MARKA 8

8
നാലായിരം പേർക്ക് ആഹാരം നല്‌കുന്നു
(മത്താ. 15:32-39)
1അന്നൊരിക്കൽ വീണ്ടും ഒരു വലിയ ജനസഞ്ചയം വന്നുകൂടി. അവർക്കു ഭക്ഷിക്കുന്നതിനൊന്നും ഇല്ലാഞ്ഞതിനാൽ ശിഷ്യന്മാരെ വിളിച്ച് യേശു പറഞ്ഞു: 2“ഈ ജനത്തോട് എനിക്ക് അനുകമ്പ തോന്നുന്നു; മൂന്നു ദിവസമായി അവർ എന്നോടുകൂടി കഴിയുകയാണല്ലോ. 3ഇവർക്കു ഭക്ഷിക്കാനൊന്നുമില്ല; ഞാനിവരെ പട്ടിണിയായി ഇവരുടെ വീടുകളിലേക്കു പറഞ്ഞയച്ചാൽ ഇവർ വഴിയിൽ തളർന്നുവീഴും; ഇവരിൽ ചിലർ ദൂരസ്ഥലങ്ങളിൽനിന്നു വന്നിട്ടുള്ളവരാണ്.”
4അപ്പോൾ ശിഷ്യന്മാർ അവിടുത്തോട്: “ഈ ജനത്തിനെല്ലാം ആഹാരം കൊടുക്കുവാൻ ഈ വിജനസ്ഥലത്ത് ആർക്കു കഴിയും?” എന്നു ചോദിച്ചു.
5“ആകട്ടെ നിങ്ങളുടെ കൈയിൽ എത്ര അപ്പമുണ്ട്?” എന്ന് യേശു അവരോട് ചോദിച്ചു.
“ഏഴ്” എന്നവർ പറഞ്ഞു.
6അവിടുന്നു ജനത്തോടു നിലത്തിരിക്കുവാൻ ആജ്ഞാപിച്ചു. പിന്നീട് ആ ഏഴപ്പം എടുത്തു സ്തോത്രംചെയ്തു മുറിച്ച് അവർക്കു വിളമ്പിക്കൊടുക്കുവാൻ ശിഷ്യന്മാരെ ഏല്പിച്ചു. 7അവർ വിളമ്പി; കുറെ ചെറുമീനും അവരുടെ പക്കലുണ്ടായിരുന്നു; യേശു അവയും വാഴ്ത്തിയശേഷം വിളമ്പിക്കൊടുക്കുവാൻ ശിഷ്യന്മാരോടു പറഞ്ഞു. 8അവർ ഭക്ഷിച്ചു തൃപ്തരായി; ശേഷിച്ച അപ്പനുറുക്കുകൾ ഏഴു വട്ടി നിറയെ ശേഖരിച്ചു. 9ഭക്ഷിച്ചവർ നാലായിരത്തോളം പേരുണ്ടായിരുന്നു. 10യേശു അവരെ പറഞ്ഞയച്ചു. ഉടനെതന്നെ അവിടുന്നു ശിഷ്യന്മാരോടുകൂടി വഞ്ചിയിൽ കയറി ദല്മനൂഥ ദേശത്തേക്കു പോയി.
അടയാളം ആവശ്യപ്പെടുന്നു
(മത്താ. 16:1-4)
11പരീശന്മാർ വന്ന് യേശുവിനോടു തർക്കിച്ചു തുടങ്ങി. അവിടുത്തെ പരീക്ഷിച്ചുകൊണ്ട് ആകാശത്തുനിന്ന് ഒരു അടയാളം കാണിക്കുവാൻ അവർ അവിടുത്തോട് ആവശ്യപ്പെട്ടു. 12അവിടുന്ന് ആത്മാവിന്റെ അടിത്തട്ടിൽനിന്നു നെടുവീർപ്പിട്ടുകൊണ്ട് “ഈ തലമുറ അടയാളം അന്വേഷിക്കുന്നത് എന്തിന്? ഒരടയാളവും അവർക്കു ലഭിക്കുകയില്ലെന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു” എന്നു പറഞ്ഞു.
13അനന്തരം അവിടുന്ന് അവരെ വിട്ട് വഞ്ചിയിൽ കയറി തടാകത്തിന്റെ മറുകരയ്‍ക്കുപോയി.
