പോകുന്നതിനുമുമ്പ് അദ്ദേഹം പത്തു ഭൃത്യന്മാരെ വിളിച്ച് ഓരോ സ്വർണനാണയം കൊടുത്തശേഷം ‘ഞാൻ തിരിച്ചുവരുന്നതുവരെ ഇതുകൊണ്ടു നിങ്ങൾ വ്യാപാരം ചെയ്യുക’ എന്നു പറഞ്ഞു. ആ നാട്ടിലെ പൗരജനങ്ങൾ ആ പ്രഭുവിനെ വെറുത്തിരുന്നതുകൊണ്ട് ‘ഞങ്ങളെ ഭരിക്കുവാൻ ഈ മനുഷ്യൻ വേണ്ടാ’ എന്നു പറയുന്നതിന് അദ്ദേഹം പോയശേഷം ഒരു പ്രതിനിധിസംഘത്തെ അവർ അദ്ദേഹത്തിന്റെ പിന്നാലെ അയച്ചു. “രാജാധികാരം പ്രാപിച്ച് ആ പ്രഭു തിരിച്ചുവന്നു താൻ കൊടുത്തിരുന്ന പണംകൊണ്ട് ഓരോരുത്തനും എങ്ങനെ വ്യാപാരം ചെയ്തു എന്ന് അറിയുന്നതിന് ആ ഭൃത്യന്മാരെ വിളിക്കുവാൻ അദ്ദേഹം ആജ്ഞാപിച്ചു. ആദ്യത്തെ ആൾ വന്നു പറഞ്ഞു: ‘പ്രഭോ, അങ്ങു തന്ന സ്വർണനാണയംകൊണ്ട് ഞാൻ പത്തുകൂടി നേടിയിരിക്കുന്നു.’ അദ്ദേഹം അയാളോട് ‘കൊള്ളാം ഉത്തമനായ ഭൃത്യാ, അല്പകാര്യത്തിൽ വിശ്വസ്തനായിരുന്നതുകൊണ്ട് നീ പത്തു നഗരങ്ങളുടെ അധിപതിയായിരിക്കുക’ എന്നു പറഞ്ഞു. രണ്ടാമൻ വന്ന് ‘പ്രഭോ, അങ്ങ് എന്നെ ഏല്പിച്ച നാണയംകൊണ്ട് അഞ്ചുകൂടി സമ്പാദിച്ചിരിക്കുന്നു’ എന്നു പറഞ്ഞു. ‘നീ അഞ്ചു നഗരങ്ങളുടെ അധിപനായിരിക്കുക’ എന്നു രാജാവ് കല്പിച്ചു. “മൂന്നാമത്തവൻ വന്ന് പ്രഭോ, ‘ഇതാ എന്നെ ഏല്പിച്ച നാണയം; ഇത് ഒരു തൂവാലയിൽ പൊതിഞ്ഞ് ഞാൻ ഭദ്രമായി സൂക്ഷിച്ചിരുന്നു. അങ്ങു വയ്‍ക്കാത്തത് എടുക്കുകയും വിതയ്‍ക്കാത്തതു കൊയ്യുകയും ചെയ്യുന്ന കർക്കശക്കാരനായതുകൊണ്ട് എനിക്ക് അങ്ങയെ ഭയമായിരുന്നു.’ രാജാവ് അവനോടു പറഞ്ഞു: ‘ദുഷ്ടഭൃത്യാ, നിന്റെ വാക്കുകളാൽത്തന്നെ നിന്നെ ഞാൻ വിധിക്കുന്നു. ഞാൻ വയ്‍ക്കാത്തത് എടുക്കുകയും വിതയ്‍ക്കാത്തതു കൊയ്യുകയും ചെയ്യുന്ന കർക്കശക്കാരനാണെന്നു നിനക്ക് അറിയാമായിരുന്നല്ലോ; എന്നിട്ട് എന്തുകൊണ്ട് എന്റെ പണം പണമിടപാടുകാരെ ഏല്പിച്ചില്ല? ഏല്പിച്ചിരുന്നെങ്കിൽ ഞാൻ മടങ്ങിവന്ന് പലിശയോടുകൂടി അതു തിരിച്ചു വാങ്ങിക്കൊള്ളുമായിരുന്നല്ലോ. “പിന്നീട് അടുത്തുനിന്നവരോട് അദ്ദേഹം കല്പിച്ചു: ‘അവന്റെ പക്കൽനിന്ന് ആ നാണയമെടുത്ത് പത്തു നാണയം നേടിയവനു കൊടുക്കുക.’ ‘പ്രഭോ, അയാൾക്കു പത്തു നാണയമുണ്ടല്ലോ’ എന്ന് അവർ പറഞ്ഞു. ‘ഞാൻ പറയുന്നു, ഉള്ളവന് പിന്നെയും നല്‌കപ്പെടും; ഇല്ലാത്തവനിൽനിന്ന് അവനുള്ളതുപോലും എടുത്തുകളയും.’
LUKA 19 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: LUKA 19:13-26
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