JOBA 4
4
എലീഫസിന്റെ മറുപടി
1അപ്പോൾ തേമാന്യനായ എലീഫസ് പറഞ്ഞു:
2“ഞാൻ ഒരു വാക്കു പറഞ്ഞാൽ നീ നീരസപ്പെടുമോ?
എന്നാലും പറയാതിരിക്കുന്നതെങ്ങനെ?
3നീ അനേകരെ പ്രബോധിപ്പിച്ചു,
ദുർബലകരങ്ങളെ ശക്തിപ്പെടുത്തി.
4കാലിടറിയവർക്ക് നിന്റെ വാക്കു താങ്ങായി.
ദുർബലമായ കാൽമുട്ടുകളെ നീ ബലപ്പെടുത്തി.
5എന്നാൽ നിനക്ക് ഇങ്ങനെ വന്നപ്പോൾ നീ അക്ഷമനാകുന്നു;
നിനക്കിതു സംഭവിച്ചപ്പോൾ നീ പരിഭ്രാന്തനാകുന്നു.
6നിന്റെ ദൈവഭക്തി നിന്റെ ഉറപ്പല്ലയോ? നിന്റെ നീതിനിഷ്ഠ നിനക്കു പ്രത്യാശ നല്‌കുന്നില്ലേ?
7നിഷ്കളങ്കൻ എന്നെങ്കിലും നാശമടഞ്ഞിട്ടുണ്ടോ? ഓർത്തുനോക്കൂ!
നീതിനിഷ്ഠൻ നശിച്ചുപോയിട്ടുണ്ടോ?
8അധർമത്തെ ഉഴുതു തിന്മ വിതയ്‍ക്കുന്നവൻ അതുതന്നെ കൊയ്തെടുക്കുന്നതായി ഞാൻ കാണുന്നു.
9ദൈവം കാറ്റൂതി അവരെ നശിപ്പിക്കുന്നു;
ദൈവത്തിന്റെ ഉഗ്രകോപത്താൽ അവർ ഉന്മൂലനം ചെയ്യപ്പെടുന്നു.
10സിംഹത്തിന്റെ അലർച്ചയും
ക്രൂരസിംഹത്തിന്റെ ഗർജനവും നിലച്ചു;
സിംഹക്കുട്ടികളുടെ പല്ലുകൾ തകർക്കപ്പെട്ടു.
11ഉഗ്രസിംഹം ഇരകിട്ടാതെ നശിക്കുന്നു.
സിംഹിയുടെ കുട്ടികൾ ചിതറിക്കപ്പെടുന്നു.
12ഒരു രഹസ്യവചനം ഞാൻ കേട്ടു.
അതിന്റെ സ്വരം എന്റെ ചെവിയിൽ പതിച്ചു.
13നിശാദർശനങ്ങൾ ഉണർത്തുന്ന ചിന്ത എന്നെ നടുക്കി;
14അത് എന്റെ അസ്ഥികളെ ഉലച്ചു.
15ഒരു ആത്മാവ് എന്റെ മുഖത്തുരസി കടന്നുപോയി;
അപ്പോൾ ഞാൻ രോമാഞ്ചം കൊണ്ടു.
16എന്തോ ഒന്ന് നിശ്ചലമായി നില്‌ക്കുന്നതു ഞാൻ കണ്ടു;
എങ്കിലും അതിന്റെ രൂപമെന്തെന്ന് ഗ്രഹിക്കാൻ എനിക്കു കഴിഞ്ഞില്ല.
ഏതോ ഒരു രൂപം എന്റെ മുമ്പിൽ ദൃശ്യമായി; നിറഞ്ഞ നിശ്ശബ്ദത.
പിന്നെ ഞാൻ ഒരു ശബ്ദം കേട്ടു:
17“മർത്യൻ ദൈവദൃഷ്‍ടിയിൽ നീതിമാനാകുമോ?
സ്രഷ്ടാവിന്റെ മുൻപിൽ നിർമ്മലനാകാൻ മനുഷ്യനു കഴിയുമോ?
18നോക്കൂ! തന്റെ ദാസന്മാരിൽപ്പോലും അവിടുത്തേക്കു വിശ്വാസമില്ല.
മാലാഖമാരിൽപ്പോലും അവിടുന്നു കുറ്റം കാണുന്നു.
19എങ്കിൽ, പൂഴിയിൽനിന്നു രൂപംകൊണ്ട്, മൺകൂടാരങ്ങളിൽ പാർത്ത്,
പുഴുവിനെപ്പോലെ ചതച്ചരയ്‍ക്കപ്പെടുന്ന ഈ മനുഷ്യനിൽ എത്രയധികം കുറ്റം കാണും.
20പ്രഭാതത്തിനും പ്രദോഷത്തിനുമിടയ്‍ക്ക് അവർ നശിച്ചുപോകുന്നു;
അവർ എന്നേക്കുമായി നശിക്കുന്നു;
അത് ആരും ഗണ്യമാക്കുന്നില്ല.
21ജീവതന്തു മുറിഞ്ഞുപോകുമ്പോൾ അവർ മരിച്ചുപോകുന്നു;
അപ്പോഴും അവർ വിവേകം നേടുന്നില്ല.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
JOBA 4: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.