പരീശന്മാരുടെ പുളിപ്പുമാവ്
(മത്താ. 16:5-12)
14അപ്പം കൊണ്ടുപോരുവാൻ ശിഷ്യന്മാർ മറന്നുപോയി. വഞ്ചിയിൽ അവരുടെ കൈവശം ഒരപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 15യേശു അവരോട്, “പരീശന്മാരുടെയും ഹേരോദായുടെയും പുളിപ്പുമാവ് സൂക്ഷിച്ചുകൊള്ളുക” എന്നു മുന്നറിയിപ്പു നല്‌കി.
16“നമ്മുടെ കൈവശം അപ്പം ഇല്ലാത്തതുകൊണ്ടായിരിക്കുമോ അവിടുന്ന് ഇങ്ങനെ നിർദേശിച്ചത്? ” എന്ന് അവർ അന്യോന്യം പറഞ്ഞു.
17യേശു ഇതറിഞ്ഞ് അവരോടു ചോദിച്ചു: “നിങ്ങളുടെ കൈയിൽ അപ്പമില്ലാത്തതിനെപ്പറ്റി സംസാരിക്കുന്നതെന്തിന്? നിങ്ങൾ ഇനിയും ഒന്നും കാണുകയും ഗ്രഹിക്കുകയും ചെയ്യുന്നില്ലേ? നിങ്ങൾ മന്ദബുദ്ധികളായിത്തന്നെ ഇരിക്കുന്നുവോ? 18കണ്ണുണ്ടായിട്ടും നിങ്ങൾ കാണുന്നില്ലേ? ചെവിയുണ്ടായിട്ടും കേൾക്കുന്നില്ലേ? നിങ്ങൾ ഓർക്കുന്നില്ലേ, 19അയ്യായിരംപേർക്ക് ഞാൻ അഞ്ചപ്പം നുറുക്കിക്കൊടുത്തപ്പോൾ അപ്പനുറുക്കുകൾ നിങ്ങൾ എത്ര കുട്ട നിറച്ചെടുത്തു?”
അവർ പറഞ്ഞു: “പന്ത്രണ്ട്.”
20യേശു അവരോടു വീണ്ടും ചോദിച്ചു: “നാലായിരംപേർക്ക് ഏഴപ്പം കൊടുത്തപ്പോൾ അപ്പനുറുക്കുകൾ എത്ര വട്ടി നിറച്ചെടുത്തു?”
“ഏഴ്” എന്നവർ പറഞ്ഞു.
21യേശു അവരോട് “ഇനിയും നിങ്ങൾ ഗ്രഹിക്കുന്നില്ലേ?” എന്നു ചോദിച്ചു.
അന്ധനു കാഴ്ച നല്‌കുന്നു
22പിന്നീട് അവർ ബെത്‍സെയ്ദയിലെത്തി. കാഴ്ചയില്ലാത്ത ഒരുവനെ ചിലർ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. “അയാളെ ഒന്നു തൊടണേ” എന്ന് അവർ അപേക്ഷിച്ചു. 23അവിടുന്ന് ആ അന്ധനെ കൈക്കുപിടിച്ച് ഗ്രാമത്തിനു പുറത്തു കൊണ്ടുപോയി അയാളുടെ കണ്ണിൽ സ്വന്തം ഉമിനീരു പുരട്ടുകയും കൈകൾ അയാളുടെമേൽ വയ്‍ക്കുകയും ചെയ്തു. “വല്ലതും കാണുന്നുണ്ടോ?” എന്ന് യേശു ആ മനുഷ്യനോടു ചോദിച്ചു.
24അയാൾ മുഖം ഉയർത്തിനോക്കിക്കൊണ്ടു പറഞ്ഞു: “എനിക്കു മനുഷ്യരെ കാണാം; എന്നാൽ അവർ മരങ്ങൾപോലെയിരിക്കുന്നു; അവർ നടക്കുന്നതായി ഞാൻ കാണുന്നു.”
25അയാളുടെ കണ്ണുകളുടെമേൽ വീണ്ടും യേശു തന്റെ കരങ്ങൾവച്ചു; അയാൾ മിഴിച്ചു നോക്കി. അപ്പോൾ എല്ലാം വ്യക്തമായി കാണത്തക്കവിധം ആ അന്ധൻ സുഖം പ്രാപിച്ചു. 26ഗ്രാമത്തിൽ പ്രവേശിക്കുകപോലും ചെയ്യരുതെന്നു പറഞ്ഞിട്ട് യേശു അയാളെ വീട്ടിലേക്കു പറഞ്ഞയച്ചു.
പത്രോസിന്റെ സാക്ഷ്യം
(മത്താ. 16:13-20; ലൂക്കോ. 9:18-21)
27അനന്തരം യേശു ശിഷ്യന്മാരോടുകൂടി കൈസര്യഫിലിപ്പിക്കു ചുറ്റുമുള്ള ഗ്രാമങ്ങളിലേക്കുപോയി. വഴിയിൽവച്ച് അവിടുന്ന് ശിഷ്യന്മാരോട്: “ഞാൻ ആരാണെന്നാണ് ആളുകൾ പറയുന്നത്?” എന്നു ചോദിച്ചു.
