SAM 71:1-16

SAM 71:1-16 MALCLBSI

സർവേശ്വരാ, ഞാൻ അങ്ങയെ അഭയം പ്രാപിക്കുന്നു; ലജ്ജിതനാകാൻ എനിക്ക് ഇടയാകരുതേ. അവിടുന്നു നീതിപൂർവം വിധിക്കുന്ന ദൈവമാണല്ലോ, എന്നെ വിടുവിച്ചു രക്ഷിക്കണമേ. എന്റെ അപേക്ഷ കേട്ട് എന്നെ രക്ഷിക്കണമേ. അവിടുന്ന് എന്റെ അഭയശിലയും എന്നെ രക്ഷിക്കുന്ന ബലമുള്ള കോട്ടയും ആയിരിക്കണമേ. അവിടുന്നാണ് എന്റെ അഭയശിലയും രക്ഷാദുർഗവും. ദൈവമേ, ദുഷ്ടന്റെ കൈയിൽനിന്നും നീതികെട്ട ക്രൂരന്റെ പിടിയിൽനിന്നും എന്നെ വിടുവിക്കണമേ! സർവേശ്വരാ, അങ്ങാണ് എന്റെ പ്രത്യാശ. ബാല്യംമുതൽ അങ്ങാണ് എന്റെ ആശ്രയം. ജനനംമുതൽ ഞാൻ അങ്ങയെ ആശ്രയിച്ചു. അമ്മയുടെ ഉദരത്തിൽനിന്ന് എന്നെ പുറത്തെടുത്തത് അവിടുന്നാണ്. ഞാൻ എപ്പോഴും അങ്ങയെ സ്തുതിക്കുന്നു. ഞാൻ പലർക്കും ഒരു ദുശ്ശകുനമായിരിക്കുന്നു. എന്നാൽ, എന്റെ സുശക്തമായ സങ്കേതം അവിടുന്നാണല്ലോ. ഞാൻ എപ്പോഴും അവിടുത്തെ സ്തുതിക്കുന്നു. അവിടുത്തെ മഹത്ത്വം ഞാൻ നിരന്തരം പ്രഘോഷിക്കുന്നു. വാർധക്യകാലത്ത് എന്നെ തള്ളിക്കളയരുതേ! ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കയുമരുതേ. എന്റെ ശത്രുക്കൾ എന്നെക്കുറിച്ചു സംസാരിക്കുന്നു. എന്നെ അപായപ്പെടുത്താൻ നോക്കുന്നവർ കൂടിയാലോചിക്കുന്നു. “അവനെ പിന്തുടർന്നു പിടികൂടുവിൻ; ദൈവം അവനെ ഉപേക്ഷിച്ചിരിക്കുന്നു; അവനെ രക്ഷിക്കാനാരുമില്ല” എന്ന് അവർ പറയുന്നു. ദൈവമേ, എന്നിൽനിന്ന് അകന്നിരിക്കരുതേ! എന്റെ ദൈവമേ, എന്നെ സഹായിക്കാൻ വേഗം വരണമേ! എന്നിൽ കുറ്റം ചുമത്തുന്നവർ ലജ്ജിക്കുകയും നശിക്കുകയും ചെയ്യട്ടെ. എന്നെ ദ്രോഹിക്കാൻ ശ്രമിക്കുന്നവർ, നിന്ദിതരും അപമാനിതരും ആകട്ടെ. ഞാൻ എന്നും അങ്ങയിൽ പ്രത്യാശ അർപ്പിക്കും. ഞാനങ്ങയെ അനവരതം സ്തുതിക്കും. അങ്ങയുടെ നീതിപൂർവകവും രക്ഷാകരവുമായ പ്രവൃത്തികളെ ഞാൻ എപ്പോഴും വിവരിക്കും. അവ എന്റെ അറിവിന് അപ്രാപ്യംതന്നെ. ദൈവമായ സർവേശ്വരന്റെ ശക്തമായ പ്രവൃത്തികളുടെ സാക്ഷ്യമായി ഞാൻ വരും. അവിടുത്തെ നീതിയെ മാത്രം ഞാൻ പ്രകീർത്തിക്കും.

SAM 71 വായിക്കുക