നീ യെഹൂദൻ എന്ന് അവകാശപ്പെടുന്നു; ധർമശാസ്ത്രത്തെ നീ ആശ്രയിക്കുകയും ചെയ്യുന്നു. ദൈവത്തോടുള്ള നിങ്ങളുടെ ബന്ധത്തെക്കുറിച്ച് നീ അഭിമാനം കൊള്ളുന്നു. നിന്നെപ്പറ്റിയുള്ള ദൈവഹിതം നിനക്കറിയാം. ധർമശാസ്ത്രം പഠിച്ചിട്ടുള്ളതുകൊണ്ട് ഉത്തമമായതു തിരഞ്ഞെടുക്കുന്നതിനു നിനക്കു കഴിയും. നീ അന്ധന്മാർക്കു വഴികാട്ടിയും അന്ധകാരത്തിലിരിക്കുന്നവർക്കു പ്രകാശവും മൂഢന്മാർക്ക് ഉപദേഷ്ടാവും അറിവില്ലാത്തവർക്ക് അധ്യാപകനുമാണെന്നത്രേ നിന്റെ വിചാരം. ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സാരാംശം മുഴുവൻ ധർമശാസ്ത്രത്തിലുണ്ടെന്ന് നിങ്ങൾക്കുറപ്പുണ്ട്. നീ മറ്റുള്ളവരെ പഠിപ്പിക്കുന്നല്ലോ. എന്തുകൊണ്ട് സ്വയം പഠിക്കുന്നില്ല? ‘മോഷ്‍ടിക്കരുത്’ എന്നു പ്രസംഗിക്കുന്ന നീ മോഷ്‍ടിക്കുന്നുവോ? ‘വ്യഭിചാരം ചെയ്യരുത്’ എന്ന് ഉപദേശിക്കുന്ന നീ വ്യഭിചരിക്കുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ദേവാലയങ്ങൾ കവർച്ച ചെയ്യുന്നുവോ? ധർമശാസ്ത്രത്തിന്റെ പേരിൽ അഭിമാനംകൊള്ളുന്ന നീ അതു ലംഘിച്ച് ദൈവത്തെ അപമാനിക്കുന്നുവോ? ‘നിങ്ങൾ നിമിത്തം ദൈവനാമം വിജാതീയരുടെ ഇടയിൽ നിന്ദിക്കപ്പെടുന്നു’ എന്നാണല്ലോ രേഖപ്പെടുത്തിയിരിക്കുന്നത്. നീ ധർമശാസ്ത്രം അനുസരിക്കുന്നവനാണെങ്കിൽ പരിച്ഛേദനകർമം നല്ലതുതന്നെ; എന്നാൽ നീ ധർമശാസ്ത്രം ലംഘിക്കുന്നുവെങ്കിൽ നിന്റെ പരിച്ഛേദനകർമംകൊണ്ട് എന്തു പ്രയോജനം? നീ പരിച്ഛേദനം കഴിക്കാത്തവനോടു തുല്യനല്ലേ? പരിച്ഛേദനകർമത്തിനു വിധേയനാകാത്ത വിജാതീയൻ ധർമശാസ്ത്രം അനുസരിക്കുന്നുവെങ്കിൽ പരിച്ഛേദനം നടത്തിയവനെപ്പോലെ ദൈവം അവനെ കരുതുകയില്ലേ? എഴുതപ്പെട്ട നിയമസംഹിതയും പരിച്ഛേദനകർമവും ഉള്ളവനെങ്കിലും നിയമം ലംഘിക്കുന്നവനായ നിന്നെ, പരിച്ഛേദനകർമത്തിനു വിധേയനല്ലെങ്കിലും സഹജമായ പ്രേരണയാൽ ധർമശാസ്ത്രം അനുസരിക്കുന്ന വിജാതീയൻ വിധിക്കും. ബാഹ്യകർമങ്ങളല്ല ഒരുവനെ യഥാർഥ യെഹൂദനാക്കുന്നത്. യഥാർഥ പരിച്ഛേദനകർമം പുറമേ ചെയ്യുന്ന ഒരു അനുഷ്ഠാനവുമല്ല. ആന്തരികമായി യെഹൂദനായിരിക്കുന്നവനത്രേ യഥാർഥ യെഹൂദൻ. യഥാർഥമായ പരിച്ഛേദനകർമം നടക്കേണ്ടത് ഹൃദയത്തിലാണ് - അത് അക്ഷരത്തിലുള്ളതല്ല, ആത്മാവിലുള്ളതാണ്. അങ്ങനെയുള്ളവന് മനുഷ്യരിൽനിന്നല്ല, ദൈവത്തിൽ നിന്നുതന്നെ പ്രശംസ ലഭിക്കുന്നു.
ROM 2 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ROM 2:17-29
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