1 ദിനവൃത്താന്തം 28:9-20

1 ദിനവൃത്താന്തം 28:9-20 MALOVBSI

നീയോ എന്റെ മകനേ, ശലോമോനേ, നിന്റെ അപ്പന്റെ ദൈവത്തെ അറികയും അവനെ പൂർണഹൃദയത്തോടും നല്ല മനസ്സോടുംകൂടെ സേവിക്കയും ചെയ്ക; യഹോവ സർവഹൃദയങ്ങളെയും പരിശോധിക്കയും വിചാരങ്ങളും നിരൂപണങ്ങളും എല്ലാം ഗ്രഹിക്കയും ചെയ്യുന്നു; നീ അവനെ അന്വേഷിക്കുന്നു എങ്കിൽ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിന്നെ എന്നേക്കും തള്ളിക്കളയും. ആകയാൽ സൂക്ഷിച്ചുകൊൾക; വിശുദ്ധമന്ദിരമായൊരു ആലയം പണിവാൻ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു; ധൈര്യപ്പെട്ട് അതു നടത്തിക്കൊൾക. പിന്നെ ദാവീദ് തന്റെ മകനായ ശലോമോനു ദൈവാലയത്തിന്റെ മണ്ഡപം, ഉപഗൃഹങ്ങൾ, ഭണ്ഡാരഗൃഹങ്ങൾ, മാളികമുറികൾ, അറകൾ, കൃപാസനഗൃഹം എന്നിവയുടെ മാതൃക കൊടുത്തു. യഹോവയുടെ ആലയം, പ്രാകാരങ്ങൾ, ചുറ്റുമുള്ള എല്ലാ അറകൾ, ദൈവാലയത്തിന്റെ ഭണ്ഡാരഗൃഹങ്ങൾ, നിവേദിത വസ്തുക്കളുടെ ഭണ്ഡാരം, പുരോഹിതന്മാരുടെയും ലേവ്യരുടെയും കൂറുകൾ, യഹോവയുടെ ആലയത്തിലെ സകല ശുശ്രൂഷയുടെയും വേല, യഹോവയുടെ ആലയത്തിലെ ശുശ്രൂഷയ്ക്കുള്ള സകല പാത്രങ്ങൾ എന്നിവയെല്ലാറ്റെയും കുറിച്ചു തന്റെ മനസ്സിൽ ഉണ്ടായിരുന്ന മാതൃകാവിവരവും അവനു കൊടുത്തു. അതതു ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങൾക്ക് ഒക്കെയും പൊന്നുകൊണ്ടുള്ള ഉപകരണങ്ങൾക്കു തൂക്കപ്രകാരം പൊന്നും അതതു ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങൾക്ക് ഒക്കെയും വെള്ളികൊണ്ടുള്ള ഉപകരണങ്ങൾക്ക് ഒക്കെയും തൂക്കപ്രകാരം വെള്ളിയും പൊൻവിളക്കുതണ്ടുകൾക്കും അവയുടെ സ്വർണദീപങ്ങൾക്കും വേണ്ടുന്ന തൂക്കമായി ഓരോ വിളക്കുതണ്ടിനും അതിന്റെ ദീപങ്ങൾക്കും തൂക്കപ്രകാരം പൊന്നും വെള്ളി കൊണ്ടുള്ള വിളക്കുതണ്ടുകൾക്കു ഓരോ തണ്ടിന്റെയും ഉപയോഗത്തിനു തക്കവണ്ണം അതതു തണ്ടിനും അതതിന്റെ ദീപങ്ങൾക്കും തൂക്കപ്രകാരം വെള്ളിയും കൊടുത്തു. കാഴ്ചയപ്പത്തിന്റെ മേശകൾക്ക് ഓരോ മേശയ്ക്ക് വേണ്ടുന്ന പൊന്നും വെള്ളികൊണ്ടുള്ള മേശകൾക്കു വേണ്ടുന്ന വെള്ളിയും തൂക്കപ്രകാരം കൊടുത്തു. മുൾക്കൊളുത്തുകൾക്കും കലശങ്ങൾക്കും കുടങ്ങൾക്കും വേണ്ടുന്ന തങ്കവും പൊൻകിണ്ടികൾക്ക് ഓരോ കിണ്ടിക്കു തൂക്കപ്രകാരം വേണ്ടുന്ന പൊന്നും ഓരോ വെള്ളിക്കിണ്ടിക്കു തൂക്കപ്രകാരം വേണ്ടുന്ന വെള്ളിയും കൊടുത്തു. ധൂപപീഠത്തിനു തൂക്കപ്രകാരം വേണ്ടുന്ന ഊതിക്കഴിച്ച പൊന്നും ചിറകു വിരിച്ചു യഹോവയുടെ നിയമപെട്ടകം മൂടുന്ന കെരൂബുകളായ രഥമാതൃകയ്ക്കു വേണ്ടുന്ന പൊന്നും കൊടുത്തു. ഇവയെല്ലാം ഈ മാതൃകയുടെ എല്ലാ പണികളും യഹോവ എനിക്കുവേണ്ടി തന്റെ കൈകൊണ്ട് എഴുതിയ രേഖമൂലം എന്നെ ഗ്രഹിപ്പിച്ചിരിക്കുന്നു എന്നു ദാവീദ് പറഞ്ഞു. പിന്നെയും ദാവീദ് തന്റെ മകനായ ശലോമോനോടു പറഞ്ഞത്: ബലപ്പെട്ടു ധൈര്യം പൂണ്ടു പ്രവർത്തിച്ചുകൊൾക; ഭയപ്പെടരുത്, ഭ്രമിക്കയും അരുത്; യഹോവയായ ദൈവം എന്റെ ദൈവം തന്നെ, നിന്നോടുകൂടെ ഉണ്ട്. യഹോവയുടെ ആലയത്തിലെ ശുശ്രൂഷയ്ക്കുള്ള എല്ലാ വേലയും നീ നിവർത്തിക്കുംവരെ അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.