28“ചിലർ സ്നാപകയോഹന്നാൻ എന്നും, മറ്റു ചിലർ ഏലിയാ എന്നും, വേറെ ചിലർ പ്രവാചകന്മാരിൽ ഒരുവനെന്നും പറയുന്നു” എന്ന് അവർ ഉത്തരം പറഞ്ഞു.
29അപ്പോൾ, “ആകട്ടെ, ഞാൻ ആരാണെന്നാണു നിങ്ങൾ പറയുന്നത്?” എന്ന് യേശു ചോദിച്ചു.
അതിനു പത്രോസ്, “അങ്ങു ക്രിസ്തു ആകുന്നു” എന്നുത്തരം പറഞ്ഞു.
30തന്നെപ്പറ്റി ആരോടും പറയരുതെന്ന് അവിടുന്നു കർശനമായി അവരോട് ആജ്ഞാപിച്ചു.
മരണത്തെപ്പറ്റി മുന്നറിയിപ്പ്
(മത്താ. 16:21-28; ലൂക്കോ. 9:22-27)
31മനുഷ്യപുത്രനായ തനിക്കു വളരെയധികം കഷ്ടതകൾ സഹിക്കേണ്ടിവരുമെന്നും ജനപ്രമാണിമാരും മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും തന്നെ പരിത്യജിക്കുമെന്നും താൻ വധിക്കപ്പെടുമെന്നും മൂന്നാം ദിവസം ഉയിർത്തെഴുന്നേല്‌ക്കുമെന്നും യേശു അവരെ പറഞ്ഞു ധരിപ്പിക്കുവാൻ തുടങ്ങി. 32ഇക്കാര്യങ്ങൾ അവിടുന്ന് അവരോടു തുറന്നു പറഞ്ഞു. 33അപ്പോൾ പത്രോസ് യേശുവിനെ അല്പം മാറ്റി നിറുത്തി അവിടുത്തെ തന്റെ പ്രതിഷേധം അറിയിച്ചു. അവിടുന്നു തിരിഞ്ഞു ശിഷ്യന്മാരെ കണ്ടിട്ട്, “സാത്താനേ, എന്റെ മുമ്പിൽനിന്നു പോകൂ; നിന്റെ ചിന്താഗതി ദൈവത്തിൻറേതല്ല മനുഷ്യരുടേതത്രേ” എന്നു പറഞ്ഞു പത്രോസിനെ ശാസിച്ചു.
34അനന്തരം യേശു ജനക്കൂട്ടത്തെയും ശിഷ്യന്മാരെയും അടുക്കൽ വിളിച്ച് ഇപ്രകാരം പ്രസ്താവിച്ചു: “എന്നെ അനുഗമിക്കുവാൻ ആരെങ്കിലും ഇച്ഛിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ ത്യജിച്ചു തന്റെ കുരിശു വഹിച്ചുകൊണ്ട് എന്നെ അനുഗമിക്കട്ടെ. 35ആരെങ്കിലും തന്റെ ജീവനെ രക്ഷിക്കുവാൻ ഇച്ഛിക്കുന്നുവെങ്കിൽ അവൻ അതു നഷ്ടപ്പെടുത്തും; എന്നാൽ എനിക്കുവേണ്ടിയും സുവിശേഷത്തിനുവേണ്ടിയും തന്റെ ജീവനെ നഷ്ടപ്പെടുത്തുന്നവൻ അതിനെ രക്ഷിക്കും. 36ഒരുവൻ സർവലോകവും നേടിയാലും തന്റെ ജീവൻ നഷ്ടപ്പെടുത്തിയാൽ അവന് എന്താണു പ്രയോജനം? 37തന്റെ ജീവൻ തിരിച്ചുകിട്ടുന്നതിനുവേണ്ടി ഒരുവന് എന്തു പകരം കൊടുക്കുവാൻ കഴിയും? 38വഴി പിഴച്ചതും പാപം നിറഞ്ഞതുമായ ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു ലജ്ജിച്ചാൽ, തന്റെ പിതാവിന്റെ തേജസ്സിൽ വിശുദ്ധമാലാഖമാരോടുകൂടി വരുമ്പോൾ മനുഷ്യപുത്രൻ അവനെക്കുറിച്ചും ലജ്ജിക്കും.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

MARKA 8: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക