എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്ക് എഴുതുന്നു. ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ട്. അവൻ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിനു മാത്രമല്ല, സർവലോകത്തിന്റെ പാപത്തിനുംതന്നെ. അവന്റെ കല്പനകളെ പ്രമാണിക്കുന്നു എങ്കിൽ നാം അവനെ അറിഞ്ഞിരിക്കുന്നു എന്ന് അതിനാൽ അറിയുന്നു. അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവൻ കള്ളൻ ആകുന്നു; സത്യം അവനിൽ ഇല്ല. എന്നാൽ ആരെങ്കിലും അവന്റെ വചനം പ്രമാണിക്കുന്നു എങ്കിൽ അവനിൽ ദൈവസ്നേഹം വാസ്തവമായി തികഞ്ഞിരിക്കുന്നു. നാം അവനിൽ ഇരിക്കുന്നു എന്ന് ഇതിനാൽ നമുക്ക് അറിയാം. അവനിൽ വസിക്കുന്നു എന്നു പറയുന്നവൻ അവൻ നടന്നതുപോലെ നടക്കേണ്ടതാകുന്നു. പ്രിയമുള്ളവരേ, പുതിയൊരു കല്പനയല്ല ആദിമുതൽ നിങ്ങൾക്കുള്ള പഴയ കല്പനയത്രേ ഞാൻ നിങ്ങൾക്ക് എഴുതുന്നത്. ആ പഴയ കല്പന നിങ്ങൾ കേട്ട വചനംതന്നെ. പുതിയൊരു കല്പന ഞാൻ നിങ്ങൾക്ക് എഴുതുന്നു എന്നും പറയാം. അത് അവനിലും നിങ്ങളിലും സത്യമായിരിക്കുന്നു; ഇരുട്ടു നീങ്ങിപ്പോകുന്നു; സത്യവെളിച്ചം ഇതാ പ്രകാശിക്കുന്നു. വെളിച്ചത്തിൽ ഇരിക്കുന്നു എന്നു പറകയും സഹോദരനെ പകയ്ക്കയും ചെയ്യുന്നവൻ ഇന്നയോളം ഇരുട്ടിൽ ഇരിക്കുന്നു. സഹോദരനെ സ്നേഹിക്കുന്നവൻ വെളിച്ചത്തിൽ വസിക്കുന്നു; ഇടർച്ചയ്ക്ക് അവനിൽ കാരണമില്ല. സഹോദരനെ പകയ്ക്കുന്നവനോ ഇരുട്ടിൽ ഇരിക്കുന്നു; ഇരുട്ടിൽ നടക്കയും ചെയ്യുന്നു. ഇരുട്ട് അവന്റെ കണ്ണു കുരുടാക്കുകയാൽ എവിടേക്കു പോകുന്നു എന്ന് അവൻ അറിയുന്നില്ല. കുഞ്ഞുങ്ങളേ, നിങ്ങൾക്ക് അവന്റെ നാമംനിമിത്തം പാപങ്ങൾ മോചിച്ചിരിക്കയാൽ ഞാൻ നിങ്ങൾക്ക് എഴുതുന്നു.
1 യോഹന്നാൻ 2 വായിക്കുക
കേൾക്കുക 1 യോഹന്നാൻ 2
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 യോഹന്നാൻ 2:1-12
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