MIKA 1
1
1യോഥാം, ആഹാസ്, ഹിസ്കീയാ എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്ത് മോരസ്ത്യനായ മീഖായ്ക്ക് ശമര്യയെയും യെരൂശലേമിനെയും സംബന്ധിച്ച് സർവേശ്വരനിൽനിന്ന് അരുളപ്പാട് ലഭിച്ചു.
ശമര്യയെയും യെരൂശലേമിനെയും കുറിച്ചുള്ള വിലാപം
2ജനതകളേ, കേൾക്കുവിൻ, ഭൂമിയും അതിലുള്ള സമസ്തവുമേ, ശ്രദ്ധിക്കുവിൻ; സർവേശ്വരനായ കർത്താവ് അവിടുത്തെ വിശുദ്ധമന്ദിരത്തിൽനിന്നു നിങ്ങൾക്ക് എതിരെ സാക്ഷ്യം വഹിക്കട്ടെ. 3സർവേശ്വരൻ അവിടുത്തെ വിശുദ്ധസ്ഥലത്തുനിന്നു വരുന്നു, അവിടുന്ന് ഇറങ്ങിവന്ന് ഭൂമിയുടെ ഉന്നതസ്ഥലങ്ങളിൽ നടക്കുന്നു. 4അപ്പോൾ തീയുടെ മുമ്പിൽ മെഴുകെന്നപോലെ അവിടുത്തെ കാൽക്കീഴിൽ പർവതങ്ങൾ ഉരുകും. അവ മലഞ്ചരുവിലൂടെ ഒഴുകുന്ന വെള്ളംപോലെ താഴ്വരകളിലേക്ക് ഒഴുകും. 5യാക്കോബ്വംശജരുടെ അതിക്രമവും ഇസ്രായേൽഗൃഹത്തിന്റെ പാപങ്ങളും നിമിത്തമാണ് ഇവയെല്ലാം സംഭവിക്കുന്നത്. യാക്കോബുവംശജരുടെ അതിക്രമം എന്താണ്? 6അത് ശമര്യ അല്ലേ? യെഹൂദ്യയുടെ പാപം എന്താണ്? അത് യെരൂശലേം അല്ലേ? അതുകൊണ്ട് സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഞാൻ ശമര്യയെ വെളിമ്പ്രദേശത്തെ പാഴ്കൂനപോലെയും മുന്തിരി നടാനുള്ള സ്ഥലംപോലെയും ആക്കും. അതിലെ കല്ലുകൾ താഴ്വരയിലേക്ക് ഉരുട്ടിക്കളയും; ശമര്യയുടെ അടിത്തറ ഞാൻ പൊളിച്ചുകളയും. 7അവളുടെ അമൂല്യവിഗ്രഹങ്ങൾ തച്ചുടയ്ക്കും. അവൾക്കു ലഭിച്ച വേതനമെല്ലാം ചുട്ടെരിക്കും. അവളുടെ സമസ്തവിഗ്രഹങ്ങളും നശിപ്പിക്കും. വേശ്യാവൃത്തിക്കുള്ള വേതനമായിട്ടാണല്ലോ ശമര്യ അവ നേടിയത്; അവ വീണ്ടും വേശ്യയുടെ കൂലിയായിത്തീരും.”
8മീഖാ പറഞ്ഞു: “ഇതു നിമിത്തം ഞാൻ വിലപിച്ചു കരയും. ഞാൻ ചെരുപ്പും വസ്ത്രവും കൂടാതെ നടക്കും. ഞാൻ കുറുനരികളെപ്പോലെ ഓലിയിടും. ഒട്ടകപ്പക്ഷിയെപ്പോലെ വിലപിക്കും. 9ശമര്യയുടെ മുറിവുകൾ ഒരിക്കലും കരിയാത്തതാണല്ലോ; അതു യെഹൂദ്യവരെ, യെരൂശലേമിന്റെ കവാടംവരെ എത്തിയിരിക്കുന്നു. അവിടെയാണല്ലോ എന്റെ ജനം പാർക്കുന്നത്.”
ശത്രു യെരൂശലേമിനെ സമീപിക്കുന്നു
10നമ്മുടെ ശത്രുക്കളായ ഗത്ത്നിവാസികളോട് ഇക്കാര്യം പറയരുത്. നിങ്ങൾ അവരുടെ മുമ്പിൽ വിലപിക്കുകയും അരുത്. നിങ്ങൾ #1:10 ബേത്ത്-ലെ-ആഫ്രാ = പൊടിവീട്.ബേത്ത്-ലെ-ആഫ്രായിലെ പൂഴിയിൽ വീണുരുളുക. 11#1:11 ശാഫീർ = മനോഹരം.ശാഫീർനിവാസികളേ, നിങ്ങൾ നഗ്നരും ലജ്ജിതരുമായി കടന്നുപോകൂ. #1:11 സായനാൻ = പുറപ്പാട്.സായനാൻനിവാസികൾ പുറത്തുവരുന്നില്ല. ബേത്ത്-ഏസെലിലെ വിലാപം കേൾക്കുമ്പോൾ അവർക്കു നിങ്ങളെ സഹായിക്കാൻ കഴിയുകയില്ലെന്നു നിങ്ങൾ അറിയും. 12#1:12 മാരോത്ത് = കയ്പുള്ളത്.മാരോത്ത് നിവാസികൾ സഹായത്തിനായി ഉൽക്കണ്ഠയോടെ കാത്തിരിക്കുന്നു. കാരണം സർവേശ്വരൻ അയച്ച അനർഥം യെരൂശലേമിന്റെ വാതില്ക്കൽ എത്തിക്കഴിഞ്ഞു. 13ലാക്കീശ്നിവാസികളേ, കുതിരകളെ രഥത്തിൽ പൂട്ടുക. സീയോൻനിവാസികളുടെ പാപങ്ങൾക്കു നിങ്ങളാണു തുടക്കം കുറിച്ചത്. ഇസ്രായേലിന്റെ അതിക്രമങ്ങൾ നീയും പ്രവർത്തിച്ചുവല്ലോ. 14അതുകൊണ്ട് യെഹൂദ്യയിലെ ജനമേ, മോരേശെത്ത്-ഗത്ത് നിവാസികൾക്കു വിട നല്കുക. #1:14 അക്സിബു=വ്യാജഗൃഹം.അക്സിബുനഗരത്തിൽനിന്നു സഹായം ലഭിക്കാതെ ഇസ്രായേൽരാജാക്കന്മാർ നിരാശരാകും. 15#1:15 മാരേശാ= കൈവശം.മാരേശാനിവാസികളേ, നിങ്ങളെ കീഴടക്കാൻ ഞാൻ ഒരുവനെ നിങ്ങളുടെ നേർക്ക് അയയ്ക്കും. ഇസ്രായേലിലെ പ്രമുഖരായ ജനനേതാക്കൾ അദുല്ലാംഗുഹയിൽ ഒളിക്കും. 16നിങ്ങളുടെ ഓമനക്കുഞ്ഞുങ്ങളെ ഓർത്തു നിങ്ങളുടെ തല മുണ്ഡനം ചെയ്യുക. നിങ്ങളുടെ ശിരസ്സു കഴുകൻറേതുപോലെ കഷണ്ടി ആക്കുവിൻ. നിങ്ങളുടെ മക്കൾ നിങ്ങളെ വിട്ടു പ്രവാസികളായിപ്പോകുമല്ലോ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
MIKA 1: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.