MATHAIA 7:1-14

MATHAIA 7:1-14 MALCLBSI

“നിങ്ങൾ മറ്റുള്ളവരെ വിധിക്കരുത്; എന്നാൽ നിങ്ങളെയും വിധിക്കുകയില്ല. നിങ്ങൾ മറ്റുള്ളവരെ എങ്ങനെ വിധിക്കുന്നുവോ അതുപോലെയായിരിക്കും ദൈവം നിങ്ങളെയും വിധിക്കുക. നിങ്ങൾ ഏത് അളവുകൊണ്ടു മറ്റുള്ളവരെ അളക്കുന്നുവോ അതേ അളവുകോൽകൊണ്ടു ദൈവം നിങ്ങളെയും അളക്കും. നിങ്ങളുടെ കണ്ണിൽ കോൽ ഇരിക്കുന്നതോർക്കാതെ സഹോദരന്റെ കണ്ണിലെ കരടു കണ്ടുപിടിക്കുവാൻ ശ്രമിക്കുന്നതെന്തിന്? സ്വന്തം കണ്ണിൽ കോലിരിക്കെ സഹോദരനോട് ‘നില്‌ക്കൂ, താങ്കളുടെ കണ്ണിലെ കരട് ഞാൻ എടുക്കാം’ എന്ന് എങ്ങനെ നീ പറയും? ഹേ, കപടഭക്താ, ആദ്യം നിന്റെ കണ്ണിൽനിന്നു കോല് എടുത്തുകളയുക. അപ്പോൾ നിന്റെ സഹോദരന്റെ കണ്ണിലെ കരട് എടുത്തുകളയുവാൻ തക്കവിധം വ്യക്തമായി നിനക്കു കാണാൻ കഴിയും. “വിശുദ്ധമായതു നായ്‍ക്കൾക്കു കൊടുക്കരുത്; നിങ്ങളുടെ മുത്തുകൾ പന്നികളുടെ മുമ്പിൽ എറിയുകയുമരുത്. അവ മുത്തുകളെ ചവുട്ടിമെതിക്കുകയും നേരെ തിരിഞ്ഞ് നിങ്ങളെ ചീന്തിക്കളയുകയും ചെയ്യും. “അപേക്ഷിച്ചുകൊണ്ടിരിക്കുക; നിങ്ങൾക്കു ലഭിക്കും; അന്വേഷിച്ചുകൊണ്ടിരിക്കുക, നിങ്ങൾ കണ്ടെത്തും; മുട്ടിക്കൊണ്ടിരിക്കുക, നിങ്ങൾക്കു തുറന്നുകിട്ടും. അപേക്ഷിക്കുന്ന ഏതൊരുവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറന്നു കിട്ടുന്നു. മകൻ അപ്പം ചോദിച്ചാൽ അവനു കല്ലു കൊടുക്കുന്ന ആരെങ്കിലും നിങ്ങളുടെ ഇടയിലുണ്ടോ? അല്ല മീൻ ചോദിച്ചാൽ പാമ്പിനെ കൊടുക്കുമോ? നിങ്ങളുടെ മക്കൾക്കു നല്ല വസ്തുക്കൾ കൊടുക്കുവാൻ ദുഷ്ടരായ നിങ്ങൾക്കറിയാമെങ്കിൽ സ്വർഗസ്ഥനായ പിതാവു തന്നോടപേക്ഷിക്കുന്നവർക്ക് അവ എത്രയധികം നല്‌കും! “നിങ്ങളോടു മറ്റുള്ളവർ എങ്ങനെ വർത്തിക്കണമെന്നു നിങ്ങൾ ഇച്ഛിക്കുന്നുവോ അങ്ങനെ അവരോടു നിങ്ങളും വർത്തിക്കുക. ധർമശാസ്ത്രത്തിന്റെയും പ്രവചനങ്ങളുടെയും സാരാംശം ഇതാകുന്നു. “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക; വിസ്താരമുള്ള പടിവാതിലും വിശാലമായ വഴിയും നാശത്തിലേക്കു നയിക്കുന്നു. അവയിൽക്കൂടി പോകുന്നവർ അനവധിയത്രേ. ഇടുങ്ങിയ വാതിലും ദുർഘടമായ വഴിയും ജീവനിലേക്കു നയിക്കുന്നു. എന്നാൽ അതു കണ്ടെത്തുന്നവർ ചുരുക്കമാണ്.

MATHAIA 7 വായിക്കുക