LUKA 6
6
ശബത്ത് ആചരണത്തെപ്പറ്റി
(മത്താ. 12:1-8; മർക്കോ. 2:23-28)
1ഒരു ശബത്തുദിവസം യേശു വിളഭൂമിയിൽകൂടി കടന്നുപോകുകയായിരുന്നു. ശിഷ്യന്മാർ കതിരു പറിച്ചു കൈയിൽവച്ചു തിരുമ്മിത്തിന്നു. 2“ശബത്തിൽ ചെയ്തുകൂടാത്തതു നിങ്ങൾ ചെയ്യുന്നതെന്തുകൊണ്ട്?” എന്നു ചില പരീശന്മാർ ചോദിച്ചു. 3യേശു അതിനു മറുപടിയായി “ദാവീദിനും അനുയായികൾക്കും വിശന്നപ്പോൾ എന്താണു ചെയ്തതെന്നു നിങ്ങൾ വായിച്ചിട്ടില്ലേ? 4അദ്ദേഹം ദേവാലയത്തിൽ ചെന്നു പുരോഹിതന്മാരല്ലാതെ മറ്റാരും തിന്നുകൂടാത്ത കാഴ്ചയപ്പം എടുത്തു ഭക്ഷിക്കുകയും കൂടെയുണ്ടായിരുന്നവർക്കു കൊടുക്കുകയും ചെയ്തില്ലേ? 5മനുഷ്യപുത്രൻ ശബത്തിന്റെയും അധീശനാണ്” എന്നു പറഞ്ഞു.
വലംകൈ ശോഷിച്ച മനുഷ്യനെ സുഖപ്പെടുത്തുന്നു
(മത്താ. 12:9-14; മർക്കോ. 3:1-6)
6മറ്റൊരു ശബത്തുനാളിൽ യേശു സുനഗോഗിൽ പോയി പഠിപ്പിച്ചു. വലംകൈ ശോഷിച്ച ഒരു മനുഷ്യൻ അവിടെയുണ്ടായിരുന്നു. 7ശബത്തിൽ യേശു അയാളെ സുഖപ്പെടുത്തുമോ എന്നു മതപണ്ഡിതന്മാരും പരീശന്മാരും ശ്രദ്ധിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിൽ കുറ്റം ആരോപിക്കുവാൻ കാരണം അന്വേഷിക്കുകയായിരുന്നു അവർ. 8യേശു അവരുടെ മനോഗതം മനസ്സിലാക്കി കൈ ശോഷിച്ച ആ മനുഷ്യനോട്: “എഴുന്നേറ്റു നടുവിലേക്കു മാറി നില്ക്കുക” എന്നു പറഞ്ഞു. അയാൾ എഴുന്നേറ്റു നിന്നു. 9യേശു അവരോടു പറഞ്ഞു: “ഞാൻ ഒരു കാര്യം ചോദിക്കട്ടെ: ശബത്തുദിവസം നന്മ ചെയ്യുകയോ തിന്മ ചെയ്യുകയോ ജീവനെ രക്ഷിക്കുകയോ നശിപ്പിക്കുകയോ ഏതാണു ശരി?” 10അനന്തരം അവരെയെല്ലാം ചുറ്റും നോക്കിയശേഷം ആ മനുഷ്യനോടു #6:10 ചില കൈയെഴുത്തു പ്രതികളിൽ ‘കൈ നീട്ടുക എന്നു കോപത്തോടുകൂടി ആജ്ഞാപിച്ചു’ എന്നാണ്. കൈ നീട്ടുക എന്നാജ്ഞാപിച്ചു. അയാൾ അപ്രകാരം ചെയ്തു. തൽക്ഷണം അയാളുടെ കൈ സുഖംപ്രാപിച്ചു. 11അവർക്കു കഠിനമായ അമർഷം ഉണ്ടായി. യേശുവിനെ എന്തു ചെയ്യണമെന്ന് അവർ അന്യോന്യം ആലോചിച്ചു.
