാധിപതിമാർ എന്നിവരിൽനിന്നു വേറെയും സ്വർണം ലഭിച്ചിരുന്നു. സ്വർണം അടിച്ചുപരത്തി ഇരുനൂറു വലിയ പരിചകൾ ശലോമോൻരാജാവ് ഉണ്ടാക്കി. ഓരോന്നിനും അറുനൂറു ശേക്കെൽ സ്വർണം ചെലവായി. സ്വർണം അടിച്ചുപരത്തി മുന്നൂറു ചെറുപരിചകളുണ്ടാക്കി. ഓരോന്നിനും ‘മൂന്നു മാനേ സ്വർണം’ വേണ്ടിവന്നു. അവയെല്ലാം രാജാവ് ലെബാനോൻ വനഗൃഹത്തിൽ സൂക്ഷിച്ചു. ശലോമോൻരാജാവ് ദന്തനിർമ്മിതമായ ഒരു സിംഹാസനം ഉണ്ടാക്കി. തങ്കംകൊണ്ടു പൊതിഞ്ഞു. അതിന് ആറു പടികൾ ഉണ്ടായിരുന്നു; അതിന്റെ പിൻഭാഗത്തു കാളക്കുട്ടിയുടെ തലയുടെ രൂപവും ഇരുവശത്തും കൈത്താങ്ങുകളും അവയോടു ചേർന്നു രണ്ടു സിംഹരൂപങ്ങളും ഉണ്ടായിരുന്നു. ആറു പടികളുടെ രണ്ടറ്റത്തുമായി പന്ത്രണ്ടു സിംഹരൂപങ്ങൾ സ്ഥാപിച്ചു. ഇതുപോലൊരു സിംഹാസനം ഒരു രാജാവും ഒരിക്കലും ഉണ്ടാക്കിയിട്ടില്ല. ശലോമോന്റെ പാനപാത്രങ്ങളെല്ലാം സ്വർണനിർമ്മിതമായിരുന്നു; ലെബാനോൻ വനഗൃഹത്തിലെ പാത്രങ്ങളെല്ലാം തങ്കംകൊണ്ടുള്ളതുമായിരുന്നു. ശലോമോന്റെ കാലത്തു വെള്ളി വിലപിടിപ്പുള്ളതായിരുന്നില്ല; അതിനാൽ വെള്ളികൊണ്ടു പാത്രങ്ങൾ നിർമ്മിച്ചിരുന്നില്ല. ഹീരാമിന്റെ കപ്പലുകളോടൊപ്പം രാജാവിന്റെ സ്വന്തമായ കപ്പലുകളും കടലിൽ ഉണ്ടായിരുന്നു. അവ ഓരോ മൂന്നു വർഷം കഴിയുമ്പോഴും സ്വർണം, വെള്ളി, ആനക്കൊമ്പ് എന്നിവ കൂടാതെ കുരങ്ങുകൾ, മയിലുകൾ മുതലായവയുമായി മടങ്ങിവന്നിരുന്നു. ശലോമോൻരാജാവ് ഭൂമിയിലെ എല്ലാ രാജാക്കന്മാരെക്കാളും സമ്പന്നനും ജ്ഞാനിയും ആയിരുന്നു. ദൈവം ശലോമോനു നല്‌കിയിരുന്ന ജ്ഞാനം ശ്രവിക്കുന്നതിന് അദ്ദേഹത്തിന്റെ അടുക്കൽ വരാൻ സകല ദേശക്കാരും ആഗ്രഹിച്ചിരുന്നു. ഓരോരുത്തരും ആണ്ടുതോറും അദ്ദേഹത്തെ സന്ദർശിച്ച് വെള്ളിയും സ്വർണവും കൊണ്ടുള്ള ഉരുപ്പടികൾ, വസ്ത്രങ്ങൾ, ആയുധങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, കുതിരകൾ, കോവർകഴുതകൾ എന്നിവ സമ്മാനിച്ചുവന്നു. ശലോമോൻ നിരവധി രഥങ്ങളും കുതിരപ്പടയും സംഘടിപ്പിച്ചു. തന്റെ ആയിരത്തിനാനൂറു രഥങ്ങൾക്കും പന്തീരായിരം കുതിരക്കാർക്കും രഥനഗരങ്ങളിലും രാജാവിനോട് ഒത്ത് യെരൂശലേമിലും അദ്ദേഹം താവളം നല്‌കി. അദ്ദേഹത്തിന്റെ ഭരണകാലത്ത് യെരൂശലേമിൽ വെള്ളി കല്ലുപോലെയും ദേവദാരു താഴ്‌വരയിലെ കാട്ടത്തിപോലെയും സുലഭമായിരുന്നു. ഈജിപ്തിൽനിന്നും കുവേയിൽനിന്നും ശലോമോൻ കുതിരകളെ ഇറക്കുമതി ചെയ്തു; രാജാവിന്റെ വ്യാപാരികൾ അവയെ കുവേയിൽനിന്നു വിലയ്‍ക്കു വാങ്ങി. ഈജിപ്തിൽനിന്ന് ഇറക്കുമതി ചെയ്ത രഥത്തിന് അറുനൂറു ശേക്കെലും കുതിരയ്‍ക്ക് നൂറ്റിഅമ്പതു ശേക്കെലും വെള്ളി വീതം വിലയായിരുന്നു. ഇതേ നിരക്കിൽ തന്നെ അവർ ഹിത്യരുടെയും സിറിയാക്കാരുടെയും രാജാക്കന്മാർക്ക് രാജവ്യാപാരികൾ വഴി അവ കയറ്റുമതി ചെയ്തു.
1 രാജാക്കന്മാർ 10:14-29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ശലോമോൻ രാജാവിനു ആണ്ടുതോറും കിട്ടിയിരുന്ന പൊന്നിന്‍റെ തൂക്കം ഏകദേശം 2,300 കിലോഗ്രാംആയിരുന്നു. ഇതു കൂടാതെ സഞ്ചാരവ്യാപാരികൾ, കച്ചവടക്കാർ, അരാബിരാജാക്കന്മാർ, ദേശാധിപതിമാർ എന്നിവരിൽ നിന്നും ലഭിച്ച വരുമാനവും ഉണ്ടായിരുന്നു. ശലോമോൻ രാജാവ്, അടിച്ചുപരത്തിയ പൊന്ന് കൊണ്ടു ഇരുനൂറ് വൻപരിച ഉണ്ടാക്കി; ഓരോ പരിചക്കും ഏകദേശം ഏഴു കിലോഗ്രാം പൊന്ന് വീതം ചെലവായി. അടിച്ചുപരത്തിയ പൊന്ന് കൊണ്ടു അവൻ മുന്നൂറ് ചെറുപരിചകളും ഉണ്ടാക്കി; ഓരോ ചെറുപരിചക്കും ഏകദേശം രണ്ടു കിലോഗ്രാം പൊന്ന് വീതം ചെലവായി; അവ രാജാവ് ലെബാനോൻ വനഗൃഹത്തിൽ സൂക്ഷിച്ചു. പിന്നെ രാജാവ് ദന്തംകൊണ്ട് ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ട് പൊതിഞ്ഞു. സിംഹാസനത്തിന് ആറു പടികൾ ഉണ്ടായിരുന്നു. സിംഹാസനത്തിന്‍റെ മുകൾഭാഗത്തിന്‍റെ പുറകുവശം വൃത്താകൃതിയിലായിരുന്നു; ഇരിപ്പിടത്തിന്‍റെ ഇരുഭാഗത്തും ഓരോ കൈത്താങ്ങലും അതിനരികെ രണ്ടു സിംഹങ്ങളും നിന്നിരുന്നു. ആറു പടികളിൽ ഇരുവശങ്ങളിലുമായി പന്ത്രണ്ടു സിംഹങ്ങൾ നിന്നിരുന്നു. ഒരു രാജ്യത്തും ഇപ്രകാരം ഉണ്ടാക്കിയിരുന്നില്ല. ശലോമോൻരാജാവിന്റെ സകലപാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോൻ വനഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; ശലോമോന്‍റെ കാലത്തു വെള്ളി വിലയില്ലാത്ത വസ്തുവായി കണക്കാക്കിയിരുന്നതിനാൽ ഉപകരണങ്ങളൊന്നും വെള്ളിയിൽ തീർത്തിരുന്നില്ല. ഹീരാമിന്‍റെ കപ്പലുകളോടൊപ്പം രാജാവിന് സമുദ്രത്തിൽ കച്ചവടക്കപ്പലുകൾ ഉണ്ടായിരുന്നു; അവ മൂന്നു വര്‍ഷത്തിൽ ഒരിക്കൽ പൊന്ന്, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയിൽ എന്നിവ കൊണ്ടുവന്നിരുന്നു. അങ്ങനെ ശലോമോൻ രാജാവ് ഭൂമിയിലെ സകലരാജാക്കന്മാരിലും വച്ചു ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികച്ചവനായിരുന്നു. ദൈവം ശലോമോന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾക്കേണ്ടതിനു സകലദേശക്കാരും അവന്‍റെ സാന്നിദ്ധ്യം അന്വേഷിച്ചുവന്നു. അവർ ആണ്ടുതോറും കാഴ്ചവസ്തുക്കളായി വെള്ളിപ്പാത്രം, പൊൻപാത്രം, വസ്ത്രം, ആയുധം, സുഗന്ധവർഗ്ഗം, കുതിര, കോവർകഴുത എന്നിവ കൊണ്ടുവന്നു. ശലോമോൻ രഥങ്ങളെയും കുതിരപ്പടയാളികളേയും ശേഖരിച്ചു; അവന് ആയിരത്തിനാനൂറു രഥങ്ങളും പന്ത്രണ്ടായിരം കുതിരപ്പടയാളികളും ഉണ്ടായിരുന്നു. അവരെ അവൻ രാജാവിന്റെ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാർപ്പിച്ചിരുന്നു. രാജാവ് യെരൂശലേമിൽ വെള്ളിയെ കല്ലുപോലെ സുലഭവും ദേവദാരുവിനെ താഴ്വരയിലെ കാട്ടത്തിമരം പോലെ സമൃദ്ധവുമാക്കി. മിസ്രയീമിൽ നിന്നും ഇറക്കുമതി ചെയ്ത കുതിരകൾ ശലോമോനു ഉണ്ടായിരുന്നു; രാജാവിന്‍റെ കച്ചവടക്കാർ അവയെ അപ്പോഴത്തെ വിലനിലവാരം അനുസരിച്ചു വാങ്ങിക്കൊണ്ടുവന്നിരുന്നു. മിസ്രയീമിൽ നിന്ന് ഇറക്കുമതി ചെയ്ത രഥം ഒന്നിന് അറുനൂറും കുതിര ഒന്നിന് നൂറ്റമ്പതും ശേക്കൽ വെള്ളിയായിരുന്നു വില; പ്രതിനിധികൾ മുഖേന ഹിത്യരാജാക്കന്മാർക്കും അരാം രാജാക്കന്മാർക്കും അത് അവർ കയറ്റുമതി ചെയ്തു കൊടുത്തിരുന്നു.
1 രാജാക്കന്മാർ 10:14-29 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ശലോമോന്നു സഞ്ചാരവ്യാപാരികളാലും വർത്തകന്മാരുടെ കച്ചവടത്താലും സമ്മിശ്രജാതികളുടെ സകലരാജാക്കന്മാരാലും ദേശാധിപതിമാരാലും വന്നതു കൂടാതെ ആണ്ടുതോറും വന്ന പൊന്നിന്റെ തൂക്കം അറുനൂറ്ററുപത്താറു താലന്തായിരുന്നു. ശലോമോൻരാജാവു, അടിച്ചുപരത്തിയ പൊന്നുകൊണ്ടു ഇരുനൂറു വൻപരിച ഉണ്ടാക്കി; ഓരോ പരിചെക്കു അറുനൂറുശേക്കൽ പൊന്നു ചെലവായി. അടിച്ചുപരത്തിയ പൊന്നുകൊണ്ടു അവൻ മുന്നൂറു ചെറുപരിചയും ഉണ്ടാക്കി; ഓരോ ചെറു പരിചെക്കു മൂന്നു മാനേ പൊന്നു ചെലവായി; അവയെ രാജാവു ലെബാനോൻവനഗൃഹത്തിൽ വെച്ചു. രാജാവു ദന്തംകൊണ്ടു ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ടു പൊതിഞ്ഞു. സിംഹാസനത്തിന്നു ആറു പതനം ഉണ്ടായിരുന്നു. സിംഹാസനത്തിന്റെ തലപുറകോട്ടു വളഞ്ഞിരുന്നു; ഇരിപ്പിടത്തിന്റെ ഇരുഭാഗത്തും കൈത്താങ്ങലും കൈത്താങ്ങലിന്നരികെ നില്ക്കുന്ന രണ്ടു സിംഹവും ഉണ്ടായിരുന്നു. ആറു പതനത്തിൽ ഇപ്പുറത്തും അപ്പുറത്തുമായി പന്ത്രണ്ടു സിംഹം നിന്നിരുന്നു. ഒരു രാജ്യത്തും ഇങ്ങനെ ഉണ്ടാക്കിയിരുന്നില്ല. ശലോമോൻരാജാവിന്റെ സകലപാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോൻവനഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; ഒന്നും വെള്ളികൊണ്ടല്ല; അതിന്നു ശലോമോന്റെ കാലത്തു വിലയില്ലായിരുന്നു. രാജാവിന്നു സമുദ്രത്തിൽ ഹീരാമിന്റെ കപ്പലുകളോടുകൂടെ തർശീശ് കപ്പലുകൾ ഉണ്ടായിരുന്നു; തർശീശ് കപ്പലുകൾ മൂന്നു സംവത്സരത്തിൽ ഒരിക്കൽ പൊന്നു, വെള്ളി, ആനക്കൊമ്പു, കുരങ്ങു, മയിൽ എന്നിവ കൊണ്ടുവന്നു. ഇങ്ങനെ ശലോമോൻരാജാവു ഭൂമിയിലെ സകലരാജാക്കന്മാരിലുംവെച്ചു ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികെച്ചവനായിരുന്നു. ദൈവം ശലോമോന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾക്കേണ്ടതിന്നു സകലദേശക്കാരും അവന്റെ മുഖദർശനം അന്വേഷിച്ചുവന്നു. അവരിൽ ഓരോരുത്തനും ആണ്ടുതോറും താന്താന്റെ കാഴ്ചയായി വെള്ളിപ്പാത്രം, പൊൻപാത്രം, വസ്ത്രം, ആയുധം, സുഗന്ധവർഗ്ഗം, കുതിര, കോവർകഴുത എന്നിവ കൊണ്ടുവന്നു. ശലോമോൻ രഥങ്ങളെയും കുതിരച്ചേവകരെയും ശേഖരിച്ചു: അവന്നു ആയിരത്തിനാനൂറു രഥങ്ങളും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു. അവരെ അവൻ രാജാവിന്റെ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാർപ്പിച്ചിരുന്നു. രാജാവു യെരൂശലേമിൽ വെള്ളിയെ പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരുവിനെ താഴ്‌വീതിയിലെ കാട്ടത്തിമരംപോലെയുമാക്കി. ശലോമോന്നു കുതിരകളെ കൊണ്ടുവന്നതു മിസ്രയീമിൽനിന്നായിരുന്നു; രാജാവിന്റെ കച്ചവടക്കാർ അവയെ കൂട്ടമായിട്ടു വിലെക്കു വാങ്ങിക്കൊണ്ടുവരും. അവർ മിസ്രയീമിൽനിന്നു രഥം ഒന്നിന്നു അറുനൂറും കുതിര ഒന്നിന്നു നൂറ്റമ്പതും വെള്ളിശേക്കൽ വില കൊടുത്തു വാങ്ങികൊണ്ടുവരും; അങ്ങനെ തന്നേ അവർ ഹിത്യരുടെ സകലരാജാക്കന്മാർക്കും അരാംരാജാക്കന്മാർക്കും കൊണ്ടുവന്നു കൊടുക്കും.
1 രാജാക്കന്മാർ 10:14-29 സമകാലിക മലയാളവിവർത്തനം (MCV)
ശലോമോൻ രാജാവിനു പ്രതിവർഷം ലഭിച്ചിരുന്ന സ്വർണത്തിന്റെ തൂക്കം 666 താലന്ത് ആയിരുന്നു. ഇതു കൂടാതെ വ്യാപാരികളിൽനിന്നും ചെറുകിടകച്ചവടക്കാരിൽനിന്നും ലഭിച്ചിരുന്ന നികുതിയും സകല അറബിരാജാക്കന്മാരിൽനിന്നും ദേശാധിപതികളിൽനിന്നും കപ്പമായി ലഭിച്ചിരുന്നവയും തന്റെ വരുമാനമായിരുന്നു. അടിച്ചുപരത്തിയ സ്വർണംകൊണ്ട് ഇരുനൂറു വലിയ പരിചകൾ ശലോമോൻരാജാവ് നിർമിച്ചു. ഓരോ പരിചയും അടിച്ചുപരത്തുന്നതിന് അറുനൂറു ശേക്കേൽ വീതം സ്വർണം ചെലവായി. അടിച്ചുപരത്തിയ സ്വർണംകൊണ്ട് മുന്നൂറു ചെറുപരിചകളും അദ്ദേഹം നിർമിച്ചു. അവ ഓരോന്നിനും മൂന്നു മിന്നാ സ്വർണം ആവശ്യമായിവന്നു. രാജാവ് ലെബാനോൻ വനസൗധത്തിൽ അവ സൂക്ഷിച്ചു. പിന്നീട്, രാജാവ് ദന്തംകൊണ്ട് ഒരു സിംഹാസനമുണ്ടാക്കി അതു മേൽത്തരമായ സ്വർണംകൊണ്ടു പൊതിഞ്ഞു. സിംഹാസനത്തിന് ആറു പടികൾ ഉണ്ടായിരുന്നു; സിംഹാസനത്തിന്റെ മുകൾഭാഗം ഗോളാകൃതിയിലായിരുന്നു; ഇരിപ്പിടത്തിന്റെ ഇരുവശത്തും കൈതാങ്ങികളും ഓരോന്നിന്റെയും വശങ്ങളിൽ ഓരോ സിംഹത്തിന്റെ രൂപവും നിൽക്കുന്നുണ്ടായിരുന്നു. പടിയുടെ ഇരുവശങ്ങളിലും ഓരോന്നുവെച്ച് ആറു പടികളിലായി പന്ത്രണ്ടു സിംഹങ്ങൾ നിന്നിരുന്നു. ഇതുപോലെ ഒരു സിംഹാസനം ഒരു രാജ്യത്തും ഒരിക്കലും ഉണ്ടാക്കിയിട്ടില്ല. ശലോമോൻരാജാവിന്റെ പാനപാത്രങ്ങളെല്ലാം സ്വർണനിർമിതമായിരുന്നു. ലെബാനോൻ വനസൗധത്തിലെ വീട്ടുപകരണങ്ങളെല്ലാം തങ്കത്തിൽ തീർത്തവയായിരുന്നു; ശലോമോന്റെകാലത്ത് വെള്ളിക്കു വിലയില്ലാതിരുന്നതിനാൽ ഉപകരണങ്ങളൊന്നുംതന്നെ വെള്ളിയിൽ തീർത്തിരുന്നില്ല. കടലിൽ ഹീരാമിന്റെ കപ്പലുകളോടൊപ്പം രാജാവിന് ഒരു വാണിജ്യക്കപ്പൽവ്യൂഹം ഉണ്ടായിരുന്നു. അവ മൂന്നുവർഷത്തിലൊരിക്കൽ സ്വർണം, വെള്ളി, ആനക്കൊമ്പ്, ആൾക്കുരങ്ങുകൾ, മയിലുകൾ എന്നിവ രാജാവിന്റെ അടുക്കൽ എത്തിച്ചിരുന്നു. ശലോമോൻരാജാവ് ഭൂമിയിലെ മറ്റു സകലരാജാക്കന്മാരെക്കാളും സമ്പത്തിലും ജ്ഞാനത്തിലും മികച്ചുനിന്നു. ദൈവം അദ്ദേഹത്തിന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾക്കാൻ സർവലോകരും അദ്ദേഹത്തെ അന്വേഷിച്ചുവന്നു. അവരിൽ ഓരോരുത്തരും, സ്വർണവും വെള്ളിയുംകൊണ്ടുള്ള വസ്തുക്കൾ, വസ്ത്രങ്ങൾ, ആയുധങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, കുതിരകൾ, കോവർകഴുതകൾ മുതലായവ ഓരോവർഷവും കാഴ്ചവസ്തുക്കളായി കൊണ്ടുവന്നിരുന്നു. ശലോമോൻ രഥങ്ങൾ, കുതിരകൾ എന്നിവ ശേഖരിച്ചു; അദ്ദേഹത്തിന് 1,400 രഥങ്ങളും 12,000 കുതിരകളും ഉണ്ടായിരുന്നു; അവ അദ്ദേഹം രഥനഗരങ്ങളിലും തന്നോടൊപ്പം ജെറുശലേമിലും സൂക്ഷിച്ചു. രാജാവ് ജെറുശലേമിൽ വെള്ളി കല്ലുകൾപോലെ സർവസാധാരണവും കുന്നിൻപ്രദേശങ്ങളിലെ കാട്ടത്തിമരംപോലെ ദേവദാരു സുലഭവുമാക്കിത്തീർത്തു. ഈജിപ്റ്റിൽനിന്നും കുവേയിൽനിന്നും ശലോമോൻ കുതിരകളെ ഇറക്കുമതി ചെയ്തിരുന്നു. രാജാവിന്റെ വ്യാപാരികൾ അവ കുവേയിൽനിന്നു നിശ്ചിത വിലകൊടുത്തു വാങ്ങിയിരുന്നു. ഈജിപ്റ്റിൽനിന്ന് ഒരു രഥം അറുനൂറുശേക്കൽ വെള്ളിക്കും ഒരു കുതിര നൂറ്റിയമ്പതു ശേക്കേൽ വെള്ളിക്കും ഇറക്കുമതി ചെയ്തിരുന്നു. രാജാവിന്റെ വ്യാപാരികൾമുഖേന ഹിത്യരാജാക്കന്മാർക്കും അരാമ്യരാജാക്കന്മാർക്കുംവേണ്ടി അവർ അവ കയറ്റുമതിയും ചെയ്തു.