LUKA 11:1-28

LUKA 11:1-28 MALCLBSI

യേശു ഒരു സ്ഥലത്തു പ്രാർഥിച്ചു കൊണ്ടിരിക്കുകയായിരുന്നു. പ്രാർഥന കഴിഞ്ഞപ്പോൾ ശിഷ്യന്മാരിലൊരാൾ അഭ്യർഥിച്ചു: “നാഥാ, യോഹന്നാൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർഥിക്കുവാൻ പഠിപ്പിക്കണമേ.” യേശു അരുൾചെയ്തു: “നിങ്ങൾ ഇപ്രകാരം പ്രാർഥിക്കുക: പിതാവേ, അവിടുത്തെ പരിശുദ്ധനാമം പൂജിതമാകണമേ; അവിടുത്തെ രാജ്യം വരണമേ. ആവശ്യമുള്ള ആഹാരം ദിനംതോറും ഞങ്ങൾക്കു നല്‌കണമേ. ഞങ്ങളോടു കടപ്പെട്ടിട്ടുള്ള ഏതൊരുവനോടും ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ പാപങ്ങൾ ഞങ്ങളോടു ക്ഷമിക്കണമേ. കഠിന പരീക്ഷണത്തിൽ ഞങ്ങൾ അകപ്പെടുവാൻ ഇടയാക്കരുതേ.” അനന്തരം യേശു അവരോടു പറഞ്ഞു: “നിങ്ങളിൽ ആരെങ്കിലും അർധരാത്രിയിൽ നിങ്ങളുടെ സ്നേഹിതന്റെ വീട്ടിൽ ചെന്നു ‘സ്നേഹിതാ, എന്റെ ഒരു സുഹൃത്ത് യാത്രാമധ്യേ എന്റെ വീട്ടിൽ വന്നിരിക്കുന്നു; അയാൾക്കു കൊടുക്കുവാൻ എന്റെ പക്കൽ ഒന്നുമില്ല; മൂന്ന് അപ്പം വായ്പ തരണേ’ എന്നു പറയുന്നു എന്നിരിക്കട്ടെ. ‘എന്നെ ശല്യപ്പെടുത്താതിരിക്കൂ, വാതിൽ അടച്ചു കഴിഞ്ഞു; കുട്ടികളും എന്റെ കൂടെ കിടക്കുന്നു; ഇപ്പോൾ എഴുന്നേറ്റു വന്ന് എന്തെങ്കിലും എടുത്തുതരാൻ നിവൃത്തിയില്ല’ എന്ന് അയാൾ അകത്തുനിന്നു പറയുന്നു എന്നും വിചാരിക്കുക. വീണ്ടും വീണ്ടും നിർബന്ധിച്ചു ചോദിക്കുമ്പോൾ മമതയുടെ പേരിൽ അല്ലെങ്കിലും സ്നേഹിതന്റെ നിർബന്ധംമൂലം അയാൾ എഴുന്നേറ്റ് ആവശ്യമുള്ളത് എടുത്തുകൊടുക്കും.” “അപേക്ഷിച്ചുകൊണ്ടിരിക്കുക, നിങ്ങൾക്കു ലഭിക്കും; അന്വേഷിച്ചുകൊണ്ടിരിക്കുക, നിങ്ങൾ കണ്ടെത്തും; മുട്ടിക്കൊണ്ടിരിക്കുക, നിങ്ങൾക്കു വാതിൽ തുറന്നു കിട്ടും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്തെന്നാൽ അപേക്ഷിക്കുന്ന ഏതൊരുവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു വാതിൽ തുറന്നു കിട്ടുന്നു. നിങ്ങളിൽ ഏതൊരു പിതാവാണ് മകൻ അപ്പം ചോദിച്ചാൽ കല്ലെടുത്തു കൊടുക്കുന്നത്? അഥവാ മീൻ ചോദിച്ചാൽ പാമ്പിനെ കൊടുക്കുന്നത്? മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുന്നത്? മക്കൾക്കു നല്ലതു ദാനം ചെയ്യാൻ ദോഷികളായ നിങ്ങൾക്ക് അറിയാമെങ്കിൽ സ്വർഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവർക്ക്, പരിശുദ്ധാത്മാവിനെ എത്ര ഉദാരമായി നല്‌കും.” ഒരിക്കൽ യേശു ഊമനായ ഒരു ഭൂതത്തെ പുറത്താക്കി; ഭൂതം വിട്ടുമാറിയ ഉടൻ മൂകനായിരുന്ന ആ മനുഷ്യൻ സംസാരിച്ചുതുടങ്ങി. ഇതു കണ്ട് ജനങ്ങൾ ആശ്ചര്യപ്പെട്ടു. എന്നാൽ “ഇയാൾ ഭൂതങ്ങളെ പുറത്താക്കുന്നത് ഭൂതങ്ങളുടെ തലവനായ ബേൽസബൂലിനെക്കൊണ്ടാണ്” എന്നു ചിലർ പറഞ്ഞു. മറ്റു ചിലരാകട്ടെ അവിടുത്തെ കുടുക്കിലാക്കുന്നതിനായി സ്വർഗത്തിൽനിന്ന് ഒരു അടയാളം കാണിക്കുവാൻ ആവശ്യപ്പെട്ടു. യേശു അവരുടെ അന്തർഗതം മനസ്സിലാക്കിക്കൊണ്ട് അവരോടു പറഞ്ഞു: “ഏതൊരു രാജാവും അന്തഃഛിദ്രംമൂലം നശിക്കുന്നു; ഏതൊരു കുടുംബവും ഭിന്നതമൂലം വീണുപോകുന്നു. സാത്താന്റെ രാജ്യത്തിലും അന്തഃഛിദ്രമുണ്ടായാൽ അത് എങ്ങനെ നിലനില്‌ക്കും? ബേൽസബൂലിനെക്കൊണ്ടാണ് ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നതെന്നു നിങ്ങൾ പറയുന്നു. ഞാൻ ഭൂതങ്ങളെ ബഹിഷ്കരിക്കുന്നത് ഇങ്ങനെയെങ്കിൽ നിങ്ങളുടെ അനുയായികൾ ആരെക്കൊണ്ടാണ് അവയെ പുറത്താക്കുന്നത്! അതുകൊണ്ട് നിങ്ങൾ പറയുന്നതു ശരിയല്ലെന്ന് നിങ്ങളുടെ അനുയായികൾ തെളിയിക്കുന്നു. അല്ല, ഞാൻ ദൈവശക്തികൊണ്ടാണ് ഭൂതങ്ങളെ പുറത്താക്കുന്നതെങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുത്തു നിശ്ചയമായും വന്നുകഴിഞ്ഞിരിക്കുന്നു.” “ബലിഷ്ഠനായ ഒരുവൻ ആയുധധാരിയായി സ്വഭവനം കാത്തുസൂക്ഷിക്കുമ്പോൾ അയാളുടെ വസ്തുവകകളെല്ലാം സുരക്ഷിതമായിരിക്കും. എന്നാൽ തന്നെക്കാൾ ശക്തനായ ഒരാൾ വന്ന് അയാളെ ആക്രമിച്ചു കീഴടക്കുമ്പോൾ അയാൾ അവലംബമായി കരുതിയിരുന്ന ആയുധങ്ങൾ ആ മനുഷ്യൻ പിടിച്ചെടുക്കുകയും വസ്തുവകകളെല്ലാം അയാൾ കൊള്ളചെയ്തു പങ്കിടുകയും ചെയ്യും. “എന്നെ അനുകൂലിക്കാത്തവൻ എനിക്കു വിരോധിയാകുന്നു. ഒന്നിച്ചു ചേർക്കുന്നതിൽ എന്നെ സഹായിക്കാത്തവൻ ചിതറിക്കുകയാണു ചെയ്യുന്നത്.” “ദുഷ്ടാത്മാവ് ഒരു മനുഷ്യനിൽനിന്ന് ഒഴിഞ്ഞുപോകുമ്പോൾ വിശ്രമസങ്കേതം തേടി വെള്ളമില്ലാത്ത പ്രദേശങ്ങളിൽ ചുറ്റിത്തിരിയുന്നു; സങ്കേതം കണ്ടെത്താതെ വരുമ്പോൾ ‘ഞാൻ പുറപ്പെട്ടുപോന്ന വീട്ടിലേക്കുതന്നെ തിരിച്ചുപോകും’ എന്ന് അതു പറയുന്നു. അങ്ങനെ അതു തിരിച്ചുചെല്ലുമ്പോൾ ആ വീട് അടിച്ചുവാരി അടുക്കും ചിട്ടയുമുള്ളതാക്കി ഇട്ടിരിക്കുന്നതു കാണും. അപ്പോൾ ആ ദുഷ്ടാത്മാവു പോയി തന്നെക്കാൾ ദുഷ്ടതയേറിയ വേറെ ഏഴ് ആത്മാക്കളെക്കൂടി കൂട്ടികൊണ്ടു വന്ന് അവിടെ പ്രവേശിച്ചു വാസമുറപ്പിക്കും. അങ്ങനെ ആ മനുഷ്യന്റെ അവസ്ഥ ആദ്യത്തേതിനെക്കാൾ കഷ്ടതരമായിത്തീരും.” യേശു ഇതു പറഞ്ഞപ്പോൾ ജനക്കൂട്ടത്തിൽനിന്ന് ഒരു സ്‍ത്രീ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: “അങ്ങയെ ഉദരത്തിൽ വഹിക്കുകയും പാലൂട്ടി വളർത്തുകയും ചെയ്ത അങ്ങയുടെ അമ്മ അനുഗ്രഹിക്കപ്പെട്ടവൾ തന്നെ!” അപ്പോൾ യേശു അരുൾചെയ്തു: “ദൈവവചനം കേൾക്കുകയും അതനുവർത്തിക്കുകയും ചെയ്യുന്നവരത്രേ സാക്ഷാൽ അനുഗൃഹീതർ.”

LUKA 11 വായിക്കുക