LUKA 19:1-10

LUKA 19:1-10 MALCLBSI

യേശു യെരിഹോവിൽ പ്രവേശിച്ചു യാത്ര തുടർന്നു. അവിടെ സഖായി എന്നൊരാളുണ്ടായിരുന്നു. ചുങ്കം പിരിവുകാരിൽ പ്രധാനിയും ധനികനുമായിരുന്നു സഖായി. യേശു ആരാണെന്നു കാണാൻ സഖായി അഭിവാഞ്ഛിച്ചു; പക്ഷേ, പൊക്കം കുറഞ്ഞവനായിരുന്നതിനാൽ ജനബാഹുല്യം മൂലം സഖായിക്ക് യേശുവിനെ കാണാൻ കഴിഞ്ഞില്ല. അതുകൊണ്ട് അവിടുത്തെ കാണാൻ സഖായി മുമ്പേ ഓടി ഒരു കാട്ടത്തിമരത്തിൽ കയറി ഇരുന്നു. യേശുവിന് ആ വഴിയാണു കടന്നുപോകേണ്ടിയിരുന്നത്. അവിടെയെത്തിയപ്പോൾ യേശു മുകളിലേക്കു നോക്കി, “സഖായീ, വേഗം ഇറങ്ങിവരൂ, ഇന്ന് താങ്കളുടെ വീട്ടിലാണ് എനിക്കു പാർക്കേണ്ടത്” എന്നു പറഞ്ഞു. സഖായി വേഗം താഴെയിറങ്ങി യേശുവിനെ സന്തോഷപൂർവം സ്വീകരിച്ചു. ഇതു കണ്ടപ്പോൾ പാപിയായ ഒരു മനുഷ്യന്റെ അതിഥിയായിട്ടാണല്ലോ അദ്ദേഹം പോയിരിക്കുന്നത് എന്നു പറഞ്ഞ് എല്ലാവരും പിറുപിറുത്തു. സഖായി എഴുന്നേറ്റു നിന്ന് കർത്താവിനോടു പറഞ്ഞു: “ഗുരോ, ഇതാ എന്റെ സമ്പാദ്യത്തിൽ പകുതി ഞാൻ ദരിദ്രർക്കു കൊടുക്കുവാൻ പോകുന്നു. ആരിൽനിന്നെങ്കിലും എന്തെങ്കിലും ഞാൻ വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കിൽ നാലുമടങ്ങു തിരിച്ചുകൊടുക്കും.” യേശു അരുൾചെയ്തു: “ഇന്ന് ഈ ഭവനത്തിനു രക്ഷ കൈവന്നിരിക്കുന്നു. ഇയാളും അബ്രഹാമിന്റെ വംശജനാണല്ലോ. നഷ്ടപ്പെട്ടുപോയതിനെ തേടിപ്പിടിച്ചു രക്ഷിക്കുവാനത്രേ മനുഷ്യപുത്രൻ വന്നത്.”

LUKA 19 വായിക്കുക