പന്ത്രണ്ട് അപ്പോസ്തോലന്മാർ
(മത്താ. 10:1-4; മർക്കോ. 3:13-19)
12അന്നൊരിക്കൽ യേശു പ്രാർഥിക്കുവാൻ ഒരു മലയിലേക്കു പോയി. 13രാത്രിമുഴുവൻ അവിടുന്നു പ്രാർഥിച്ചുകൊണ്ടിരുന്നു. പ്രഭാതമായപ്പോൾ അവിടുന്നു തന്റെ അനുയായികളെ വിളിച്ചുകൂട്ടി; 14-16താഴെപ്പറയുന്ന പന്ത്രണ്ടുപേരെ അവരിൽനിന്നു തിരഞ്ഞെടുത്ത് അപ്പോസ്തോലന്മാർ എന്നു നാമകരണം ചെയ്തു: ശിമോൻ (ഇദ്ദേഹത്തെ പത്രോസ് എന്നു യേശു വിളിച്ചു), അദ്ദേഹത്തിന്റെ സഹോദരൻ അന്ത്രയാസ്, യാക്കോബ്, യോഹന്നാൻ, ഫീലിപ്പോസ്, ബർത്തൊലൊമായി, മത്തായി, തോമസ്, അല്ഫായിയുടെ മകൻ യാക്കോബ്, തീവ്രവാദിയായി അറിയപ്പെട്ടിരുന്ന ശിമോൻ, യാക്കോബിന്റെ മകൻ യൂദാസ്, ഒറ്റുകാരനായിത്തീർന്ന യൂദാസ് ഈസ്കരിയോത്ത്.
യേശു പഠിപ്പിക്കുന്നു, സുഖപ്പെടുത്തുന്നു
(മത്താ. 4:23-25)
17അനന്തരം യേശു അവരോടുകൂടി മലയിൽ നിന്നിറങ്ങി സമതലത്തു വന്നു. ശിഷ്യന്മാരുടെ ഒരു വലിയ സമൂഹം അവിടെയുണ്ടായിരുന്നു. യെരൂശലേമിൽ നിന്നുള്ളവരെ കൂടാതെ യെഹൂദ്യയുടെ നാനാഭാഗങ്ങളിൽനിന്നും സമുദ്രതീരത്തുള്ള സോർ, സീദോൻ പ്രദേശങ്ങളിൽനിന്നും യേശുവിന്റെ പ്രബോധനം കേൾക്കുവാനും രോഗശാന്തി ലഭിക്കുവാനുമായി ഒരു വലിയ ജനതതി വന്നുകൂടി. 18അശുദ്ധാത്മാക്കൾ ബാധിച്ചു വലഞ്ഞവർ സുഖംപ്രാപിച്ചു. 19യേശുവിൽനിന്ന് ദിവ്യശക്തി പുറപ്പെട്ട് എല്ലാ രോഗികളെയും സുഖപ്പെടുത്തി വന്നു. അതുകൊണ്ട് അവിടുത്തെ ഒന്നു തൊടുവാൻ ആൾക്കൂട്ടത്തിന്റെ ഇടയിൽ വലിയ തിരക്കുണ്ടായി.
സാക്ഷാൽ സൗഭാഗ്യം
(മത്താ. 5:1-12)
20യേശു ശിഷ്യന്മാരെ നോക്കിക്കൊണ്ട് ഇപ്രകാരം അരുൾചെയ്തു:
“ദരിദ്രരായ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ;
ദൈവരാജ്യം നിങ്ങൾക്കുള്ളതാകുന്നു!
21ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ;
നിങ്ങൾ സംതൃപ്തരാകും!
ഇപ്പോൾ കരയുന്നവരായ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ;
നിങ്ങൾ ചിരിക്കും!
22മനുഷ്യപുത്രനെ അനുഗമിക്കുന്നതിനാൽ
നിങ്ങളെ മറ്റുള്ളവർ ദ്വേഷിക്കുകയും ഭ്രഷ്ടരാക്കുകയും നിന്ദിക്കുകയും
നികൃഷ്ടരെന്നവിധം നിരാകരിക്കുകയും ചെയ്യുമ്പോൾ
നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ;
23അന്നു നിങ്ങൾ ആഹ്ലാദിച്ചു തുള്ളിച്ചാടുക;
എന്തെന്നാൽ സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാണ്:
അവരുടെ പിതാക്കന്മാരും പ്രവാചകന്മാരോട്
അങ്ങനെതന്നെയാണല്ലോ വർത്തിച്ചിട്ടുള്ളത്.
24എന്നാൽ സമ്പന്നരേ, നിങ്ങൾക്കു ഹാ കഷ്ടം!;
നിങ്ങളുടെ സൗഭാഗ്യകാലം കഴിഞ്ഞുപോയി!
25ഇപ്പോൾ സംതൃപ്തരായിരിക്കുന്നവരേ, നിങ്ങൾക്കു ഹാ കഷ്ടം!;
നിങ്ങൾക്കു വിശക്കും!
ഇപ്പോൾ ആഹ്ലാദിക്കുന്നവരേ, നിങ്ങൾക്കു ഹാ കഷ്ടം!;
നിങ്ങൾ വിലപിക്കുകയും കരയുകയും ചെയ്യും!
26എല്ലാ മനുഷ്യരും നിങ്ങളെ പുകഴ്ത്തുമ്പോൾ നിങ്ങൾക്കു ഹാ കഷ്ടം!;
അവരുടെ പിതാക്കന്മാർ വ്യാജപ്രവാചകന്മാരെ
അങ്ങനെതന്നെ പുകഴ്ത്തിയിട്ടുണ്ടല്ലോ.
സാക്ഷാൽ സ്നേഹം
(മത്താ. 5:38-48; 7:12)
27“എന്നാൽ എന്റെ പ്രബോധനം കേൾക്കുന്നവരായ നിങ്ങളോടു ഞാൻ പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക; നിങ്ങളെ ദ്വേഷിക്കുന്നവർക്കു നന്മ ചെയ്യുക; 28നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുക; നിങ്ങളെ നിന്ദിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക. 29നിന്റെ ഒരു ചെകിട്ടത്ത് അടിക്കുന്നവനു മറ്റേതുംകൂടി കാണിച്ചുകൊടുക്കുക. നിന്റെ പുറങ്കുപ്പായം അപഹരിക്കുന്നവനു കുപ്പായംകൂടി വിട്ടുകൊടുക്കാൻ മടിക്കരുത്. 30നിന്നോടു ചോദിക്കുന്ന എല്ലാവർക്കും കൊടുക്കുക. നിന്റെ വസ്തുവകകൾ അപഹരിച്ചവനോട് അവ തിരിച്ചു ചോദിക്കരുത്. 31മറ്റുള്ളവർ നിങ്ങളോട് എങ്ങനെ വർത്തിക്കണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നുവോ അതുപോലെതന്നെ അവരോടും വർത്തിക്കുക.
32“നിങ്ങളെ സ്നേഹിക്കുന്നവരെ മാത്രം സ്നേഹിക്കുന്നതുകൊണ്ടു നിങ്ങൾക്കുള്ള മേന്മയെന്ത്? പാപികൾപോലും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുണ്ടല്ലോ. 33നിങ്ങൾക്കു നന്മ ചെയ്യുന്നവർക്കുമാത്രം നന്മ ചെയ്താൽ നിങ്ങൾക്കുള്ള മേന്മയെന്ത്? പാപികളും അങ്ങനെതന്നെ ചെയ്യുന്നുണ്ടല്ലോ. 34തിരിച്ചുകിട്ടുമെന്നാശിച്ചു കൊണ്ടു വായ്പ കൊടുത്താൽ നിങ്ങൾക്ക് എന്തു മെച്ചം? കൊടുത്തത് അത്രയും തിരിച്ചുവാങ്ങാമെന്നു കരുതി പാപികൾപോലും പാപികൾക്കു കടം കൊടുക്കാറുണ്ടല്ലോ. 35എന്നാൽ നിങ്ങൾ ശത്രുക്കളെ സ്നേഹിക്കുക; അവർക്കു നന്മ ചെയ്യുക. തിരിച്ച് ഒന്നുംതന്നെ പ്രതീക്ഷിക്കാതെ കടം കൊടുക്കുക. അപ്പോൾ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും; നിങ്ങൾ അത്യുന്നതന്റെ മക്കളായിത്തീരും; അവിടുന്നു നന്ദികെട്ടവരോടും തൻകാര്യക്കാരോടും ദയാലുവാണല്ലോ. 36നിങ്ങളുടെ പിതാവു കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുക.
വിധിക്കുന്നതിനെപ്പറ്റി
(മത്താ. 7:1-5)
37“ആരെയും വിധിക്കരുത്; എന്നാൽ ദൈവം നിങ്ങളെയും വിധിക്കുകയില്ല. ആരെയും കുറ്റവാളിയെന്നു വിധിക്കരുത്; എന്നാൽ നിങ്ങളെയും കുറ്റവാളികളെന്നു വിധിക്കുകയില്ല. മറ്റുള്ളവരോടു ക്ഷമിക്കുക; എന്നാൽ ദൈവം നിങ്ങളോടും ക്ഷമിക്കും. കൊടുക്കുക; എന്നാൽ നിങ്ങൾക്കു ലഭിക്കും. 38അമർത്തിക്കുലുക്കി നിറഞ്ഞു കവിയുന്ന നല്ല അളവുതന്നെ നിങ്ങൾക്കു ലഭിക്കും. നിങ്ങൾ അളന്നുകൊടുക്കുന്ന അളവായിരിക്കും നിങ്ങൾക്കു തിരിച്ചു കിട്ടുക.”
39യേശു അവരോട് ഒരു ദൃഷ്ടാന്തം പറഞ്ഞു: “അന്ധന് അന്ധനെ വഴി കാണിക്കുവാൻ കഴിയുമോ? രണ്ടുപേരും കുഴിയിൽ വീഴുകയില്ലേ? 40ഗുരുവിന് ഉപരിയല്ല ശിഷ്യൻ; എന്നാൽ അവൻ പൂർണമായി പഠിച്ചു കഴിയുമ്പോൾ ഗുരുവിനൊപ്പമാകും.
41“സഹോദരന്റെ കണ്ണിലെ കരടു കാണുകയും സ്വന്തം കണ്ണിലെ കോല് ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? 42അഥവാ സ്വന്തം കണ്ണിൽ കോല് ഇരിക്കെ സഹോദരനോട്, ‘സഹോദരാ, നിന്റെ കണ്ണിലെ കരടു ഞാൻ എടുത്തുകളയട്ടെ’ എന്നു പറയുവാൻ എങ്ങനെ കഴിയും? ഹേ! കപടനാട്യക്കാരാ, ആദ്യം നിന്റെ കണ്ണിൽനിന്നു കോല് എടുത്തു കളയുക; അപ്പോൾ സഹോദരന്റെ കണ്ണിലെ കരട് എടുത്തുകളയത്തക്കവിധം തെളിവായി കാണും.
വൃക്ഷത്തിനു ചേർന്ന ഫലം
(മത്താ. 7:16-20; 12:33-35)
43“നല്ല വൃക്ഷത്തിൽ ചീത്ത ഫലം കായ്ക്കുകയില്ല; ചീത്ത വൃക്ഷത്തിൽ നല്ല ഫലവും കായ്ക്കുകയില്ല. 44ഓരോ വൃക്ഷവും അതതിന്റെ ഫലംകൊണ്ടു തിരിച്ചറിയാം. മുൾച്ചെടികളിൽനിന്ന് അത്തിപ്പഴമോ, ഞെരിഞ്ഞിലിൽ നിന്നു മുന്തിരിങ്ങയോ ആരും പറിക്കുന്നില്ല. 45നല്ല മനുഷ്യൻ തന്റെ ഹൃദയത്തിലെ നന്മയുടെ നിക്ഷേപത്തിൽനിന്നു നന്മ പുറപ്പെടുവിക്കുന്നു. ദുഷ്ടമനുഷ്യൻ തന്റെ ഹൃദയത്തിലുള്ള ദുഷ്ടതയുടെ നിക്ഷേപത്തിൽനിന്നു തിന്മ പുറപ്പെടുവിക്കുന്നു. തന്റെ ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതാണല്ലോ അവൻ സംസാരിക്കുന്നത്.
രണ്ടുതരം വീടുകൾ
(മത്താ. 7:24-27)
46“നിങ്ങൾ എന്നെ കർത്താവേ, കർത്താവേ എന്നു വിളിക്കുകയും ഞാൻ പറയുന്നതു ചെയ്യാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? 47എന്റെ അടുക്കൽ വന്ന് എന്റെ വാക്കുകൾ കേട്ട് അവ അനുസരിക്കുന്ന ഏതൊരുവനും ആരോടു സമനാണെന്നു ഞാൻ പറഞ്ഞുതരാം. 48ആഴത്തിൽ വാനം തോണ്ടി പാറമേൽ അടിസ്ഥാനമുറപ്പിച്ചു വീടുപണിയുന്ന മനുഷ്യനോടു തുല്യനായിരിക്കും അവൻ. വെള്ളം പൊങ്ങി, ഒഴുക്ക് ആ വീടിന്മേൽ ആഞ്ഞടിച്ചു; പക്ഷേ അതിനെ ഇളക്കുവാൻ കഴിഞ്ഞില്ല, എന്തെന്നാൽ ബലവത്തായി നിർമിച്ചതായിരുന്നു ആ വീട്. 49എന്നാൽ എന്റെ പ്രബോധനം കേട്ട് അതനുസരിച്ച് പ്രവർത്തിക്കാതിരിക്കുന്നവൻ ശരിയായ അടിസ്ഥാനമിടാതെ പൂഴിമണലിൽ വീടു നിർമിച്ചവനോടു തുല്യനത്രേ. ആ വീടിന്മേൽ ഒഴുക്ക് ആഞ്ഞടിച്ചു; തൽക്ഷണം അതു നിലംപതിച്ചു; ആ വീടിന്റെ തകർച്ച വലുതായിരുന്നു.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
LUKA 6: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.