SAM 78:1-20

SAM 78:1-20 MALCLBSI

എന്റെ ജനമേ, എന്റെ പ്രബോധനം ശ്രദ്ധിക്കുക; ഞാൻ പറയുന്നതു കേൾക്കുക. ഞാൻ ഉപമകളിലൂടെ പഠിപ്പിക്കും, പുരാതനകടങ്കഥകൾ ഞാൻ വിശദീകരിക്കും. നാം അതു കേൾക്കുകയും അറിയുകയും ചെയ്തിട്ടുണ്ട്. നമ്മുടെ പിതാക്കന്മാർ അതു നമ്മോടു പറഞ്ഞിട്ടുമുണ്ട്. നാം അതു നമ്മുടെ മക്കളെ അറിയിക്കണം, വരുംതലമുറയോടു നാം അതു വിവരിക്കണം. സർവേശ്വരന്റെ മഹത്തായ പ്രവൃത്തികളെയും അവിടുത്തെ ശക്തിയെയും അവിടുന്നു ചെയ്ത അദ്ഭുതങ്ങളെയും തന്നെ. അവിടുന്നു യാക്കോബിന്റെ സന്തതികൾക്കു നിയമം നല്‌കി. ഇസ്രായേൽജനത്തിനുള്ള ധർമശാസ്ത്രം തന്നെ. അതു തങ്ങളുടെ മക്കളെ പഠിപ്പിക്കാൻ അവിടുന്നു നമ്മുടെ പിതാക്കന്മാരോടു കല്പിച്ചു. അങ്ങനെ ഭാവിതലമുറ, ഇനിയും ജനിച്ചിട്ടില്ലാത്ത മക്കൾതന്നെ, അവ ഗ്രഹിച്ച് തങ്ങളുടെ മക്കൾക്ക് അതു പറഞ്ഞുകൊടുക്കും. അവർ അങ്ങനെ ദൈവത്തിൽ ആശ്രയിക്കുകയും, അവിടുത്തെ പ്രവൃത്തികൾ അവഗണിക്കാതെ, അവിടുത്തെ കല്പനകൾ പാലിക്കുകയും ചെയ്യും. അവർ തങ്ങളുടെ പിതാക്കന്മാരെപ്പോലെ, ദുശ്ശാഠ്യക്കാരും മത്സരബുദ്ധികളും ദൈവത്തിൽ ആശ്രയിക്കാത്തവരും ദൈവത്തോട് അവിശ്വസ്തരും ആകരുത്. അമ്പും വില്ലും ഏന്തിയ എഫ്രയീമ്യർ, യുദ്ധദിവസം പിന്തിരിഞ്ഞോടി. ദൈവവുമായി ചെയ്ത ഉടമ്പടി അവർ പാലിച്ചില്ല. അവിടുത്തെ ധർമശാസ്ത്രപ്രകാരം ജീവിക്കാൻ കൂട്ടാക്കിയുമില്ല. അവർ അവിടുത്തെ പ്രവൃത്തികളും തങ്ങൾ കണ്ട അദ്ഭുതങ്ങളും മറന്നുകളഞ്ഞു. അവിടുന്ന് ഈജിപ്തിലെ സോവാൻ വയലിൽ, അവരുടെ പൂർവപിതാക്കൾ കാൺകെ അദ്ഭുതം പ്രവർത്തിച്ചു. അവിടുന്നു കടലിനെ വിഭജിച്ചു, അവരെ അതിലൂടെ കടത്തിക്കൊണ്ടുപോയി. അവിടുന്നു വെള്ളത്തെ ചിറപോലെ നിർത്തി. പകൽ മേഘംകൊണ്ടും രാത്രിയിൽ അഗ്നിയുടെ പ്രകാശംകൊണ്ടും അവിടുന്ന് അവരെ വഴിനടത്തി. അവിടുന്നു മരുഭൂമിയിൽ പാറകൾ പിളർന്ന്, ആഴത്തിൽനിന്ന് അവർക്കു ജലം നല്‌കി. അവിടുന്നു പാറയിൽനിന്നു നീർച്ചാലുകൾ പുറപ്പെടുവിച്ചു, വെള്ളം നദിപോലെ ഒഴുകാൻ ഇടയാക്കി. എന്നിട്ടും അവർ നിരവധി പാപങ്ങൾ ചെയ്തു. അത്യുന്നതനായ ദൈവത്തോടു മരുഭൂമിയിൽ വച്ചു മത്സരിച്ചു. ഇഷ്ടഭോജ്യം ചോദിച്ച്, അവർ ദൈവത്തെ മനഃപൂർവം പരീക്ഷിച്ചു. അവർ ദൈവത്തെ പഴിച്ചുകൊണ്ട് പറഞ്ഞു: “മരുഭൂമിയിൽ വിരുന്നൊരുക്കാൻ ദൈവത്തിനു കഴിയുമോ? അവിടുന്നു പാറയിൽ അടിച്ചു; വെള്ളം കുതിച്ചു ചാടി. നീർച്ചാലുകൾ കവിഞ്ഞൊഴുകി. എന്നാൽ നമുക്ക് അപ്പവും മാംസവും നല്‌കാൻ അവിടുത്തേക്കു കഴിയുമോ?”

SAM 78 വായിക്കുക