MATHAIA 5:27-48

MATHAIA 5:27-48 MALCLBSI

‘വ്യഭിചാരം ചെയ്യരുത്’ എന്നു പറഞ്ഞിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു; ഭോഗേച്ഛയോടുകൂടി ഒരു സ്‍ത്രീയെ നോക്കുന്നവൻ ഹൃദയത്തിൽ ആ സ്‍ത്രീയുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞിരിക്കുന്നു. പാപം ചെയ്യുന്നതിനു നിന്റെ വലത്തുകണ്ണു കാരണമായിത്തീരുന്നു എങ്കിൽ അതു ചുഴന്നെടുത്ത് എറിഞ്ഞുകളയുക; നിന്റെ ശരീരം മുഴുവൻ നരകത്തിൽ തള്ളപ്പെടുന്നതിനെക്കാൾ നിന്റെ അവയവങ്ങളിലൊന്നു നഷ്ടപ്പെടുന്നതാണ് നിനക്കു നല്ലത്. നിന്റെ വലത്തു കൈ പാപം ചെയ്യാൻ കാരണമായിത്തീരുന്നുവെങ്കിൽ അതു വെട്ടി എറിഞ്ഞുകളയുക; നിന്റെ ശരീരം മുഴുവനായി നരകത്തിൽ തള്ളപ്പെടുന്നതിനെക്കാൾ നിന്റെ അവയവങ്ങളിലൊന്നു നഷ്ടപ്പെടുന്നതാണു നിനക്കു നല്ലത്. “ഭാര്യയെ ഉപേക്ഷിക്കുന്നവൻ അവൾക്ക് ഉപേക്ഷണപത്രം കൊടുക്കണമെന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നത്: പാതിവ്രത്യം ലംഘിക്കുന്നതുകൊണ്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവൻ അവൾ വ്യഭിചാരം ചെയ്യാൻ ഇടവരുത്തുന്നു എന്നത്രേ. ഉപേക്ഷിക്കപ്പെട്ട സ്‍ത്രീയെ പരിണയിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു. “ശപഥം ലംഘിക്കരുതെന്നും ഈശ്വരസമക്ഷം ചെയ്തിട്ടുള്ള ശപഥം നിറവേറ്റണമെന്നും പൂർവികരോടു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ശപഥം ചെയ്യുകയേ അരുത്. സ്വർഗത്തെക്കൊണ്ടു പാടില്ല; അതു ദൈവത്തിന്റെ സിംഹാസനം. ഭൂമിയെക്കൊണ്ടും പാടില്ല; അത് അവിടുത്തെ പാദപീഠം. യെരൂശലേമിനെക്കൊണ്ടും പാടില്ല; അതു മഹാനായ രാജാവിന്റെ നഗരം. നിന്റെ ശിരസ്സിനെക്കൊണ്ടും ശപഥം ചെയ്തുകൂടാ, എന്തെന്നാൽ നിന്റെ തലയിലെ ഒരു രോമംപോലും വെളുപ്പിക്കുവാനോ കറുപ്പിക്കുവാനോ നിനക്കു കഴിവില്ലല്ലോ. നിങ്ങൾ പറയുന്നത് ഉവ്വ് എന്നോ, ഇല്ല എന്നോ, മാത്രം ആയിരിക്കട്ടെ. ഇതിൽ കവിഞ്ഞുള്ളതെല്ലാം ദുഷ്ടനിൽനിന്നാണു വരുന്നത്. “കണ്ണിനു കണ്ണ്, പല്ലിനു പല്ല്” എന്നു പറഞ്ഞിട്ടുള്ളതും നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ദുഷ്ടമനുഷ്യനോട് എതിർക്കരുത്; ആരെങ്കിലും നിന്റെ വലത്തെ ചെകിട്ടത്തടിച്ചാൽ ഇടത്തേതുകൂടി തിരിച്ചുകാണിക്കുക. “ഒരുവൻ വ്യവഹാരപ്പെട്ടു നിന്റെ ഉടുപ്പു കരസ്ഥമാക്കാൻ ഇച്ഛിക്കുന്നുവെങ്കിൽ മേലങ്കികൂടി അവനു വിട്ടുകൊടുക്കുക. അധികാരമുള്ളവൻ ഒരു കിലോമീറ്റർദൂരം ചെല്ലുവാൻ നിന്നെ നിർബന്ധിച്ചാൽ അയാളുടെകൂടെ രണ്ടു കിലോമീറ്റർ ദൂരം പോകുക. നിന്നോടു സഹായം അഭ്യർഥിക്കുന്നവനു സഹായം നല്‌കുക; വായ്പവാങ്ങാൻ വരുന്നവനിൽനിന്ന് ഒഴിഞ്ഞുമാറുകയുമരുത്. “അയൽക്കാരനെ സ്നേഹിക്കുക എന്നും ശത്രുവിനെ വെറുക്കുക എന്നും പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക; നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യുക. നിങ്ങൾ അങ്ങനെ ചെയ്താൽ സ്വർഗസ്ഥനായ പിതാവിന്റെ മക്കളായിത്തീരും. അവിടുന്നു ദുർജനങ്ങളുടെയും സജ്ജനങ്ങളുടെയുംമേൽ തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും നീതിരഹിതരുടെയുംമേൽ മഴ പെയ്യിക്കുകയും ചെയ്യുന്നുവല്ലോ. നിങ്ങളെ സ്നേഹിക്കുന്നവരെ മാത്രം സ്നേഹിച്ചാൽ നിങ്ങൾക്ക് എന്തു പ്രതിഫലം ലഭിക്കും? ചുങ്കം പിരിക്കുന്നവർപോലും അങ്ങനെ ചെയ്യുന്നുവല്ലോ. നിങ്ങളുടെ സഹോദരന്മാരെ മാത്രം അഭിവാദനം ചെയ്താൽ നിങ്ങൾ മറ്റുള്ളവർ ചെയ്യുന്നതിനെക്കാൾ കൂടുതൽ എന്താണു ചെയ്യുന്നത്? വിജാതീയരും അങ്ങനെ ചെയ്യുന്നുണ്ടല്ലോ. അതുകൊണ്ടു നിങ്ങളുടെ സ്വർഗസ്ഥപിതാവു സദ്ഗുണപൂർണനായിരിക്കുന്നതുപോലെ നിങ്ങളും സദ്ഗുണപൂർണരായിത്തീരുക.

MATHAIA 5 വായിക്കുക