LUKA 7

7
ശതാധിപന്റെ ഭൃത്യനെ സുഖപ്പെടുത്തുന്നു
(മത്താ. 8:5-13)
1അങ്ങനെ തന്റെ പ്രഭാഷണം പൂർത്തിയാക്കിയശേഷം യേശു കഫർന്നഹൂമിലെത്തി. 2അവിടെ റോമാസൈന്യത്തിലെ ഒരു ശതാധിപനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രിയങ്കരനായ ഒരു ഭൃത്യൻ രോഗം പിടിപെട്ട് ആസന്നമരണനായി കിടന്നിരുന്നു. 3ശതാധിപൻ യേശുവിനെക്കുറിച്ചു കേട്ടു; അവിടുന്ന് വന്നു തന്റെ ഭൃത്യനെ സുഖപ്പെടുത്തണമെന്ന് അഭ്യർഥിക്കുന്നതിനായി സുനഗോഗിലെ ഏതാനും പ്രമുഖന്മാരെ യേശുവിന്റെ അടുക്കലയച്ചു. 4അവർ അവിടുത്തെ സമീപിച്ചു നിർബന്ധപൂർവം അപേക്ഷിച്ചു: 5“ഈ ശതാധിപൻ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു; ഞങ്ങൾക്ക് ഒരു സുനഗോഗും നിർമിച്ചു തന്നു; അതുകൊണ്ട് ഇതു ചെയ്തു കൊടുക്കുന്നതിന് അദ്ദേഹം യോഗ്യനാണ്.”
6യേശു അവരോടുകൂടി പോയി. ശതാധിപന്റെ വീടിനോടു സമീപിക്കാറായപ്പോൾ അദ്ദേഹം തന്റെ സ്നേഹിതന്മാരെ അയച്ച് യേശുവിനെ ഇപ്രകാരം അറിയിച്ചു: “പ്രഭോ, അങ്ങു ബുദ്ധിമുട്ടേണ്ടതില്ല. അങ്ങ് എന്റെ ഭവനത്തിൽ വരുവാനുള്ള യോഗ്യത എനിക്കില്ല. 7അങ്ങയുടെ അടുക്കൽ നേരിട്ടു വരുവാനും എനിക്കു യോഗ്യതയില്ല; അവിടുന്ന് ഒരു വാക്കു കല്പിച്ചാൽ മതി, എന്റെ ഭൃത്യൻ സുഖം പ്രാപിക്കും. 8ഞാനും അധികാരത്തിൻകീഴിൽ ഉള്ളവനാണ്; എന്റെ കീഴിലും പടയാളികളുണ്ട്; ഒരുവനോടു ‘പോകൂ’ എന്നു പറഞ്ഞാൽ അയാൾ പോകുന്നു. മറ്റൊരുവനോടു ‘വരിക’ എന്നു പറഞ്ഞാൽ അയാൾ വരുന്നു. എന്റെ ഭൃത്യനോട് ‘ഇതു ചെയ്യുക’ എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു.”
9ഇതു കേട്ടപ്പോൾ യേശു വിസ്മയഭരിതനായി. അവിടുന്നു തിരിഞ്ഞ് തന്നെ അനുഗമിച്ച ജനത്തോടു പറഞ്ഞു: “ഇസ്രായേലിൽപോലും ഇത്ര വലിയ വിശ്വാസം ഞാൻ കണ്ടിട്ടില്ല!”
10യേശുവിന്റെ അടുക്കൽ അയച്ച ആളുകൾ തിരിച്ചു ചെന്നപ്പോൾ ശതാധിപന്റെ ഭൃത്യൻ പൂർണസുഖം പ്രാപിച്ചിരിക്കുന്നതായി കണ്ടു.
വിധവയുടെ മകനെ ഉയിർപ്പിക്കുന്നു
11 # 7:11 ചില കൈയെഴുത്തു പ്രതികളിൽ ‘അടുത്ത ദിവസം’ എന്നല്ല ‘അനന്തരം’ എന്നാണ്. അടുത്ത ദിവസം യേശു നയിൻ എന്ന പട്ടണത്തിലേക്കു യാത്രയായി. ശിഷ്യന്മാരും ഒരു വലിയ ജനസഞ്ചയവും അവിടുത്തെ അനുഗമിച്ചു. 12അവിടുന്നു നഗരഗോപുരത്തോടു സമീപിച്ചപ്പോൾ ഒരു മൃതശരീരം എടുത്തുകൊണ്ട് ഏതാനുമാളുകൾ വരുന്നതു കണ്ടു. ഒരു വിധവയുടെ ഏകപുത്രനായിരുന്നു മരിച്ചയാൾ. പട്ടണത്തിൽനിന്ന് ഒരു വലിയ ജനാവലിയും അവരുടെ കൂടെയുണ്ടായിരുന്നു. 13യേശു ആ സ്‍ത്രീയെ കണ്ടപ്പോൾ മനസ്സലിഞ്ഞ്, അവരോട്: “കരയേണ്ടാ” എന്നു പറഞ്ഞു. 14അവിടുന്ന് അടുത്തുചെന്ന് ശവമഞ്ചത്തിൽ തൊട്ടു. മഞ്ചം വഹിച്ചിരുന്നവർ അവിടെ നിന്നു. പിന്നീട് യേശു ഇപ്രകാരം ആജ്ഞാപിച്ചു: “യുവാവേ!, ഞാൻ നിന്നോടു പറയുന്നു, എഴുന്നേല്‌ക്കൂ!” 15മരിച്ചയാൾ ഉടനെ എഴുന്നേറ്റിരുന്നു സംസാരിച്ചു. യേശു ആ യുവാവിനെ അയാളുടെ അമ്മയെ ഏല്പിച്ചു.
16എല്ലാവരും പരിഭ്രാന്തരായി. “മഹാനായ ഒരു പ്രവാചകൻ നമ്മുടെ ഇടയിൽ പ്രത്യക്ഷനായിരിക്കുന്നു! ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു!” ഇങ്ങനെ പറഞ്ഞുകൊണ്ട് അവർ ദൈവത്തെ പ്രകീർത്തിച്ചു.
17യേശുവിനെക്കുറിച്ചുള്ള ഈ വാർത്ത യെഹൂദ്യനാട്ടിൽ എല്ലായിടത്തും പരിസരപ്രദേശങ്ങളിലും പ്രചരിച്ചു.
യോഹന്നാന്റെ സന്ദേശവാഹകർ
(മത്താ. 11:2-19)
18യോഹന്നാന്റെ ശിഷ്യന്മാർ ഈ കാര്യങ്ങളെല്ലാം അദ്ദേഹത്തെ അറിയിച്ചു. 19അദ്ദേഹം രണ്ടു ശിഷ്യന്മാരെ വിളിച്ച് “വരുവാനിരിക്കുന്ന മിശിഹാ അങ്ങു തന്നെയോ, അതോ ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കണോ?” എന്നു ചോദിക്കുന്നതിനായി യേശുവിന്റെ അടുക്കൽ അയച്ചു.
20അവർ ചെന്ന് യേശുവിനോടു ചോദിച്ചു; “സ്നാപകയോഹന്നാൻ ഞങ്ങളെ ഇവിടെ അയച്ചിരിക്കുന്നു; വരുവാനിരിക്കുന്നവൻ അങ്ങുതന്നെയാണോ? അതോ മറ്റൊരുവനെ ഞങ്ങൾ കാത്തിരിക്കണോ?”
21ആ സമയത്ത് യേശു രോഗങ്ങളും വ്യാധികളും ദുഷ്ടാത്മാക്കളും ബാധിച്ച നിരവധി ആളുകളെ സുഖപ്പെടുത്തുകയും അന്ധന്മാർക്കു കാഴ്ച നല്‌കുകയും ചെയ്തുകൊണ്ടിരുന്നു. 22അവിടുന്ന് യോഹന്നാന്റെ ദൂതന്മാരോടു പ്രതിവചിച്ചു: “നിങ്ങൾ കണ്ടതും കേട്ടതുമായ കാര്യങ്ങൾ അദ്ദേഹത്തോടു പോയി പറയുക: അന്ധന്മാർക്കു കാഴ്ച ലഭിക്കുന്നു, മുടന്തന്മാർ നടക്കുന്നു, കുഷ്ഠരോഗികൾ സുഖംപ്രാപിക്കുന്നു, ബധിരർ കേൾക്കുന്നു, മരിച്ചവരെ ഉയിർപ്പിക്കുന്നു, ദരിദ്രരോടു സുവിശേഷം പ്രസംഗിക്കുന്നു. 23എന്നിലുള്ള വിശ്വാസത്തിൽനിന്ന് ഇടറിവീഴാതിരിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ.”
24യോഹന്നാന്റെ ദൂതന്മാർ പോയശേഷം യേശു അദ്ദേഹത്തെക്കുറിച്ചു ജനസമൂഹത്തോട് ഇപ്രകാരം പറഞ്ഞു: “നിങ്ങൾ എന്തു കാണാമെന്നു പ്രതീക്ഷിച്ചാണ് വിജനസ്ഥലത്തേക്കു പോയത്? കാറ്റിൽ ഉലയുന്ന ഞാങ്ങണയോ? 25പിന്നെ എന്തു കാണാൻ നിങ്ങൾ പോയി? മൃദുലവസ്ത്രം ധരിച്ച ഒരുവനെയോ? അങ്ങനെയുള്ള വസ്ത്രങ്ങൾ അണിഞ്ഞ് ആഡംബരപൂർവം ജീവിക്കുന്നവർ രാജകൊട്ടാരങ്ങളിലല്ലേ ഉള്ളത്? 26എന്നാൽ പിന്നെ എന്തു കാണാൻ പോയി? ഒരു പ്രവാചകനെയോ? അതെ, പ്രവാചകനെക്കാൾ വളരെ മികച്ചവനെത്തന്നെ എന്നു ഞാൻ നിങ്ങളോടു പറയുന്നു. 27‘ഇതാ നിനക്കുവേണ്ടി വഴി ഒരുക്കുവാൻ ഞാൻ എന്റെ ദൂതനെ നിനക്കുമുമ്പേ അയയ്‍ക്കുന്നു’ എന്ന് എഴുതപ്പെട്ടിട്ടുള്ളത് ഇദ്ദേഹത്തെക്കുറിച്ചാണ്. 28സ്‍ത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ ശ്രേഷ്ഠൻ ആരുമില്ല എന്നു ഞാൻ പറയുന്നു. എങ്കിലും ദൈവരാജ്യത്തിലെ ഏറ്റവും ചെറിയവൻ അദ്ദേഹത്തെക്കാൾ മികച്ചവൻ തന്നെ.”
29ചുങ്കംപിരിക്കുന്നവരും മറ്റെല്ലാ ജനങ്ങളും യോഹന്നാന്റെ സന്ദേശം കേൾക്കുകയും സ്നാപനം സ്വീകരിക്കുകയും ചെയ്തുകൊണ്ടു ദൈവത്തിന്റെ നീതി നിറവേറ്റി. 30എന്നാൽ അദ്ദേഹത്തിന്റെ സ്നാപനം സ്വീകരിക്കാതിരുന്ന പരീശന്മാരും മതപണ്ഡിതന്മാരും തങ്ങളെപ്പറ്റിയുള്ള ദൈവോദ്ദേശ്യം സ്വയം നിരസിച്ചുകളഞ്ഞു.
31യേശു തുടർന്നു പറഞ്ഞു: “ഈ തലമുറയിലെ മനുഷ്യരെ ഞാൻ എന്തിനോടാണ് ഉപമിക്കേണ്ടത്? ആർക്കു തുല്യരാണവർ? 32‘ഞങ്ങൾ നിങ്ങൾക്കുവേണ്ടി കുഴലൂതി; നിങ്ങൾ നൃത്തം ചെയ്തില്ല; ഞങ്ങൾ വിലാപഗാനം പാടി; നിങ്ങൾ കരഞ്ഞില്ല’ എന്നിങ്ങനെ ചന്തയിലിരുന്ന് അന്യോന്യം വിളിച്ചുപറയുന്ന കുട്ടികൾക്ക് തുല്യരാണവർ.
33“സ്നാപകയോഹന്നാൻ ഭക്ഷണപാനീയങ്ങളിൽ വർജനം ആചരിക്കുന്നവനായി വന്നു. അദ്ദേഹം ഭൂതാവിഷ്ടനാണെന്നു നിങ്ങൾ പറയുന്നു; 34മനുഷ്യപുത്രൻ ഭക്ഷണപാനീയങ്ങൾ കഴിക്കുന്നവനായി വന്നു. ‘ഇതാ ഭോജനപ്രിയനും മദ്യപനുമായ മനുഷ്യൻ! ചുങ്കക്കാരുടെയും അധർമികളുടെയും സ്നേഹിതൻ!’ എന്നു നിങ്ങൾ പറയുന്നു. 35ദൈവികമായ ജ്ഞാനമാണു ശരിയായതെന്ന് അതു സ്വീകരിക്കുന്ന എല്ലാവരാലും തെളിയിക്കപ്പെട്ടിരിക്കുന്നു.”
യേശു പരീശന്റെ ഭവനത്തിൽ
36ഒരിക്കൽ ഒരു പരീശൻ യേശുവിനെ വിരുന്നിനു ക്ഷണിച്ചു. അവിടുന്ന് അയാളുടെ വീട്ടിലെത്തി ഭക്ഷണം കഴിക്കാനിരുന്നു. 37ആ പട്ടണത്തിൽ പാപിനിയായ ഒരു സ്‍ത്രീ ഉണ്ടായിരുന്നു. യേശു ആ പരീശന്റെ ഭവനത്തിൽ ഉണ്ടെന്നറിഞ്ഞ് അവൾ ഒരു വെൺകല്പാത്രത്തിൽ പരിമളതൈലവുമായി എത്തി.
38അവൾ യേശുവിന്റെ പിറകിൽ അവിടുത്തെ കാല്‌ക്കൽ കരഞ്ഞുകൊണ്ടുനിന്നു. തന്റെ കണ്ണുനീർകൊണ്ട് അവൾ അവിടുത്തെ പാദങ്ങൾ നനയ്‍ക്കുവാൻ തുടങ്ങി. അവൾ തലമുടികൊണ്ട് അതു തുടച്ചു. അവിടുത്തെ പാദങ്ങൾ തുടരെ ചുംബിക്കുകയും പരിമളതൈലം പൂശുകയും ചെയ്തു. 39ഇതുകണ്ട് ആതിഥേയനായ പരീശൻ ആത്മഗതം ചെയ്തു: “ഇദ്ദേഹം പ്രവാചകനായിരുന്നെങ്കിൽ, തന്നെ സ്പർശിച്ച ഈ സ്‍ത്രീ ആരാണെന്നും എങ്ങനെയുള്ളവളാണെന്നും അറിയുമായിരുന്നു; അവൾ ഒരു പാപിനിയാണല്ലോ.”
40യേശു പരീശനോടു പറഞ്ഞു: “ശിമോനേ താങ്കളോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്.”
“ഗുരോ, പറഞ്ഞാലും” എന്ന് അയാൾ പറഞ്ഞു.
41യേശു അരുൾചെയ്തു: “പണം കടം കൊടുക്കുന്ന ഒരാൾക്കു രണ്ടുപേർ കടപ്പെട്ടിരുന്നു; ഒരാൾ അഞ്ഞൂറു ദിനാറും മറ്റെയാൾ അമ്പതു ദിനാറുമായിരുന്നു അയാൾക്കു കൊടുക്കാനുണ്ടായിരുന്നത്. 42കടം വീട്ടാൻ കഴിവില്ലായ്കയാൽ രണ്ടുപേർക്കും ആ തുകകൾ അയാൾ ഇളച്ചുകൊടുത്തു; ഇവരിൽ ആരാണ് അയാളെ അധികം സ്നേഹിക്കുക?”
43“കൂടുതൽ സംഖ്യ ഇളച്ചു കിട്ടിയവനായിരിക്കുമെന്ന് എനിക്കു തോന്നുന്നു” എന്നു ശിമോൻ പറഞ്ഞു.
44“അതു ശരിതന്നെ” എന്നു പറഞ്ഞശേഷം യേശു ആ സ്‍ത്രീയുടെ നേരെ തിരിഞ്ഞു ശിമോനോടു പറഞ്ഞു: “ഈ സ്‍ത്രീയെ താങ്കൾ കാണുന്നുണ്ടല്ലോ. ഞാൻ നിങ്ങളുടെ ഭവനത്തിൽ വന്നു; നിങ്ങൾ എനിക്കു കാലു കഴുകുവാൻ വെള്ളം തന്നില്ല; ഇവളാകട്ടെ തന്റെ കണ്ണുനീരുകൊണ്ട് എന്റെ കാലു കഴുകി, തലമുടികൊണ്ടു തുടച്ചു. 45നിങ്ങൾ ചുംബനം ചെയ്ത് എന്നെ സ്വീകരിച്ചില്ല. ഇവളാകട്ടെ ഞാനിവിടെ വന്നപ്പോൾ മുതൽ എന്റെ പാദങ്ങളിൽ തുടരെ ചുംബിച്ചുകൊണ്ടിരിക്കുന്നു. 46നിങ്ങൾ എന്റെ തലയിൽ തൈലം പൂശിയില്ല; എന്നാൽ ഇവൾ എന്റെ പാദങ്ങളിൽ പരിമളതൈലം പൂശി. 47അതുകൊണ്ടു ഞാൻ പറയുന്നു: ഇവൾ കൂടുതൽ സ്നേഹിച്ചതിനാൽ ഇവളുടെ എണ്ണമറ്റ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു; കുറച്ചു ക്ഷമിക്കപ്പെട്ടവൻ കുറച്ചു മാത്രമേ സ്നേഹിക്കുകയുള്ളൂ.” പിന്നീട് ആ സ്‍ത്രീയോട്: 48“നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു” എന്ന് അരുൾ ചെയ്തു.
49യേശുവിനോടുകൂടി ഭക്ഷണം കഴിക്കാനിരുന്നവർ: “പാപങ്ങൾ ക്ഷമിക്കുകപോലും ചെയ്യുന്ന ഇവൻ ആര്?” എന്നു തമ്മിൽ പറഞ്ഞു തുടങ്ങി. 50യേശു ആ സ്‍ത്രീയോട്: “നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു, സമാധാനത്തോടുകൂടി പോകുക” എന്നു പറഞ്ഞു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

LUKA 7: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക