JOBA 19

19
ഇയ്യോബിന്റെ മറുപടി
1അപ്പോൾ ഇയ്യോബ് പറഞ്ഞു:
2“എത്രകാലം നിങ്ങൾ എന്നെ
വാക്കുകൾകൊണ്ടു പീഡിപ്പിക്കുകയും പിച്ചിചീന്തുകയും ചെയ്യും?
3ഇപ്പോൾ പത്തു തവണ നിങ്ങൾ എന്നെ നിന്ദിച്ചു;
എന്നെ ഇങ്ങനെ ദ്രോഹിക്കാൻ നിങ്ങൾക്കു ലജ്ജയില്ലേ?
4ഞാൻ തെറ്റു ചെയ്താൽത്തന്നെ അത് എന്റെ കൂടെ ഇരിക്കട്ടെ;
5എന്റെ ദുർഗതി ചൂണ്ടി എന്നെക്കാൾ വലിയവരെന്നു നിങ്ങൾ ഭാവിക്കയാണ്.
6എങ്കിൽ ദൈവം ആണ് എന്നെ ആ തെറ്റിൽ വീഴ്ത്തിയതെന്നും,
വലയിൽ കുടുക്കിയതെന്നും അറിഞ്ഞുകൊള്ളുക.
7‘അതിക്രമം’ എന്നു ഞാൻ വിളിച്ചു പറഞ്ഞാലും, എനിക്കു മറുപടി കിട്ടുന്നില്ല;
ഞാൻ ഉറക്കെ നിലവിളിച്ചാലും എനിക്കു നീതി ലഭിക്കുന്നില്ല.
8കടന്നുപോകാനാകാത്തവിധം എന്റെ വഴി അവിടുന്ന് അടച്ചുകളഞ്ഞു;
എന്റെ പാതകളിൽ അവിടുന്ന് ഇരുൾ പരത്തി.
9അവിടുന്ന് എന്റെ മഹത്ത്വം എന്നിൽനിന്ന് ഉരിഞ്ഞെടുത്തു;
എന്റെ ശിരസ്സിൽനിന്നു കിരീടം എടുത്തുകളഞ്ഞു.
10എല്ലാ വശത്തുകൂടെയും അവിടുന്ന് എന്നെ തകർക്കുന്നു;
എന്റെ കഥ കഴിഞ്ഞിരിക്കുന്നു.
വൃക്ഷത്തെ എന്നപോലെ എന്റെ പ്രത്യാശയെ പിഴുതെറിഞ്ഞിരിക്കുന്നു;
11അവിടുത്തെ ക്രോധം എന്റെ നേരേ ജ്വലിച്ചിരിക്കുന്നു.
അവിടുന്ന് എന്നെ ശത്രുവായി എണ്ണുന്നു.
12അവിടുത്തെ സൈന്യം എനിക്കെതിരെ അണിയായി വരുന്നു;
അവർ എനിക്കെതിരെ ഉപരോധമുയർത്തി,
എന്റെ കൂടാരത്തിനു ചുറ്റും പാളയമടിച്ചിരിക്കുന്നു.
13ദൈവം എന്റെ സഹോദരന്മാരെ
എന്നിൽനിന്ന് അകറ്റി എന്റെ പരിചയക്കാരെ അന്യരാക്കിത്തീർത്തു.
14ബന്ധുജനങ്ങളും മിത്രങ്ങളും എന്നെ ഉപേക്ഷിച്ചു.
15എന്റെ വീട്ടിൽ ആതിഥ്യം ആസ്വദിച്ചവർ എന്നെ മറന്നിരിക്കുന്നു;
എന്റെ ദാസികൾ എന്നെ അപരിചിതനായി ഗണിക്കുന്നു.
അവരുടെ ദൃഷ്‍ടിയിൽ ഞാനൊരു പരദേശി മാത്രം.
16എന്റെ ഭൃത്യൻ വിളിച്ചാൽ വിളി കേൾക്കുന്നില്ല;
എനിക്ക് അവനോടു യാചിക്കേണ്ടിവരുന്നു.
17എന്റെ ഭാര്യ എന്നോട് അറപ്പുകാട്ടുന്നു.
എന്റെ കൂടപ്പിറപ്പുകൾ എന്നെ വെറുക്കുന്നു.
18കൊച്ചുകുട്ടികൾകൂടി എന്നെ നിന്ദിക്കുന്നു.
എന്നെ കാണുമ്പോൾ അവർ പരിഹസിക്കുന്നു;
19എന്റെ പ്രാണസ്നേഹിതന്മാർ എന്നെ വെറുക്കുന്നു.
എന്റെ ഉറ്റസ്നേഹിതർ ശത്രുക്കളായി മാറിയിരിക്കുന്നു;
20എന്റെ ശരീരം എല്ലും തൊലിയുമായി,
എന്റെ പല്ലും കൊഴിഞ്ഞിരിക്കുന്നു.
21എന്റെ സ്നേഹിതരേ, എന്നോടു കരുണ കാട്ടുവിൻ!
എന്നോടു കരുണ കാട്ടുവിൻ!
ദൈവത്തിന്റെ കരം എന്നെ തകർത്തിരിക്കുന്നു.
22ദൈവത്തെപ്പോലെ, നിങ്ങളും എന്നെ വേട്ടയാടുന്നതെന്ത്?
ഞാൻ എല്ലും തോലുമായിട്ടും നിങ്ങൾക്ക് തൃപ്തിയായില്ലേ?
23എന്റെ വാക്കുകൾ എഴുതിവച്ചിരുന്നെങ്കിൽ!
അവ ഒരു പുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്നെങ്കിൽ!
24എന്നേക്കും നിലനില്‌ക്കത്തക്കവിധം നാരായവും ഈയവുംകൊണ്ട്
അതു പാറയിൽ വരഞ്ഞുവച്ചിരുന്നെങ്കിൽ!
25എന്റെ വീണ്ടെടുപ്പുകാരൻ ജീവിക്കുന്നെന്നും
അവിടുന്ന് അവസാനം എനിക്കു ന്യായം നടത്തിത്തരാൻ
എഴുന്നേല്‌ക്കുമെന്നും ഞാനറിയുന്നു.
26എന്റെ ചർമം ഇങ്ങനെ നശിച്ചാലും
# 19:26 ഞാൻ ദേഹരഹിതനായി = ദേഹസഹിതനായി എന്നുമാകാം. എബ്രായമൂലം അവ്യക്തം. ഞാൻ ദേഹരഹിതനായി ദൈവത്തെ കാണും.
27ഞാൻതന്നെ അവിടുത്തെ കാണും;
എന്റെ കണ്ണുകൾ അവിടുത്തെ കാണും;
എന്റെ ഹൃദയം കാത്തിരുന്നു തളരുന്നു;
28‘നാം എങ്ങനെ അയാളെ പിന്തുടരും;
അയാളിൽ നാം എങ്ങനെ കുറ്റം ആരോപിക്കും’ എന്നു നിങ്ങൾ പറയുന്നുവെങ്കിൽ
29വാളിനെ ഭയപ്പെടുക; ദൈവകോപം നിങ്ങളെ വെട്ടും;
അങ്ങനെ ന്യായവിധിയുണ്ടെന്നു നിങ്ങൾ അറിയും”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

JOBA 19: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക