NEHEMIA 5
5
ദരിദ്രരുടെ പരാതി
1ജനങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെ വലിയൊരു വിഭാഗം തങ്ങളുടെ യെഹൂദ സഹോദരർക്ക് എതിരെ മുറവിളികൂട്ടി. 2അവരിൽ ചിലർ പറഞ്ഞു: “പുത്രീപുത്രന്മാരടക്കം ഞങ്ങൾ അസംഖ്യം പേരുണ്ട്; ഞങ്ങൾക്ക് ആഹാരത്തിനു വേണ്ട ധാന്യം ലഭിക്കണം.” മറ്റു ചിലർ പറഞ്ഞു: 3“ഈ ക്ഷാമകാലത്തു ധാന്യം വാങ്ങുന്നതിനുവേണ്ടി നിലങ്ങളും മുന്തിരിത്തോട്ടങ്ങളും വീടുകളും ഞങ്ങൾ പണയപ്പെടുത്തിയിരിക്കയാണ്.” 4വേറെ ചിലർ പറഞ്ഞു: “നിലങ്ങളുടെയും മുന്തിരിത്തോപ്പുകളുടെയും പേരിൽ രാജാവിനു നല്കേണ്ട നികുതി അടയ്ക്കാൻ ഞങ്ങൾ പണം കടം വാങ്ങിയിരിക്കുന്നു. 5ഞങ്ങൾ ഞങ്ങളുടെ യെഹൂദ സഹോദരന്മാരെപ്പോലെയല്ലോ. അവരുടെ മക്കളെപ്പോലെയല്ലോ ഞങ്ങളുടെ മക്കളും. എങ്കിലും അവരെ അടിമത്തത്തിലേക്കു തള്ളിവിടേണ്ടിവരുന്നു; ഞങ്ങളുടെ പുത്രിമാരിൽ ചിലർ അടിമകളായി കഴിഞ്ഞിരിക്കുന്നു. ഞങ്ങൾ നിസ്സഹായരാണ്. ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അന്യാധീനമായിക്കഴിഞ്ഞു.” 6അവരുടെ മുറവിളിയും ആവലാതിയും കേട്ടപ്പോൾ എനിക്ക് അതിയായ രോഷം ഉണ്ടായി. 7പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥന്മാരെയും ശാസിക്കാൻ ഞാൻ തീരുമാനിച്ചു. അവർക്കെതിരെ മഹാസഭ വിളിച്ചുകൂട്ടി ഞാൻ അവരോടു പറഞ്ഞു: “നിങ്ങൾ സഹോദരന്മാരോടു പലിശ വാങ്ങുന്നു.” 8“വിജാതീയർക്കു വിറ്റിരുന്ന നമ്മുടെ സഹോദരരെ കഴിവതും നാം വീണ്ടെടുത്തു; എന്നാൽ നിങ്ങൾ സ്വന്ത സഹോദരരെപ്പോലും വീണ്ടും വീണ്ടെടുക്കേണ്ട നിലയിൽ ആക്കിയിരിക്കുന്നു.” അതു കേട്ടിട്ട് അവർ മിണ്ടാതിരുന്നു. ഒരു വാക്കുപോലും പറയാൻ അവർക്കു കഴിഞ്ഞില്ല.
9ഞാൻ വീണ്ടും പറഞ്ഞു: “നിങ്ങൾ ചെയ്യുന്നതു ശരിയല്ല. നമ്മുടെ ശത്രുക്കളുടെ പരിഹാസപാത്രമാകാതിരിക്കാനെങ്കിലും നിങ്ങൾ നമ്മുടെ ദൈവത്തോടുള്ള ഭക്തിയിൽ ജീവിക്കേണ്ടതല്ലോ? 10ഞാനും എന്റെ സഹോദരന്മാരും എന്റെ ഭൃത്യന്മാരും അവർക്ക് പണവും ധാന്യവും കടം കൊടുത്തിട്ടുണ്ട്; പലിശ നമുക്ക് ഉപേക്ഷിക്കാം. 11നിങ്ങൾ ഇന്നുതന്നെ അവരുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും വീടുകളും മടക്കിക്കൊടുക്കണം; പണം, ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയിൽ നൂറിന് ഒന്നു വീതം പലിശയായി വാങ്ങി വരുന്നതു നിങ്ങൾ അവർക്ക് ഇളച്ചുകൊടുക്കണം.” 12അവർ പറഞ്ഞു: “ഞങ്ങൾ അവ മടക്കിക്കൊടുക്കാം; അവരിൽനിന്ന് ഇനി ഒന്നും ആവശ്യപ്പെടുകയില്ല. അങ്ങു പറയുന്നതുപോലെ ഞങ്ങൾ പ്രവർത്തിച്ചുകൊള്ളാം.” പിന്നീട് ഞാൻ പുരോഹിതന്മാരെ വിളിച്ചു വരുത്തി. “വാഗ്ദാനം ചെയ്തതുപോലെ പ്രവർത്തിച്ചുകൊള്ളാം” എന്ന് അവരെക്കൊണ്ട് പുരോഹിതന്മാരുടെ മുമ്പിൽവച്ച് പ്രതിജ്ഞ ചെയ്യിച്ചു. 13ഞാൻ എന്റെ മടി കുടഞ്ഞുകൊണ്ടു പറഞ്ഞു: “ഈ വാഗ്ദാനം നിറവേറ്റാത്ത എല്ലാവരെയും അവരുടെ ഭവനത്തിൽനിന്നും തൊഴിലിൽനിന്നും ദൈവം കുടഞ്ഞുകളയട്ടെ. അങ്ങനെ അവർ ഒന്നും ഇല്ലാത്തവരായിത്തീരട്ടെ.” സഭ മുഴുവൻ “#5:13 ആമേൻ = അപ്രകാരം തന്നെ / അങ്ങനെയാകട്ടെ.ആമേൻ” എന്നു പറഞ്ഞു സർവേശ്വരനെ സ്തുതിച്ചു. അവർ പ്രതിജ്ഞ പാലിച്ചു.
നിസ്വാർഥനായ നെഹെമ്യാ
14അർത്ഥക്സേർക്സസ് രാജാവിന്റെ വാഴ്ചയുടെ ഇരുപതാം വർഷം ഞാൻ യെഹൂദ്യയിൽ ദേശാധിപതിയായി നിയമിക്കപ്പെട്ടു. അന്നുമുതൽ അദ്ദേഹത്തിന്റെ മുപ്പത്തിരണ്ടാം ഭരണവർഷംവരെയുള്ള പന്ത്രണ്ടുവർഷം ഞാനോ എന്റെ ചാർച്ചക്കാരോ ദേശാധിപതിക്ക് അവകാശപ്പെട്ടിരുന്ന ഭക്ഷണത്തിനുള്ള പടി വാങ്ങിയിരുന്നില്ല. 15എന്റെ മുൻഗാമികളായിരുന്ന ഗവർണർമാർ ജനങ്ങളുടെമേൽ വലിയ ഭാരം ചുമത്തിയിരുന്നു; നാല്പതു വെള്ളിക്കാശു ചുമത്തിയിരുന്നതുകൂടാതെ ഭക്ഷണപാനീയങ്ങളും അവരിൽനിന്ന് ഈടാക്കിയിരുന്നു; അവരുടെ ഭൃത്യന്മാരും ജനങ്ങളുടെമേൽ അധികാരം നടത്തിയിരുന്നു; ദൈവത്തെ ഭയന്നു ഞാൻ അങ്ങനെ ചെയ്തില്ല. 16മതിലിന്റെ പണിയിൽ ഞാൻ മുഴുവൻ സമയവും വ്യാപൃതനായിരുന്നു. ഞങ്ങൾ സ്വന്തമായൊന്നും സമ്പാദിച്ചില്ല; എന്റെ ഭൃത്യന്മാരെല്ലാം മതിൽപ്പണിയിൽ സഹകരിച്ചു. 17ചുറ്റുമുള്ള ജനതകളിൽനിന്നു വന്നിരുന്നവരെ കൂടാതെ യെഹൂദ്യരും ഉദ്യോഗസ്ഥന്മാരുമായ നൂറ്റമ്പതുപേർ എന്റെ മേശയിൽനിന്നു ഭക്ഷണം കഴിച്ചിരുന്നു. 18ഒരു ദിവസത്തേക്ക് എനിക്കുവേണ്ടി ഒരു കാളയെയും കൊഴുത്ത ആറു ആടിനെയും പക്ഷികളെയും പാകം ചെയ്തിരുന്നു. പത്തു ദിവസം കൂടുമ്പോൾ പുതുവീഞ്ഞു നിറച്ച തോല്ക്കുടങ്ങൾ ഒരുക്കിയിരുന്നു; എന്നിട്ടും ജനങ്ങളുടെ കഷ്ടപ്പാടു കണ്ടിട്ട്, ഭരണാധികാരി എന്ന നിലയിൽ എനിക്ക് അവകാശപ്പെട്ടിരുന്ന ഭക്ഷണപ്പടി ഞാൻ ആവശ്യപ്പെട്ടിരുന്നില്ല. 19എന്റെ ദൈവമേ, ഈ ജനത്തിനുവേണ്ടി ഞാൻ പ്രവർത്തിച്ചതെല്ലാം ഓർത്ത് എനിക്കു നന്മ വരുത്തിയാലും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
NEHEMIA 5: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.