THUFINGTE 3

3
യുവജനങ്ങൾക്കുള്ള ഉപദേശം
1മകനേ, എന്റെ പ്രബോധനം മറക്കരുത്;
എന്റെ കല്പനകൾ പാലിക്കുക.
2അതു ദീർഘായുസ്സും ഐശ്വര്യസമൃദ്ധിയും നിനക്കു നല്‌കും.
3സുസ്ഥിരസ്നേഹവും വിശ്വസ്തതയും നിന്നെ പിരിയാതിരിക്കട്ടെ.
അവ നീ കഴുത്തിൽ അണിഞ്ഞുകൊള്ളുക;
നിന്റെ ഹൃദയത്തിൽ അവ രേഖപ്പെടുത്തുക.
4അങ്ങനെ ദൈവത്തിന്റെയും മനുഷ്യരുടെയും
മുമ്പിൽ നീ പ്രീതിയും സൽപ്പേരും നേടും.
5പൂർണഹൃദയത്തോടെ നീ സർവേശ്വരനിൽ ശരണപ്പെടുക,
സ്വന്തംബുദ്ധിയിൽ നീ ആശ്രയിക്കരുത്.
6നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെ ആകട്ടെ.
അവിടുന്നു ശരിയായ പാത നിനക്കു കാണിച്ചുതരും.
7നീ ജ്ഞാനിയെന്നു ഭാവിക്കരുത്;
സർവേശ്വരനെ ഭയപ്പെട്ട് തിന്മ വിട്ടകലുക.
8അതു നിന്റെ ശരീരത്തിനു സൗഖ്യവും
നിന്റെ അസ്ഥികൾക്ക് ഉന്മേഷവും നല്‌കും.
9നിന്റെ സമ്പത്തുകൊണ്ടും സകല വിളവിന്റെയും ആദ്യഫലംകൊണ്ടും
സർവേശ്വരനെ ബഹുമാനിക്കുക.
10അപ്പോൾ നിന്റെ കളപ്പുരകൾ ധാന്യംകൊണ്ടു നിറയും;
നിന്റെ ചക്കുകളിൽ വീഞ്ഞു കവിഞ്ഞൊഴുകും.
11മകനേ, സർവേശ്വരന്റെ ശിക്ഷണം നിരസിക്കരുത്,
അവിടുത്തെ ശാസനയിൽ മുഷിയുകയുമരുത്.
12പിതാവു പ്രിയപുത്രനെ എന്നപോലെ
സർവേശ്വരൻ താൻ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു.
13ജ്ഞാനം നേടുകയും വിവേകം പ്രാപിക്കുകയും ചെയ്യുന്നവൻ അനുഗൃഹീതൻ.
14അതിൽനിന്നുള്ള ലാഭം വെള്ളിയെക്കാളും
അതിൽനിന്നുള്ള നേട്ടം സ്വർണത്തെക്കാളും മികച്ചത്.
15അതു രത്നത്തെക്കാൾ മൂല്യമേറിയത്,
നിനക്ക് അഭികാമ്യമായതൊന്നുംതന്നെ അതിനോടു തുല്യമല്ല.
16ജ്ഞാനത്തിന്റെ വലങ്കൈയിൽ ദീർഘായുസ്സും
ഇടങ്കൈയിൽ ധനവും മാനവും ഇരിക്കുന്നു.
17അതിന്റെ വഴികൾ സന്തോഷവും സമാധാനവും നിറഞ്ഞതാകുന്നു.
18ജ്ഞാനത്തെ കൈവശമാക്കുന്നവർക്ക് അതു ജീവവൃക്ഷം;
അതു മുറുകെ പിടിക്കുന്നവർ അനുഗൃഹീതർ.
19ജ്ഞാനത്താൽ സർവേശ്വരൻ ഭൂമിയെ സ്ഥാപിച്ചു;
വിവേകത്താൽ ആകാശത്തെ ഉറപ്പിച്ചു.
20അവിടുത്തെ പരിജ്ഞാനത്താൽ ആഴങ്ങൾ പൊട്ടിത്തുറന്നു;
മേഘങ്ങൾ മഞ്ഞുപൊഴിച്ചു.
21മകനേ, അവികലമായ ജ്ഞാനവും, വകതിരിവും പുലർത്തുക;
നീ അവയിൽനിന്ന് വ്യതിചലിക്കരുത്.
22അവ നിനക്കു ജീവനും നിന്റെ കഴുത്തിന് ആഭരണവും ആയിരിക്കും.
23അങ്ങനെ നിന്റെ വഴിയിൽ നീ സുരക്ഷിതനായി നടക്കും;
നിന്റെ കാൽ ഇടറുകയുമില്ല.
24നീ നിർഭയനായിരിക്കും;
നിനക്കു സുഖനിദ്ര ലഭിക്കുകയും ചെയ്യും.
25പെട്ടെന്നുണ്ടാകുന്ന കൊടുംഭീതിയാലോ,
ദുഷ്ടന്മാർക്കുണ്ടാകുന്ന വിനാശത്താലോ, നീ ഭയപ്പെടേണ്ടാ.
26കാരണം, സർവേശ്വരൻ നിന്നെ സുരക്ഷിതനായി സൂക്ഷിക്കും.
അവിടുന്നു നിന്നെ കെണിയിൽപ്പെടാതെ സംരക്ഷിക്കും.
27നന്മ ചെയ്യാൻ നിനക്കു കഴിവുള്ളപ്പോൾ
അർഹിക്കുന്നവന് അതു നിഷേധിക്കരുത്.
28അയൽക്കാരൻ ചോദിക്കുന്നത് നിന്റെ പക്കൽ ഉണ്ടായിരിക്കേ,
‘പോയി വരിക, നാളെത്തരാം’ എന്നു പറയരുത്.
29നിന്നെ വിശ്വസിച്ചു കഴിയുന്ന
അയൽക്കാരനെതിരെ ദോഷം നിരൂപിക്കരുത്.
30നിനക്കൊരു ദ്രോഹവും ചെയ്യാത്ത മനുഷ്യനോട്
അകാരണമായി ശണ്ഠകൂടരുത്.
31അക്രമികളുടെ വളർച്ചയിൽ അസൂയപൂണ്ട്
അവരുടെ വഴികൾ നീ തിരഞ്ഞെടുക്കരുത്.
32ദുർമാർഗിയെ സർവേശ്വരൻ വെറുക്കുന്നു;
നേർവഴിയിൽ ചരിക്കുന്നവനോട് അവിടുന്നു സൗഹൃദം പുലർത്തുന്നു.
33ദുഷ്ടന്റെ ഭവനത്തിൽ സർവേശ്വരന്റെ ശാപം പതിക്കുന്നു.
എന്നാൽ നീതിനിഷ്ഠരുടെ വാസസ്ഥലത്തെ അവിടുന്ന് അനുഗ്രഹിക്കുന്നു.
34പരിഹാസികളെ അവിടുന്നു പരിഹസിക്കുന്നു;
എന്നാൽ വിനയമുള്ളവരോട് അവിടുന്നു കരുണകാട്ടുന്നു.
35ജ്ഞാനികൾ ബഹുമതിയും ഭോഷന്മാർ അവമതിയും നേടും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

THUFINGTE 3: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക