ദൈവത്തിന് ഈ കാര്യം അനിഷ്ടമായിരുന്നതുകൊണ്ട് അവൻ യിസ്രായേലിനെ ബാധിച്ചു. അപ്പോൾ ദാവീദ് ദൈവത്തോട്: ഈ കാര്യം ചെയ്തതിനാൽ ഞാൻ മഹാപാപം ചെയ്തിരിക്കുന്നു: എന്നാൽ അടിയന്റെ അകൃത്യം ക്ഷമിക്കേണമേ; ഞാൻ വലിയ ഭോഷത്തം ചെയ്തുപോയി എന്നു പറഞ്ഞു. യഹോവ ദാവീദിന്റെ ദർശകനായ ഗാദിനോട് അരുളിച്ചെയ്തതെന്തെന്നാൽ: നീ ചെന്നു ദാവീദിനോട്, ഞാൻ മൂന്നു കാര്യം നിന്റെ മുമ്പിൽ വയ്ക്കുന്നു; അവയിൽ ഒന്നു തിരഞ്ഞെടുത്തുകൊൾക; അതു ഞാൻ നിന്നോടു ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക. അങ്ങനെ ഗാദ് ദാവീദിന്റെ അടുക്കൽ ചെന്ന് അവനോട്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മൂന്നു സംവത്സരത്തെ ക്ഷാമമോ, നിന്റെ ശത്രുക്കളുടെ വാൾ നിന്നെ തുടർന്നെത്തി നീ മൂന്നു മാസം നിന്റെ ശത്രുക്കളാൽ നശിക്കയോ, ദേശത്തു മൂന്നു ദിവസം യഹോവയുടെ വാളായ മഹാമാരി ഉണ്ടായി യിസ്രായേൽദേശത്തൊക്കെയും യഹോവയുടെ ദൂതൻ സംഹാരം ചെയ്കയോ ഇവയിൽ ഒന്നു തിരഞ്ഞെടുത്തുകൊൾക. എന്നെ അയച്ചവനോടു ഞാൻ എന്തൊരു മറുപടി പറയേണ്ടൂ എന്ന് ആലോചിച്ചുനോക്കുക എന്നു പറഞ്ഞു. ദാവീദ് ഗാദിനോട്: ഞാൻ വലിയ വിഷമത്തിലായിരിക്കുന്നു; ഞാൻ ഇപ്പോൾ യഹോവയുടെ കൈയിൽതന്നെ വീഴട്ടെ; അവന്റെ കരുണ ഏറ്റവും വലിയതല്ലോ; മനുഷ്യന്റെ കൈയിൽ ഞാൻ വീഴരുതേ എന്നു പറഞ്ഞു. അങ്ങനെ യഹോവ യിസ്രായേലിൽ മഹാമാരി അയച്ചു; യിസ്രായേലിൽ എഴുപതിനായിരം പേർ വീണുപോയി. ദൈവം യെരൂശലേമിനെ നശിപ്പിക്കേണ്ടതിന് ഒരു ദൂതനെ അവിടെ അയച്ചു; അവൻ നശിപ്പിപ്പാൻ ഭാവിക്കുമ്പോൾ യഹോവ കണ്ട് ആ അനർഥത്തെക്കുറിച്ച് അനുതപിച്ചു നാശകദൂതനോട്: മതി, നിന്റെ കൈ പിൻവലിക്ക എന്നു കല്പിച്ചു. യഹോവയുടെ ദൂതൻ യെബൂസ്യനായ ഒർന്നാന്റെ കളത്തിനരികെ നില്ക്കയായിരുന്നു. ദാവീദ് തല പൊക്കി, യഹോവയുടെ ദൂതൻ വാൾ ഊരി യെരൂശലേമിനു മീതെ നീട്ടിപ്പിടിച്ചുംകൊണ്ടു ഭൂമിക്കും ആകാശത്തിനും മധ്യേ നില്ക്കുന്നതു കണ്ട് ദാവീദും മൂപ്പന്മാരും രട്ടുടുത്തു സാഷ്ടാംഗം വീണു. ദാവീദ് ദൈവത്തോട്: ജനത്തെ എണ്ണുവാൻ പറഞ്ഞവൻ ഞാനല്ലയോ? ദോഷം ചെയ്ത പാപി ഞാൻ ആകുന്നു; ഈ ആടുകൾ എന്തു ചെയ്തിരിക്കുന്നു? യഹോവേ, എന്റെ ദൈവമേ, നിന്റെ കൈ ബാധയ്ക്കായിട്ടു നിന്റെ ജനത്തിന്മേൽ അല്ല, എന്റെമേലും എന്റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ എന്നു പറഞ്ഞു.
1 ദിനവൃത്താന്തം 21 വായിക്കുക
കേൾക്കുക 1 ദിനവൃത്താന്തം 21
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 ദിനവൃത്താന്തം 21:7-17
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