MATHAIA 2

2
ജ്യോതിശാസ്ത്രജ്ഞന്മാരുടെ ആഗമനം
1ഹേരോദാരാജാവിന്റെ കാലത്താണ് യേശു യെഹൂദ്യയിലെ ബേത്‍ലഹേമിൽ ജനിച്ചത്. യേശുവിന്റെ ജനനശേഷം പൗരസ്ത്യദേശത്തുനിന്നു ജ്യോതിശാസ്ത്രജ്ഞന്മാർ യെരൂശലേമിലെത്തി. 2“യെഹൂദന്മാരുടെ രാജാവു ജനിച്ചിരിക്കുന്നത് എവിടെ? അവിടുത്തെ നക്ഷത്രം ഞങ്ങൾ പൂർവദിക്കിൽ കണ്ടു; അവിടുത്തെ നമസ്കരിക്കുന്നതിനാണു ഞങ്ങൾ വന്നിരിക്കുന്നത്” എന്ന് അവർ പറഞ്ഞു.
3ഇതു കേട്ടപ്പോൾ ഹേരോദാരാജാവും സകല യെരൂശലേംനിവാസികളും പരിഭ്രമിച്ചു. 4രാജാവ് എല്ലാ പുരോഹിത മുഖ്യന്മാരെയും വിളിച്ചുകൂട്ടി, ക്രിസ്തു ജനിക്കുന്നത് എവിടെയാണെന്നു ചോദിച്ചു. 5-6അവർ ഇങ്ങനെ മറുപടി പറഞ്ഞു:
“യെഹൂദ്യയിലെ ബേത്‍ലഹേമിൽത്തന്നെ. അല്ലയോ യെഹൂദ്യയിലെ ബേത്‍ലഹേമേ, നീ ഒരു വിധത്തിലും യെഹൂദ്യയിലെ പ്രമുഖ നഗരങ്ങളിൽ ഒട്ടും ചെറുതല്ല; എന്തെന്നാൽ എന്റെ ജനമായ ഇസ്രായേലിനെ മേയ്പാനുള്ളവൻ നിന്നിൽനിന്നു വരുന്നു എന്നാണല്ലോ പ്രവാചകന്മാർ മുഖാന്തരം എഴുതിയിരിക്കുന്നത്.”
7ഹേരോദാ ആ ജ്യോതിശാസ്ത്രജ്ഞന്മാരെ രഹസ്യമായി വിളിച്ച് നക്ഷത്രം പ്രത്യക്ഷപ്പെട്ട സമയം സൂക്ഷ്മമായി ചോദിച്ചു മനസ്സിലാക്കി. 8“നിങ്ങൾ പോയി ആ ശിശുവിനെക്കുറിച്ചു സുസൂക്ഷ്മം അന്വേഷിക്കുക; കണ്ടെത്തിയിട്ടു മടങ്ങിവന്ന് എന്നെ വിവരം അറിയിക്കണം; എനിക്കും പോയി ആ ശിശുവിനെ നമസ്കരിക്കണം” എന്നു പറഞ്ഞ് അദ്ദേഹം അവരെ ബേത്‍ലഹേമിലേക്ക് അയച്ചു.
9രാജാവു പറഞ്ഞതനുസരിച്ച് അവർ യാത്ര തുടർന്നു. അവർ പൂർവദിക്കിൽ കണ്ട നക്ഷത്രം അവർക്കു മുമ്പേ നീങ്ങിക്കൊണ്ടിരുന്നു. അത് ശിശു കിടന്നിരുന്ന സ്ഥലത്തിനു മുകളിൽ എത്തി നിന്നു. 10നക്ഷത്രം കണ്ടപ്പോൾ അവർ അത്യന്തം ആനന്ദഭരിതരായി: 11“അവർ ആ വീട്ടിൽ പ്രവേശിച്ചപ്പോൾ അമ്മയായ മറിയമിനോടുകൂടി ശിശുവിനെ കണ്ടു. ഉടനെ അവർ സാഷ്ടാംഗം വീണു നമസ്കരിച്ചു. തങ്ങളുടെ നിക്ഷേപപാത്രങ്ങൾ തുറന്ന് പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവയ്‍ക്കുകയും ചെയ്തു.
12ഹേരോദായുടെ അടുക്കലേക്കു തിരിച്ചുപോകരുതെന്നു സ്വപ്നത്തിൽ അരുളപ്പാടു ലഭിച്ചതിനാൽ അവർ മറുവഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി.
