SAM 44
44
ജനതയുടെ വിലാപം
ഗായകസംഘനേതാവിന്; കോരഹ് പുത്രന്മാരുടെ ഗീതം
1ദൈവമേ, പൂർവകാലത്ത് ഞങ്ങളുടെ പിതാക്കന്മാർക്കുവേണ്ടി,
അവിടുന്നു ചെയ്ത പ്രവൃത്തികൾ അവർ ഞങ്ങളോടു പറഞ്ഞിട്ടുണ്ട്.
ഞങ്ങൾ അവ ശ്രദ്ധിച്ചു കേട്ടിട്ടുമുണ്ട്.
2അവിടുന്നു സ്വശക്തിയാൽ അന്യജനതകളെ,
നിഷ്കാസനം ചെയ്തു സ്വജനത്തെ ഈ മണ്ണിൽ നട്ടു.
അന്യജനതകളെ അവിടുന്ന് പീഡിപ്പിച്ചു,
എന്നാൽ സ്വജനത്തിന് ഐശ്വര്യം നല്‌കി.
3വാളുകൊണ്ടല്ല അവർ ദേശം പിടിച്ചടക്കിയത്,
കരബലംകൊണ്ടല്ല അവർ വിജയം നേടിയത്.
അങ്ങയുടെ ഭുജബലവും മുഖപ്രകാശവും ആണ് അതു സാധ്യമാക്കിയത്.
4അങ്ങാണ് ഞങ്ങളുടെ രാജാവും ഞങ്ങളുടെ ദൈവവും.
ഇസ്രായേൽജനത്തിനു വിജയം നല്‌കുന്നത് അവിടുന്നാണ്.
5അവിടുത്തെ ശക്തിയാൽ ഞങ്ങൾ ശത്രുക്കളെ തള്ളിയിടുന്നു.
ഞങ്ങളെ എതിർക്കുന്നവരെ അവിടുത്തെ സഹായത്താൽ ഞങ്ങൾ ചവിട്ടി മെതിക്കുന്നു.
6വില്ലിലല്ല ഞങ്ങൾ ആശ്രയിക്കുന്നത്;
വാളിനു ഞങ്ങളെ രക്ഷിക്കാനാവുകയില്ല.
7ശത്രുക്കളുടെ കൈയിൽനിന്ന് അവിടുന്നു ഞങ്ങളെ രക്ഷിച്ചു;
ഞങ്ങളെ വെറുക്കുന്നവരെ അവിടുന്നു ലജ്ജിതരാക്കി.
8ഞങ്ങൾ ദൈവത്തിൽ എന്നും അഭിമാനം കൊള്ളുന്നു;
ഞങ്ങൾ അങ്ങേക്കു നിരന്തരം സ്തോത്രം അർപ്പിക്കുന്നു.
9എന്നാൽ, ഇപ്പോൾ അവിടുന്നു ഞങ്ങളെ തള്ളിക്കളഞ്ഞു,
ഞങ്ങളുടെമേൽ അപമാനം വരുത്തി.
ഞങ്ങളുടെ സൈന്യങ്ങളുടെ കൂടെ വരുന്നതുമില്ല.
10ശത്രുക്കളുടെ മുമ്പിൽ പലായനം ചെയ്യാൻ
അവിടുന്നു ഞങ്ങൾക്ക് ഇടയാക്കി.
അവർ ഞങ്ങളെ കൊള്ളയടിച്ചു.
11അവിടുന്നു ഞങ്ങളെ കൊല്ലാനുള്ള ആടുകളെപ്പോലെ ആക്കിയിരിക്കുന്നു.
ഞങ്ങളെ ജനതകളുടെ ഇടയിൽ ചിതറിച്ചിരിക്കുന്നു.
12സ്വജനത്തെ അവിടുന്നു നിസ്സാരവിലയ്‍ക്കു വിറ്റുകളഞ്ഞു;
അവർക്കു വില കല്പിച്ചില്ല.
13അവിടുന്നു ഞങ്ങളെ അയൽക്കാരുടെ അധിക്ഷേപത്തിനും
ചുറ്റുമുള്ളവരുടെ അവജ്ഞയ്‍ക്കും പരിഹാസത്തിനും പാത്രമാക്കുന്നു.
14ജനതകളുടെ ഇടയിൽ പഴഞ്ചൊല്ലായും
അന്യജനതകളുടെ ഇടയിൽ പരിഹാസവിഷയമായും ഞങ്ങൾ തീർന്നിരിക്കുന്നു.
15നിന്ദകരുടെയും ദൂഷകരുടെയും വാക്കുകളാലും
ശത്രുക്കളുടെയും പ്രതികാരം ചെയ്യുന്നവരുടെയും നോട്ടംകൊണ്ടും
16ഞങ്ങൾ എപ്പോഴും അപമാനിക്കപ്പെടുന്നു;
ലജ്ജ ഞങ്ങളെ പൊതിയുന്നു.
17ഞങ്ങൾ അങ്ങയെ മറന്നില്ല; അവിടുത്തെ
ഉടമ്പടിയോട് അവിശ്വസ്തത കാട്ടിയുമില്ല.
എന്നിട്ടും ഇവയെല്ലാം ഞങ്ങൾക്കു സംഭവിച്ചു.
18ഞങ്ങൾ അവിടുത്തോട് അവിശ്വസ്തരാവുകയോ,
അവിടുത്തെ മാർഗത്തിൽനിന്നു വ്യതിചലിക്കുകയോ ചെയ്തില്ല.
19എന്നിട്ടും അവിടുന്നു ഞങ്ങളെ വന്യമൃഗങ്ങളുടെ സങ്കേതത്തിൽവച്ചു തകർക്കപ്പെടാനും
കുരിരുൾ ഞങ്ങളെ മൂടാനും ഇടയാക്കി.
20ഞങ്ങളുടെ ദൈവത്തെ ഞങ്ങൾ വിസ്മരിക്കുകയോ;
അന്യദേവന്മാരോടു ഞങ്ങൾ പ്രാർഥിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ,
21ദൈവം അത് അറിയാതിരിക്കുമോ?
ഹൃദയരഹസ്യങ്ങൾ അവിടുന്ന് അറിയുന്നുവല്ലോ.
22അങ്ങയെപ്രതി ഞങ്ങൾ നിത്യവും വധിക്കപ്പെടുന്നു.
കൊല്ലാനുള്ള ആടുകളെപ്പോലെ ഞങ്ങൾ എണ്ണപ്പെടുന്നു.
23സർവേശ്വരാ, എഴുന്നേല്‌ക്കണമേ,
അവിടുന്ന് ഉറങ്ങുന്നതെന്ത്?
നാഥാ, ഉണരണമേ, ഞങ്ങളെ എന്നേക്കുമായി തള്ളിക്കളയരുതേ.
24അവിടുന്ന് ഞങ്ങളിൽനിന്നു മറഞ്ഞിരിക്കുന്നതെന്ത്?
ഞങ്ങളുടെ കഷ്ടതയും ഞങ്ങളേല്‌ക്കുന്ന പീഡനവും അവിടുന്നു മറക്കുന്നതെന്ത്?
25ഞങ്ങൾ പൂഴിയോളം താണിരിക്കുന്നു;
ഞങ്ങൾ എഴുന്നേല്‌ക്കാനാവാത്തവിധം നിലംപതിച്ചിരിക്കുന്നു.
26പരമനാഥാ, ഞങ്ങളെ സഹായിക്കാൻ വരണമേ,
അവിടുത്തെ അചഞ്ചലസ്നേഹം നിമിത്തം ഞങ്ങളെ രക്ഷിക്കണമേ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 44: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.