JOBA 18
18
ബിൽദാദ് സംസാരിക്കുന്നു
1ശൂഹ്യനായ ബിൽദാദ് പറഞ്ഞു:
2“എത്രനേരം നീ ഇങ്ങനെ
വാക്കുകളുടെ പിന്നാലെ പായും?
ചിന്തിക്കുക, പിന്നെ നമുക്കു സംസാരിക്കാം.
3ഞങ്ങളെ കാലികളെന്നു കരുതുന്നതെന്ത്?
നിന്റെ നോട്ടത്തിൽ ഭോഷന്മാരോ ഞങ്ങൾ?
4കോപംകൊണ്ടു സ്വയം കടിച്ചുകീറുന്ന
നിനക്കുവേണ്ടി ഭൂമി ശൂന്യമായിത്തീരണമോ?
പാറ സ്വസ്ഥാനത്തുനിന്നു മാറണമോ?
5ദുഷ്ടന്റെ ദീപം പൊലിഞ്ഞു.
അവന്റെ തിരിനാളം പ്രകാശിക്കുന്നില്ല.
6അവന്റെ കൂടാരത്തിലെ വെളിച്ചം ഇരുണ്ടുപോകുന്നു.
അവന്റെമേൽ പ്രകാശിക്കുന്ന ദീപം അണച്ചിരിക്കുന്നു.
7അവന്റെ ഉറച്ച കാലടികൾ ഇടറുന്നു.
അവന്റെ സൂത്രങ്ങൾതന്നെ അവനെ വീഴ്ത്തുന്നു.
8അവൻ സ്വയം ചെന്നു വലയിൽ കുരുങ്ങുന്നു.
ചതിക്കുഴിക്കു മീതെയാണ് അവൻ നടക്കുന്നത്.
9അവന്റെ കുതികാലിൽ കുരുക്കു മുറുകുന്നു.
അവൻ കുടുക്കിൽ അകപ്പെടുന്നു.
10അവനെ പിടികൂടാൻ കുരുക്കുകയർ നിലത്ത് ഒളിച്ചുവച്ചിരിക്കുന്നു.
അവനുവേണ്ടി ഒരു കെണി വഴിയിൽ വച്ചിട്ടുണ്ട്.
11എല്ലാ വശത്തുനിന്നും കൊടുംഭീതികൾ അവനെ ഭയപ്പെടുത്തുന്നു.
അവ അവനെ വേട്ടയാടുന്നു.
12വിശപ്പുകൊണ്ട് അവന്റെ ശക്തി ക്ഷയിച്ചു പോകുന്നു.
ഇടറിയാൽ മതി; വിനാശം തീർച്ച.
13മാരകമായ ത്വക്ക്‍രോഗം അവന്റെ ശരീരത്തെ ആകമാനം ബാധിക്കുന്നു;
അത് അവന്റെ അവയവങ്ങളെ നശിപ്പിക്കുന്നു.
14ആശ്രയംവച്ച കൂടാരത്തിൽനിന്ന് അവൻ പറിച്ചുമാറ്റപ്പെടുന്നു.
ഭീകരതയുടെ രാജാവിന്റെ അടുക്കലേക്ക് അവൻ നയിക്കപ്പെടുന്നു.
15അന്യർ അവന്റെ കൂടാരം കൈവശമാക്കി,
അവന്റെ പാർപ്പിടത്തിന്മേൽ ഗന്ധകം പെയ്തു.
16അവന്റെ വേരുകൾ കരിയുന്നു.
ചില്ലകൾ വാടിപ്പോകുന്നു.
17അവനെക്കുറിച്ചുള്ള ഓർമപോലും ഭൂമിയിൽ അവശേഷിക്കുകയില്ല;
തെരുവീഥിയിൽ അവന്റെ പേർ ഓർമിക്കപ്പെടുകയില്ല;
18വെളിച്ചത്തിൽനിന്ന് തമസ്സിലേക്ക് അവനെ ആഴ്ത്തും;
ഭൂമിയിൽനിന്ന് അവനെ പലായനം ചെയ്യിക്കും.
19സ്വജനത്തിന്റെ ഇടയിൽ അവന്റെ സന്തതിയോ വംശമോ ശേഷിക്കുകയില്ല;
അവന്റെ പാർപ്പിടം അന്യംനിന്നുപോകും.
20പശ്ചിമപൂർവദിഗ്വാസികൾ അവന്റെ
അവസാനം കണ്ട് അദ്ഭുതപരതന്ത്രരാകും.
21ദുഷ്ടന്റെ വാസസ്ഥലം ഇങ്ങനെ നശിക്കുന്നു.
ദൈവത്തെ അറിയാത്തവന്റെ പാർപ്പിടം ഇങ്ങനെയാണ്.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
JOBA 18: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
![None](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2F58%2Fhttps%3A%2F%2Fweb-assets.youversion.com%2Fapp-icons%2Fml.png&w=128&q=75)
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.