ഈജിപ്തിലേക്കു പോകുന്നു
13ജ്യോതിശാസ്ത്രജ്ഞന്മാർ പോയശേഷം ഒരു ദൈവദൂതൻ സ്വപ്നത്തിൽ യോസേഫിനു പ്രത്യക്ഷനായി ഇങ്ങനെ പറഞ്ഞു: “നീ എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് വേഗം ഈജിപ്തിലേക്കു പോയി രക്ഷപെടുക. ഞാൻ പറയുന്നതുവരെ അവിടെ പാർക്കണം. ഹേരോദാ ശിശുവിനെ കണ്ടുപിടിച്ചു കൊല്ലുവാൻ ശ്രമിക്കുന്നു.”
14അങ്ങനെ യോസേഫ് ഉണർന്ന് ശിശുവിനെയും മാതാവിനെയും കൂട്ടിക്കൊണ്ട് രാത്രിതന്നെ ഈജിപ്തിലേക്കു പുറപ്പെട്ടു. 15ഹേരോദാ അന്തരിക്കുന്നതുവരെ അവർ അവിടെ പാർത്തു.
“ഈജിപ്തിൽനിന്ന് എന്റെ പുത്രനെ ഞാൻ വിളിച്ചു വരുത്തി” എന്നു പ്രവാചകൻ മുഖേന ദൈവം അരുളിച്ചെയ്തത് ഇങ്ങനെ സംഭവിച്ചു.
ശിശുക്കളെ വധിക്കുന്നു
16ജ്യോതിശാസ്ത്രജ്ഞന്മാർ തന്നെ കബളിപ്പിച്ചു എന്നു മനസ്സിലാക്കിയപ്പോൾ ഹേരോദാ അത്യധികം കുപിതനായി; അവരിൽനിന്നു ചോദിച്ചറിഞ്ഞ സമയം ആസ്പദമാക്കി ബേത്‍ലഹേമിലും എല്ലാ പരിസരപ്രദേശങ്ങളിലും രണ്ടു വയസ്സോ അതിനു താഴെയോ പ്രായമുള്ള സകല ആൺകുട്ടികളെയും ഹേരോദാ ആളയച്ചു കൊല്ലിച്ചു.
17-18റാമയിൽ ഒരു ശബ്ദം കേൾക്കുന്നു;
അലമുറയും വലിയ കരച്ചിലും തന്നെ.
റാഹേൽ തന്റെ മക്കളെച്ചൊല്ലി കരയുന്നു;
അവരിൽ ആരും ജീവനോടെ ശേഷിക്കാത്തതിനാൽ സാന്ത്വനവാക്കുകൾ അവൾ നിരസിക്കുന്നു
എന്നിങ്ങനെ യിരെമ്യാപ്രവാചകൻ മുഖേന അരുൾചെയ്തത് അന്നു സംഭവിച്ചു.
നസറെത്തിലേക്കു തിരിച്ചുപോകുന്നു
19ഹേരോദായുടെ നിര്യാണശേഷം ഈജിപ്തിൽവച്ച് ദൈവദൂതൻ യോസേഫിനു സ്വപ്നത്തിൽ പ്രത്യക്ഷനായി ഇപ്രകാരം പറഞ്ഞു: 20“എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് ഇസ്രായേൽദേശത്തേക്കു പോകുക; ശിശുവിനെ വധിക്കുവാൻ തുനിഞ്ഞവർ അന്തരിച്ചു.” 21അങ്ങനെ യോസേഫ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് ഇസ്രായേൽദേശത്തു വന്നു.
22എന്നാൽ അർക്കലയൊസ് തന്റെ പിതാവായ ഹേരോദായ്‍ക്കു പകരം യെഹൂദ്യയിൽ ഭരണം നടത്തുന്നു എന്നു കേട്ടതുകൊണ്ട് അവിടേക്കു പോകുവാൻ യോസേഫ് ഭയപ്പെട്ടു; സ്വപ്നത്തിൽ ലഭിച്ച അരുളപ്പാടനുസരിച്ചു ഗലീലാപ്രദേശത്തേക്കു മാറിപ്പോയി. 23അവിടെയെത്തി അദ്ദേഹം നസ്രെത്ത് എന്ന പട്ടണത്തിൽ വാസമുറപ്പിച്ചു. “യേശു നസറായൻ എന്നു വിളിക്കപ്പെടും” എന്നു പ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തത് അങ്ങനെ പൂർത്തിയായി.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

MATHAIA 2: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക