ṬAH HLA 3:37-58

ṬAH HLA 3:37-58 MALCLBSI

സർവേശ്വരന്റെ നിയോഗപ്രകാരമല്ലാതെ ആരുടെ കല്പന മൂലമാണിതു സംഭവിക്കുന്നത്? അത്യുന്നതന്റെ കല്പന പ്രകാരമല്ലേ നന്മയും തിന്മയും ഉണ്ടാകുന്നത്? തന്റെ പാപത്തിനു മനുഷ്യൻ ശിക്ഷിക്കപ്പെടുമ്പോൾ അവൻ എന്തിനു പരാതിപ്പെടുന്നു? നമുക്കു നമ്മുടെ വഴികൾ സൂക്ഷ്മമായി പരിശോധിച്ചു സർവേശ്വരന്റെ അടുക്കലേക്കു തിരിയാം. സ്വർഗസ്ഥനായ ദൈവത്തോടു ഹൃദയം തുറന്നു നമുക്കു പ്രാർഥിക്കാം. ഞങ്ങൾ പാപം ചെയ്തു; ധിക്കാരം കാട്ടി; അവിടുന്നു ക്ഷമിച്ചില്ല. അവിടുന്നു കോപാവേശത്തോടെ ഞങ്ങളെ പിന്തുടർന്നു ഞങ്ങളെ നിർദയം കൊന്നുകളഞ്ഞു. ഞങ്ങളുടെ പ്രാർഥന കടന്നുവരാത്തവിധം അവിടുന്നു മേഘംകൊണ്ടു സ്വയം മറച്ചു. വിജാതീയരുടെ ഇടയിൽ ഞങ്ങളെ ചപ്പും കുപ്പയുമാക്കിയിരിക്കുന്നു. ശത്രുക്കൾ ഞങ്ങളെ ഭത്സിക്കുന്നു. ഞങ്ങൾ സംഭ്രാന്തിയിലും കെണിയിലും പെട്ടിരിക്കുന്നു. തകർച്ചയ്‍ക്കും വിനാശത്തിനും വിധേയരായിരിക്കുന്നു. എന്റെ ജനത്തിന്റെ നാശംമൂലം കണ്ണുനീർ നദിപോലെ എന്നിൽ നിന്നൊഴുകുന്നു. എന്റെ കണ്ണുകൾ ഇടമുറിയാതെ കവിഞ്ഞൊഴുകും. സ്വർഗാധി സർവേശ്വരൻ കാണുവോളം അതു നിലയ്‍ക്കുകയില്ല. നഗരത്തിലെ കന്യകമാരുടെ ദുരന്തം കണ്ട് എന്റെ അന്തരംഗം വേദനിക്കുന്നു. അകാരണമായി ശത്രുക്കൾ പക്ഷിയെ എന്നപോലെ എന്നെ വേട്ടയാടുന്നു. അവർ എന്നെ ജീവനോടെ കുഴിയിലിട്ടു; അതിന്റെ വായ് കല്ലു വച്ചടച്ചു. വെള്ളം എന്റെ തലയ്‍ക്കു മീതെ കവിഞ്ഞൊഴുകി; ഞാൻ നശിച്ചു എന്നു ഞാൻ പറഞ്ഞു. അഗാധഗർത്തത്തിൽ കിടന്നു ഞാൻ സർവേശ്വരനെ വിളിച്ചപേക്ഷിച്ചു. എന്റെ നിലവിളി കേൾക്കാതെ ചെവിപൊത്തിക്കളയരുതേ എന്ന പ്രാർഥന അവിടുന്നു കേട്ടിരിക്കുന്നു. ഞാൻ വിളിച്ചപേക്ഷിച്ചപ്പോൾ അവിടുന്ന് അടുത്തു വന്നു ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. സർവേശ്വരൻ എന്റെ വ്യവഹാരം നടത്തി എന്റെ ജീവൻ രക്ഷിച്ചിരിക്കുന്നു

ṬAH HLA 3 വായിക്കുക