LUKA 11:2-13

LUKA 11:2-13 MALCLBSI

യേശു അരുൾചെയ്തു: “നിങ്ങൾ ഇപ്രകാരം പ്രാർഥിക്കുക: പിതാവേ, അവിടുത്തെ പരിശുദ്ധനാമം പൂജിതമാകണമേ; അവിടുത്തെ രാജ്യം വരണമേ. ആവശ്യമുള്ള ആഹാരം ദിനംതോറും ഞങ്ങൾക്കു നല്‌കണമേ. ഞങ്ങളോടു കടപ്പെട്ടിട്ടുള്ള ഏതൊരുവനോടും ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ പാപങ്ങൾ ഞങ്ങളോടു ക്ഷമിക്കണമേ. കഠിന പരീക്ഷണത്തിൽ ഞങ്ങൾ അകപ്പെടുവാൻ ഇടയാക്കരുതേ.” അനന്തരം യേശു അവരോടു പറഞ്ഞു: “നിങ്ങളിൽ ആരെങ്കിലും അർധരാത്രിയിൽ നിങ്ങളുടെ സ്നേഹിതന്റെ വീട്ടിൽ ചെന്നു ‘സ്നേഹിതാ, എന്റെ ഒരു സുഹൃത്ത് യാത്രാമധ്യേ എന്റെ വീട്ടിൽ വന്നിരിക്കുന്നു; അയാൾക്കു കൊടുക്കുവാൻ എന്റെ പക്കൽ ഒന്നുമില്ല; മൂന്ന് അപ്പം വായ്പ തരണേ’ എന്നു പറയുന്നു എന്നിരിക്കട്ടെ. ‘എന്നെ ശല്യപ്പെടുത്താതിരിക്കൂ, വാതിൽ അടച്ചു കഴിഞ്ഞു; കുട്ടികളും എന്റെ കൂടെ കിടക്കുന്നു; ഇപ്പോൾ എഴുന്നേറ്റു വന്ന് എന്തെങ്കിലും എടുത്തുതരാൻ നിവൃത്തിയില്ല’ എന്ന് അയാൾ അകത്തുനിന്നു പറയുന്നു എന്നും വിചാരിക്കുക. വീണ്ടും വീണ്ടും നിർബന്ധിച്ചു ചോദിക്കുമ്പോൾ മമതയുടെ പേരിൽ അല്ലെങ്കിലും സ്നേഹിതന്റെ നിർബന്ധംമൂലം അയാൾ എഴുന്നേറ്റ് ആവശ്യമുള്ളത് എടുത്തുകൊടുക്കും.” “അപേക്ഷിച്ചുകൊണ്ടിരിക്കുക, നിങ്ങൾക്കു ലഭിക്കും; അന്വേഷിച്ചുകൊണ്ടിരിക്കുക, നിങ്ങൾ കണ്ടെത്തും; മുട്ടിക്കൊണ്ടിരിക്കുക, നിങ്ങൾക്കു വാതിൽ തുറന്നു കിട്ടും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്തെന്നാൽ അപേക്ഷിക്കുന്ന ഏതൊരുവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു വാതിൽ തുറന്നു കിട്ടുന്നു. നിങ്ങളിൽ ഏതൊരു പിതാവാണ് മകൻ അപ്പം ചോദിച്ചാൽ കല്ലെടുത്തു കൊടുക്കുന്നത്? അഥവാ മീൻ ചോദിച്ചാൽ പാമ്പിനെ കൊടുക്കുന്നത്? മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുന്നത്? മക്കൾക്കു നല്ലതു ദാനം ചെയ്യാൻ ദോഷികളായ നിങ്ങൾക്ക് അറിയാമെങ്കിൽ സ്വർഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവർക്ക്, പരിശുദ്ധാത്മാവിനെ എത്ര ഉദാരമായി നല്‌കും.”

LUKA 11 വായിക്കുക