THUFINGTE 24

24
1ദുർജനത്തോട് അസൂയപ്പെടരുത്;
അവരുടെകൂടെ കഴിയാൻ ആഗ്രഹിക്കുകയും അരുത്.
2അവർ അക്രമം ആലോചിക്കുന്നു;
അരുതാത്തതു സംസാരിക്കുന്നു.
3ജ്ഞാനംകൊണ്ടു ഭവനം നിർമ്മിക്കപ്പെടുന്നു;
വിവേകത്താൽ അത് ഉറപ്പിക്കപ്പെടുന്നു.
4പരിജ്ഞാനത്താൽ, അമൂല്യവും ഹൃദ്യവുമായ വസ്തുക്കൾകൊണ്ട്,
അതിന്റെ മുറികൾ നിറയ്‍ക്കപ്പെടുന്നു.
5ജ്ഞാനി ബലവാനെക്കാൾ കരുത്തനാകുന്നു.
പരിജ്ഞാനമുള്ളവൻ ബലശാലിയെക്കാളും.
6ജ്ഞാനപൂർവകമായ മാർഗദർശനം ഉണ്ടെങ്കിൽ യുദ്ധം നടത്താം,
ഉപദേഷ്ടാക്കൾ വളരെയുള്ളിടത്തു വിജയമുണ്ട്.
7ജ്ഞാനം ഭോഷന് അപ്രാപ്യമാണ്;
നഗരകവാടങ്ങളിൽ വച്ച് അവൻ വായ് തുറക്കുന്നില്ല.
8തിന്മ ആലോചിക്കുന്നവൻ ദ്രോഹി എന്നു വിളിക്കപ്പെടും.
9ഭോഷൻ ആലോചിക്കുന്നതെന്തും പാപമാകുന്നു.
പരിഹാസിയെ മനുഷ്യൻ വെറുക്കുന്നു.
10കഷ്ടകാലത്തു കുഴഞ്ഞു പോകുന്നവൻ ദുർബലനത്രെ.
11കൊലയ്‍ക്കു കൊണ്ടുപോകുന്നവരെ രക്ഷിക്കുക;
കാലിടറി വീഴുന്നവരെ കൊലയാളിയുടെ കൈയിൽനിന്നു മോചിപ്പിക്കുക;
12“ഞാനിത് അറിഞ്ഞില്ല” എന്നു നീ പറഞ്ഞാൽ
ഹൃദയം തൂക്കി നോക്കുന്നവൻ സത്യം അറിയാതിരിക്കുമോ?
നിന്നെ നിരീക്ഷിക്കുന്നവൻ അതു ഗ്രഹിക്കാതിരിക്കുമോ?
അവിടുന്നു പ്രവൃത്തിക്കു തക്ക പ്രതിഫലം അല്ലേ നല്‌കുക?
13മകനേ, തേൻ കഴിക്കുക; അതു നല്ലതാണല്ലോ;
തേൻകട്ട ആസ്വാദ്യകരമാണല്ലോ.
14ജ്ഞാനവും നിനക്കതുപോലെയാണെന്ന് അറിഞ്ഞുകൊൾക.
അതു നേടിയാൽ നിനക്കു നല്ല ഭാവി ഉണ്ടാകും;
നിന്റെ പ്രതീക്ഷ തകരുകയില്ല.
15നീതിനിഷ്ഠന്റെ പാർപ്പിടത്തിന് എതിരെ ദുഷ്ടനെപ്പോലെ നീ പതിയിരിക്കരുത്.
അവന്റെ ഭവനം കൈയേറുകയും അരുത്.
16നീതിമാൻ ഏഴു തവണ വീണാലും വീണ്ടും എഴുന്നേല്‌ക്കും;
ദുഷ്ടന്മാരെ അനർഥം നശിപ്പിക്കുന്നു.
17ശത്രുവിന്റെ പതനത്തിൽ സന്തോഷിക്കരുത്;
അവൻ ഇടറുമ്പോൾ നീ ആഹ്ലാദിക്കുകയും അരുത്.
18അങ്ങനെ ചെയ്താൽ സർവേശ്വരനു നിന്നോട്
അപ്രീതി തോന്നുകയും അവനിൽനിന്നു കോപം നീക്കിക്കളയുകയും ചെയ്യും.
19ദുഷ്കർമികൾ നിമിത്തം നീ അസ്വസ്ഥനാകരുത്;
ദുർജനത്തോട് അസൂയപ്പെടുകയുമരുത്.
20ദുഷ്കർമിക്ക് ഭാവി ഇല്ല.
ദുഷ്ടന്റെ ദീപം അണയ്‍ക്കപ്പെടും.
21മകനേ, സർവേശ്വരനോടും രാജാവിനോടും ഭയഭക്തിയുള്ളവനായിരിക്കുക;
അവരെ ധിക്കരിക്കരുത്.
22അവരിൽനിന്നുള്ള ശിക്ഷ പെട്ടെന്നു വന്നുചേരും;
അവരിൽ നിന്നുണ്ടാകുന്ന വിനാശം ആർക്കറിയാം.
കൂടുതൽ ജ്ഞാനോക്തികൾ
23ഇവയും ജ്ഞാനിയുടെ സൂക്തങ്ങളാകുന്നു;
ന്യായം വിധിക്കുമ്പോൾ പക്ഷപാതം നന്നല്ല;
24ദുഷ്ടനോടു നീ നിർദോഷിയെന്നു പറയുന്നവനെ ജനം ശപിക്കും, ജനതകൾ വെറുക്കും.
25എന്നാൽ ദുഷ്ടനെ ശാസിക്കുന്നവർക്ക് ഉൽക്കൃഷ്ടമായ അനുഗ്രഹം ഉണ്ടാകും.
26സത്യസന്ധമായ ഉത്തരം നല്‌കുന്നതു ചുംബനം നല്‌കുന്നതിനു തുല്യം.
27പുറത്തെ ജോലികൾ ക്രമപ്പെടുത്തുക;
വയലിൽ ചെയ്തുതീർക്കേണ്ടതെല്ലാം പൂർത്തിയാക്കുക;
പിന്നീടു വീടു പണിയുക.
28അയൽക്കാരനെതിരെ അകാരണമായി സാക്ഷി നില്‌ക്കരുത്;
നിന്റെ വാക്കുകൊണ്ട് അവനെ ചതിക്കരുത്.
29എന്നോടു ചെയ്തതുപോലെ ഞാൻ അവനോടു ചെയ്യുമെന്നും
അവന്റെ പ്രവൃത്തിക്കു ഞാൻ പകരം വീട്ടുമെന്നും പറയരുത്.
30ഞാൻ മടിയന്റെ കൃഷിസ്ഥലത്തിനരികിലൂടെ,
ബുദ്ധിഹീനന്റെ മുന്തിരിത്തോട്ടത്തിനു സമീപേ കൂടിത്തന്നെ കടന്നുപോയി.
31അവിടം മുഴുവൻ മുൾപ്പടർപ്പു നിറഞ്ഞിരുന്നു;
നിലം കൊടിത്തൂവകൊണ്ടു മൂടിയിരുന്നു.
അതിന്റെ കന്മതിൽ ഇടിഞ്ഞു പൊളിഞ്ഞു കിടന്നിരുന്നു.
32അതുകൊണ്ട് ഞാൻ ആലോചിച്ചു;
അതിൽനിന്നു ലഭിച്ച പാഠം ഉൾക്കൊണ്ടു.
33അല്പനേരം കൂടി ഉറങ്ങാം; കുറച്ചു നേരം കൂടി മയങ്ങാം;
കൈ കെട്ടിക്കിടന്ന് അല്പനേരം വിശ്രമിക്കാം.
34അപ്പോൾ ദാരിദ്ര്യം കൊള്ളക്കാരനെപ്പോലെയും
ഇല്ലായ്മ ആയുധപാണിയെപ്പോലെയും നിന്നെ പിടികൂടും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

THUFINGTE 24: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക