1 ദിനവൃത്താന്തം 11:10-19

1 ദിനവൃത്താന്തം 11:10-19 MALOVBSI

ദാവീദിന് ഉണ്ടായിരുന്ന പ്രധാന വീരന്മാർ ആവിത്: യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ വചനപ്രകാരം അവനെ രാജാവാക്കേണ്ടതിന് അവർ എല്ലാ യിസ്രായേലുമായി രാജത്വം സംബന്ധിച്ച് അവന്റെ പക്ഷം മുറുകെ പിടിച്ചു. ദാവീദിനുണ്ടായിരുന്ന വീരന്മാരുടെ സംഖ്യയാവിത്: മുപ്പതു പേരിൽ പ്രധാനിയായി ഒരു ഹഖമോന്യന്റെ മകനായ യാശോബെയാം; അവൻ മുന്നൂറു പേരുടെ നേരേ കുന്തം ഓങ്ങി ഒരേ സമയത്ത് അവരെ കൊന്നുകളഞ്ഞു. അവന്റെശേഷം അഹോഹ്യനായ ദോദോവിന്റെ മകൻ എലെയാസാർ; അവൻ മൂന്നു വീരന്മാരിൽ ഒരുത്തൻ ആയിരുന്നു. ഫെലിസ്ത്യർ പസ്-ദമ്മീമിൽ യുദ്ധത്തിനു കൂടിയപ്പോൾ അവൻ അവിടെ ദാവീദിനോടുകൂടെ ഉണ്ടായിരുന്നു. അവിടെ യവം നിറഞ്ഞ ഒരു വയൽ ഉണ്ടായിരുന്നു; പടജ്ജനം ഫെലിസ്ത്യരുടെ മുമ്പിൽനിന്ന് ഓടിപ്പോയി. എന്നാൽ അവർ ആ വയലിന്റെ മധ്യേ നിന്ന് അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടിക്കളഞ്ഞു; യഹോവ അവർക്കു വലിയൊരു ജയം നല്കി. ഒരിക്കൽ ഫെലിസ്ത്യരുടെ സൈന്യം രെഫായീംതാഴ്‌വരയിൽ പാളയമിറങ്ങിയിരിക്കുമ്പോൾ മുപ്പതു തലവന്മാരിൽ മൂന്നു പേർ പാറയിങ്കൽ അദുല്ലാംഗുഹയിൽ ദാവീദിന്റെ അടുക്കൽ ചെന്നു. അന്നു ദാവീദ് ദുർഗത്തിൽ ആയിരുന്നു; ഫെലിസ്ത്യർക്ക് അക്കാലത്തു ബേത്‍ലഹേമിൽ ഒരു കാവൽപ്പട്ടാളം ഉണ്ടായിരുന്നു. ബേത്‍ലഹേം പട്ടണവാതിൽക്കലെ കിണറ്റിൽനിന്നു വെള്ളം എനിക്കു കുടിപ്പാൻ ആർ കൊണ്ടുവന്നു തരും എന്നു ദാവീദ് ആർത്തി പൂണ്ടു പറഞ്ഞു. അപ്പോൾ ആ മൂന്നു പേരും ഫെലിസ്ത്യരുടെ പാളയത്തിൽക്കൂടി കടന്നുചെന്നു ബേത്‍ലഹേംപട്ടണവാതിൽക്കലെ കിണറ്റിൽനിന്നു വെള്ളം കോരി ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു; ദാവീദോ അതു കുടിപ്പാൻ മനസ്സില്ലാതെ യഹോവയ്ക്കു നിവേദിച്ച് ഒഴിച്ചു: ഇതു ചെയ്‍വാൻ എന്റെ ദൈവം എനിക്ക് സംഗതി വരുത്തരുതേ; തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചുപോയ പുരുഷന്മാരുടെ രക്തം ഞാൻ കുടിക്കയോ? അവർ തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചല്ലോ അതു കൊണ്ടുവന്നിരിക്കുന്നത് എന്നു പറഞ്ഞു; അതുകൊണ്ട് അവന് അതു കുടിപ്പാൻ മനസ്സായില്ല; ഇതാകുന്നു ഈ മൂന്നു വീരന്മാർ ചെയ്തത്.